ശാസ്ത്രം രാഷ്ട്രീയമാകണോ? രാഷ്ട്രീയം ശാസ്ത്രീയമാകണോ?

Web Desk
Posted on September 15, 2019, 10:05 am

അജിത് എസ് ആര്‍

രണ്ടാം ചാന്ദ്രയാന്‍ അന്തിമനിമിഷത്തില്‍ അപ്രതീക്ഷിതമായി നല്‍കിയ തിരിച്ചടിയില്‍ വിങ്ങിപ്പൊട്ടിക്കരഞ്ഞുപോയ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ: കെ ശിവനെ പ്രധാനമന്ത്രി നരേന്ദ്രമോഡി ആശ്വസിപ്പിക്കുന്ന ദൃശ്യം നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായത്. മോദിഭക്തരല്ലാത്തവരുടെ പോലും മനസ്സ് കീഴടക്കിക്കളഞ്ഞു ആ ദൃശ്യം. ഒരു രാജ്യത്തിന്റെ കോടികള്‍ മുടക്കിയുള്ള പര്യവേഷണപദ്ധതി, അതും ഒരു നൂറായിരം സവിശേഷതകളുള്ളത് അവസാനഘട്ടത്തില്‍ ലക്ഷ്യം കാണാതെ പോകുമ്പോള്‍ ആരുമൊന്ന് പതറിപ്പോകും. അതൊരു വിങ്ങിപ്പൊട്ടലിലേക്കും വഴുതിയേക്കാം. തക്കസമയത്തുള്ള ഒരു ഭരണാധികാരിയുടെ കെട്ടിപ്പിടിക്കലും തൊട്ടുതലോടലും കരയുന്നയാള്‍ക്കും കാണുന്നവര്‍ക്കും നല്‍കുന്ന ആശ്വാസവും ചെറുതാണെന്ന് കരുതാനാവില്ല. പക്ഷെ അത്രയും ആശ്വാസഭരിതമായ ആ ഒരു ‘ശരി’ യെ അത്രയും നിഷ്‌കളങ്കമായി കണ്ടുമാറ്റിവെക്കാന്‍ ആ ദൃശ്യവും ഇവിടത്തെ ചരിത്രവും സമ്മതിക്കുന്നില്ല. ശാസ്ത്രാവബോധത്തിന് രാഷ്ട്രീയവുമായുള്ള ബന്ധം അത്രയേറെ സങ്കീര്‍ണമാണ്. എത്ര ഒളിഞ്ഞിരുന്നാലും അത് പരിശോധിക്കപ്പെടുകതന്നെ വേണം. കാരണം ഒരു ജനതമുഴുവന്‍ ശാസ്ത്രീയ മനോവൃത്തിയുള്ളവരായിരിക്കണമെന്ന് രേഖാമൂലം ശാഠ്യം പിടിക്കുന്ന ഭരണഘടനയുള്ള നാട്ടിലാണ് നാം ജീവിക്കുന്നത്.

ചാന്ദ്രയാന്‍ 1 ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങി വിജയം കണ്ട ദിനം, 2008 നവംബര്‍ 14 ഇന്ത്യന്‍ ബഹിരാകാശഗവേഷണത്തിന് പച്ചക്കൊടി കാട്ടിയ ജവഹര്‍ലാല്‍ നെഹ്‌റു എന്ന ആദ്യപ്രധാനമന്ത്രിയുടെ ജന്മവാര്‍ഷികമായിരുന്നു എന്നത് തികച്ചും യാദൃച്ഛികം മാത്രമായിരുന്നു. എന്നാല്‍ സ്വതന്ത്ര ഇന്ത്യയില്‍ ഡോ. ഹോമി ജെ ഭാഭയെയും ഡോ. വിക്രം സാരാഭായിയെയും തലപ്പത്ത് പ്രതിഷ്ഠിച്ചുകൊണ്ട് ബഹിരാകാശാത്തേക്കുള്ള വാതിലുകള്‍ തുറന്ന നെഹ്‌റുവിന്റെ രാഷ്ട്രീയതീരുമാനം ഒട്ടും യാദൃച്ഛികമായിരുന്നില്ല. അന്ധവിശ്വാസജടിലമായ ഒരു രാജ്യവും ജനതയും ഒരിഞ്ചെങ്കിലും മുന്നോട്ട് നീങ്ങണമെങ്കില്‍ ഈ രാജ്യത്തെ അനിവാര്യമായ മതം ശാസ്ത്രത്തിന്റേതായിരിക്കണം എന്ന വലിയ തിരിച്ചറിവായിരുന്നു അതിന്റെ പിന്നില്‍. ശാസ്ത്രം എല്ലായ്‌പ്പോഴും ശുദ്ധശാസ്ത്രമായിമാത്രം നിലനില്‍ക്കുന്നില്ല, വന്‍ പദ്ധതികള്‍ക്ക് വന്‍ ചെലവ് വേണ്ടിവരുന്നതുകൊണ്ട് ചിലപ്പോഴെങ്കിലും അത് രാഷ്ട്രീയത്തിന്റെ നെഞ്ചില്‍ ചായാറുണ്ട്. പക്ഷെ അപ്പോഴും അത് ഭരണകൂടത്തിന് ഗീര്‍വാണമടിക്കാനുള്ള ഒരു പദ്ധതിയായിരിക്കരുതെന്നും മാനവരാശിയുടെ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തിന്റെ ആവിഷ്‌കാരമായിരിക്കണമെന്നുമുള്ള നിര്‍ബന്ധമുണ്ടായിരുന്നു നെഹ്റുവിന്. നെഹ്റു വ്യത്യസ്തനാവുന്നതും അങ്ങിനെയാണ്.

