തിരുവനന്തപുരം: കലുഷിതമായ ഇക്കാലത്ത് ജാതിയും മതവും അടിസ്ഥാനമാക്കി വേർതിരിവ് പടർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇതിനെ പ്രതിരോധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സർവകലാശാലയുടെ 2019ലെ ഒഎൻവി പുരസ്കാരം കഥാകൃത്ത് ടി പത്മനാഭന് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെട്ടകാലമാണെങ്കിൽ കെട്ടകാലത്തെക്കുറിച്ചുള്ള കഥകളും കവിതകളും ഇന്ത്യയിൽ ഉയരേണ്ടതുണ്ട്. ഉത്കണ്ഠാകുലമായ കാലത്ത് സാഹിത്യകാരൻമാർക്ക് ഒഴിഞ്ഞുനിൽക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.സമൂഹത്തെക്കുറിച്ച് കരുതലും ഉത്കണ്ഠയും ഒരുപോലെ പങ്കിട്ട സാഹിത്യകാരൻമാരാണ് ഒഎൻവി കുറുപ്പും ടി പത്മനാഭനും. കാലത്തിനുമുന്നിൽ കണ്ണടച്ചിരുന്ന് സാഹിത്യരചന നടത്തിയവരല്ല അവർ. സമൂഹത്തിന്റെ ജ്വലിക്കുന്ന സത്യങ്ങളെ അവർ പ്രതിഫലിപ്പിച്ചു. കാലത്തിനുമുന്നിൽ പുറംതിരിഞ്ഞു നിൽക്കാൻ സാഹിത്യകാരന് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
you may also like this video
സർവകലാശാല ക്യാമ്പസിലെ ഒഎൻവി സ്മൃതി മന്ദിരത്തിൽ ഒഎൻവിയുടെ അർധകായ പ്രതിമയുടെ അനാച്ഛാദനവും മുഖ്യമന്ത്രി നിർവഹിച്ചു. ഒഎൻവിയോട് എന്നും കടപ്പാട് മനസിൽ സൂക്ഷിക്കുന്ന ആളാണ് താനെന്ന് പുരസ്കാരം സ്വീകരിച്ച ടി പത്മനാഭൻ പറഞ്ഞു. ചടങ്ങിൽ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. വിപി മഹാദേവൻ പിള്ള അധ്യക്ഷത വഹിച്ചു. ഒഎൻവിയെക്കുറിച്ച് ഡോ. സിദ്ദീഖ് എം എ എഡിറ്റുചെയ്ത് സർവകലാശാല മലയാള വിഭാഗം പ്രസിദ്ധീകരിച്ച ‘പക്ഷിയുടെ ആത്മാവുള്ള കവി’ എന്ന പുസ്തകം ഒഎൻവിയുടെ സഹധർമ്മിണി സരോജിനി ടീച്ചർ പ്രകാശനം ചെയ്തു.
പ്രോവൈസ് ചാൻസലർ പ്രൊഫ. പിപി അജയകുമാർ പുസ്തകം സ്വീകരിച്ചു. പ്രതിരോധത്തിന്റെ കാലം എന്ന വിഷയത്തിൽ ഒഎൻവി സ്മാരക പ്രഭാഷണം ഡോ. രാജാ ഹരിപ്രസാദ് നിർവഹിച്ചു. സിൻഡിക്കേറ്റ് അംഗം ഡോ. എസ് നസീബ് പ്രശസ്തിപത്ര അവതരണം നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.