ശാസ്ത്രത്തെ സംബന്ധിച്ച ആഴമേറിയ ധാരണകളുള്ള ഒരാളായിരുന്നു അദ്ദേഹം. ശാസ്ത്രീയ മനോവൃത്തി എന്ന വാക്ക് ആദ്യമായി ഇന്ത്യക്കാരന് സമ്മാനിച്ചതും അദ്ദേഹമായിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യപ്രധാനമന്ത്രിയായി അധികാരമേല്ക്കുമ്പോള്‍ സ്വന്തം ശാസ്ത്ര ഉപദേഷ്ടാവായി അദ്ദേഹം കൂടെ കൂട്ടിയത് പാട്രിക് ബഌക്കറ്റ് എന്ന ശാസ്ത്രജ്ഞനെയായിരുന്നു എന്നത് ഇനിയും വായിക്കപ്പെടേണ്ട ചരിത്രമാണ്. ശാസ്ത്രലോകത്ത് അധികം കാണാനാവാത്ത ഇടതു മനോഭാവത്തിന്റെ പ്രയോക്താവും ഭൗതികശാസ്ത്രത്തില്‍ നോബല്‍സമ്മാനം ലഭിച്ചയാളുമാണ് പാട്രിക് എന്ന് മനസിലാക്കുമ്പോഴാണ് നെഹ്‌റുവിന്റെ ശാസ്ത്രത്തോടുള്ള സമീപനം വ്യക്തമാകുന്നത്. നെഹ്‌റുവിന് ശാസ്ത്രം ഒരു വികാരമായിരുന്നു. പക്ഷെ ശാസ്ത്രത്തോടുള്ള സമീപനം ഒട്ടും വികാരപരമായിരുന്നില്ല അത് തീര്‍ത്തും യുക്തിപരമായിരുന്നു ഇന്നത്തെ ഭരണാധികാരികള്‍ പലര്‍ക്കുമില്ലാത്തത്ര യുക്തിഭദ്രം. എം എസ് സുബ്ബലക്ഷ്മിയുടെയും ലതാമങ്കേഷ്‌കറുടെയും സ്വരമാധുരിയില്‍ പലപ്പോഴും നനഞ്ഞുപോയ നെഹ്‌റുവിന്റെ കണ്ണുകളില്‍ എപ്പോഴും നിറഞ്ഞുനിന്ന ശാസ്ത്രബോധം യുക്തികൊണ്ട് അചഞ്ചലമായ ഒന്നായിരുന്നുവെന്നോര്‍ക്കണം.

ഇന്ത്യയുടെ ദാരിദ്ര്യവും പട്ടിണിയും മാറ്റാനുള്ള ഏറ്റവും നല്ല പരിഹാരം ശാസ്ത്രം തന്നെയാണ്’ ശാസ്ത്രജ്ഞനല്ലാതിരുന്നിട്ടും 1937 ല്‍ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിലെ അധ്യക്ഷപദവിയിലിരുന്നു പറഞ്ഞ ആ വാചകം കൊണ്ട് നെഹ്‌റു അടിവരയിടുന്നത് ശാസ്ത്രനേട്ടങ്ങളുടെ ജനകീയതയ്ക്കാണ.് അതിന്റെ ദേശീയതയ്ക്കല്ല. ശാസ്ത്രത്തിന് ഒറ്റ വഴിയേയുള്ളു, അത് യുക്തിയുടെയും കൃത്യതയുടെയും പരീക്ഷണത്തിന്റെയും വഴിയാണ്. എന്നാല്‍ രാഷ്ട്രാധികാരഘടനക്കുള്ളില്‍ അതിന് പലപ്പോഴും ദേശീയതയുടെയും ദേശസ്‌നേഹത്തിന്റെയും ദല്ലാള്‍ പണിയേല്‍ക്കേണ്ടിവരുന്നത് ചരിത്രത്തില്‍ പലയിടത്തും കാണാം. പ്രത്യേകിച്ച് ബഹിരാകാശസഞ്ചാരപഥങ്ങളില്‍.
ബഹിരാകാശ പദ്ധതികള്‍ സമാരംഭിക്കുന്ന അമ്പതുകളില്‍ ഒരു ദശകം മുഴുവന്‍ ചെലവിട്ട ബജറ്റ്തുകയേക്കാള്‍ കൂടുതല്‍ തുക ഗവേഷണത്തിനായി മാറ്റിവെച്ചുകൊണ്ട് അമേരിക്കയില്‍ പ്രസിഡന്റ് കെന്നഡി, മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ ശാസ്ത്രനേട്ടങ്ങളേക്കാള്‍ ശീതയുദ്ധവും ദേശസ്‌നേഹവുമായിരുന്നു അദ്ദേഹത്തിന് പ്രധാനം. 1963 നവംബര്‍ 21ന് കേപ് കനാവെരില്‍ എന്ന സ്‌പേസ് സെന്ററില്‍ നിന്നുകൊണ്ട് പതിനായിരങ്ങളോട് കെന്നഡി പറഞ്ഞത് പക്കാ രാഷ്ട്രീയമായിരുന്നു, അത് അല്പം പോലും സയന്‍സായിരുന്നില്ല. പതിനായിരങ്ങളുടെ ഹര്‍ഷാരവങ്ങള്‍ ഏറ്റുവാങ്ങികൊണ്ട് കെന്നഡി പറഞ്ഞു ‘ആകാശത്ത് രണ്ടാമനാകാന്‍ അമേരിക്കയില്ല.’ എന്നിട്ടും മതിയാവാതെ കെന്നഡി കൂട്ടിച്ചേര്‍ത്തു. ‘സംശയം വേണ്ട ആകാശമെന്നാല്‍ രാജ്യത്തിന്റെ കരുത്ത് കാട്ടാനാകുന്ന ഇടമാണ്’.

നവംബര്‍ 22 ന് കെന്നഡി വധിക്കപ്പെട്ടു. വെറും ആറു ദിവസത്തിനുള്ളില്‍ അടുത്ത പ്രസിഡണ്ട് ലിന്റന്‍ ജോണ്‍സണ്‍, കെന്നഡി സംസാരിച്ച കേപ് കനാവെറലിന് കെന്നഡി കനാവെരല്‍ എന്ന പേര് നല്‍കുകയും അതേയിടത്തുനിന്ന് ആറുവര്‍ഷത്തിനുള്ളില്‍ ചന്ദ്രനില്‍ ആദ്യമായി ആളെയിറക്കുകയും ചെയ്തുകൊണ്ടാണ് ശാസ്ത്രനേട്ടത്തെ മുന്‍നിര്‍ത്തി അമേരിക്ക ശീതസമരകാലത്തെ രാഷ്ട്രീയനേട്ടം കൊയ്‌തെടുത്തത്. അഥവാ ശാസ്ത്രനേട്ടങ്ങള്‍ അതിന്റെ കുപ്പിയില്‍നിന്ന് ‘രാഷ്ട്ര’നേട്ടമായും പൂത്തുലയുന്ന ദേശീയതയായും കൂടുമാറി രാജ്യസ്‌നേഹത്തിന്റെ കുപ്പിയില്‍ കൂടുകേറൂമെന്നത് അതിന്റെ ജന്മ സ്വഭാവമാണെന്ന് ചരിത്രം.
ആദ്യമായി ബഹിരാകാശത്ത് സഞ്ചരിച്ചുവന്ന യൂറിഗഗാറിന്‍, ‘ഞാനെന്റെയീ നേട്ടം എന്റെ ജന്മഭൂമിക്കും പാര്‍ട്ടിക്കും സമര്‍പ്പിക്കുന്നു‘വെന്നാണ് പറഞ്ഞത്. 1984 ല്‍ ‘അവിടെനിന്ന് താഴേക്ക് നോക്കുമ്പോള്‍ ഇന്ത്യയെ എങ്ങനെ കാണുന്നു?’ എന്ന ഇന്ദിരാഗാന്ധിയുടെ ചോദ്യത്തിന് ബഹിരാകാശത്ത് നിന്നുകൊണ്ട് ആദ്യത്തെ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ്മ പറഞ്ഞതും ‘സാ രെ ജഹാന്‍ സെ അച്ചാ’ എന്നായിരുന്നുവല്ലോ. 1998 മെയ്മാസത്തില്‍ അടല്‍ബിഹാരി വാജ്പേയിയുടെ കാര്‍മ്മികത്വത്തില്‍ അണുബോംബ് പരീക്ഷിച്ചപ്പോള്‍ ഡല്‍ഹിയിലെ പതിനായിരങ്ങള്‍ ആനന്ദനൃത്തം ചവിട്ടിയതും തലയ്ക്കു പിടിച്ച രാജ്യമഹിമയുടെ പേരിലായിരുന്നു. ചന്ദ്രയാന്‍ 2 നു ശേഷം ‘ആ നൂറു നിമിഷങ്ങളില്‍ ഇന്ത്യ ഒറ്റക്കെട്ടായി‘എന്ന് മോഡി പറയുന്നതും ഇതേ ദേശീയതയല്ലാതെ മറ്റൊന്നുമല്ല. അങ്ങനെയാണ് ആ ‘കെട്ടിപ്പിടി’ ചന്ദ്രയാനത്തിന്റെ ദൃശ്യങ്ങളേക്കാള്‍ വലിയ വൈറലായത്. ചുരുക്കത്തില്‍ സിംഹാസനവും മട്ടുപ്പാവും കൊട്ടാരവും കോട്ടമതിലും പിന്നെ അതിര്‍ത്തിഭൂമിയും കടന്ന് ‘നാഷണാലിറ്റി’ ആകാശത്തിലേക്ക് കുടിപാര്‍ത്തിരിക്കുന്നു. ആകാശമെന്നാല്‍ കരുത്തുകാട്ടാനുള്ള ഇടമെന്ന വാചകം തര്‍ക്കങ്ങള്‍ക്ക് വഴങ്ങാതെ അടിയുറച്ചു പോയിരിക്കുന്നു. നാണയം, നികുതി, നിയമം, പതാക, ഭാഷ, അതിര്‍ത്തി, സിനിമ, എഴുത്ത്, എന്നുവേണ്ട സര്‍വ്വതുംപോലെ ശാസ്ത്രവും ദേശഭക്തിക്കൂട്ടിലാണ്.

ദേശഭക്തി ശാസ്ത്രത്തിന്റെയോ ശാസ്ത്രനേട്ടത്തിന്റെയോ ശാസ്ത്രജ്ഞന്റെയോ പരിധിയില്‍ വരുന്ന ഒന്നല്ല. ശാസ്ത്രത്തില്‍ ഭക്തിതന്നെയില്ല. അതിന് രാജ്യസ്‌നേഹവുമില്ല. കാരണം അതിന്റെ രാജ്യം മാനവരാശിയുടെ ചിന്താമണ്ഡലം മാത്രമാണ്. അതിന്റെ ഭാഷ യുക്തിയുടേതാണ്. ശാസ്ത്രവും ശാസ്ത്രജ്ഞരും യുക്തിയുടെ സാമ്രാജ്യത്തിലുള്ളവരാണ്. ചന്ദ്രനിലിറങ്ങിയ നീല്‍ ആംസ്‌ട്രോങ്ങ് ഭൂമിയിലേക്ക് അയച്ച ആദ്യ സന്ദേശം മറ്റുള്ളവയില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു. ‘ഇത് മനുഷ്യന്റെ ചെറിയൊരു കാല്‍വെയ്പ്. എന്നാല്‍ മാനവരാശിയുടെ കുതിച്ചുചാട്ടം’ ഇതായിരുന്നു ആ ശബ്ദസന്ദേശം. ശാസ്ത്രവും ആകാശവും മാനവരാശിക്ക് മാത്രം സ്വന്തമെന്ന ഉറച്ച ശബ്ദം! ഒരു നീലനെല്ലിക്ക പോലെ ആകാശത്തുനിന്ന് സ്വയം തിരിയുന്ന ഭൂമിയെ കാണുന്നൊരാള്‍ക്ക് എങ്ങനെയാണ് അതിന്റെ പുറംമേനിയില്‍ രാജ്യാതിര്‍ത്തികള്‍ വരച്ചുചേര്‍ക്കാനാവുക. ഭൂമിയിലെ ‘ഠ’ വട്ടത്തില്‍ ചുരുങ്ങിനില്‍ക്കുന്ന ഒരാളുടെ കല്‍പനമാത്രമല്ലേ രാജ്യാതിര്‍ത്തികള്‍, ശാസ്ത്രനേട്ടങ്ങള്‍ക്കെന്തതിര്‍ത്തി?
ശാസ്ത്രവും ദേശീയതും എന്നത് ഏറെ ചെയ്യപ്പടേണ്ട ഒന്നാണ് പ്രത്യേകിച്ച് ഇന്നത്തെ പുതിയ സന്ദര്‍ഭങ്ങളില്‍. ഐഎസ്ആര്‍ഒ ചെയര്‍മാന്റെ സങ്കടം എന്നത് മനുഷ്യരാശിക്ക് ലഭിക്കേണ്ട ഒരു വന്‍വിജയം പ്രതീക്ഷിച്ച പോലെ ലക്ഷ്യം കാണാതെ പോയതുമൂലമാണെന്ന് കരുതാന്‍ നമുക്ക് ന്യായമുണ്ട്. എന്നാല്‍ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് പോലും ചെരിപ്പിടാനാവാതെയും പാടത്ത് അച്ഛനെ സഹായിക്കാതെ ജീവിക്കാനാവാതെയും ജീവിതം തള്ളിനീക്കിയ ഒരാള്‍ രാജ്യത്തിന്റെ ഇത്രയും വലിയ ചുക്കാന്‍ പിടിക്കാന്‍ നിയുക്തനായത് ഏതായാലും അദ്ദേഹത്തിന്റെ ദേശഭക്തി കൊണ്ടാവാനൊരു വഴിയുമില്ല. മറിച്ച് കഠിനപ്രയത്‌നവും ശാസ്ത്രത്തിന്റെ നിക്ഷ്പക്ഷതയുമാണതിന് കാരണം. ശാസ്ത്രം നിര്‍ഭയമായ നിക്ഷ്പക്ഷത പുലര്‍ത്തുന്ന ഒന്നാണ്. അവിടെ ശിവനെപ്പോലൊരാള്‍ക്ക് ഉറപ്പായും ഇടമുണ്ടാകും. രാഷ്ട്രീയത്തിന്റെ വഴികളേയല്ല അത്. ‘133 കോടി ജനങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്’ എന്നൊരു ഭരണത്തലവന്‍ ചെയര്‍മാനെ പുണര്‍ന്നുപറയുമ്പോള്‍ അതില്‍ നിറഞ്ഞുതുളുമ്പുന്ന ആവേശവും രാജ്യസ്‌നേഹവും ദേശഭക്തിയും അരിച്ചെടുക്കാനായേക്കാം. പക്ഷെ രണ്ടുകാരണങ്ങള്‍കൊണ്ട് അതില്‍ ശാസ്ത്രയുക്തി ലവലേശമില്ല,
ഒന്ന് : ശാസ്ത്രത്തിന്റെ ഇത്രയും വലിയൊരു കുതിച്ചുചാട്ടം 133 കോടി വരുന്ന ഒരു രാജ്യത്തിന് മാത്രമുള്ളതല്ല, മറിച്ച അത് ലോകത്തെ 750 കോടി ജനങ്ങള്‍ക്ക് കൂടിയുള്ളതാണ്. ശാസ്ത്രത്തിന്റെ അളവുകോല്‍ ദേശീയതയല്ല. അത് വളര്‍ന്നത് ജനതതികളുടെ അടങ്ങാത്ത അന്വേഷണത്തില്‍നിന്ന് മാത്രമാണ്.

രണ്ടാമത്തെ കാരണമാകട്ടെ, ഈ ആവേശനിര്‍മ്മാതാക്കള്‍ 133 കോടി ജനതക്കു നല്‍കുന്ന സന്ദേശം ഒരിക്കലും ശാസ്ത്രീയമായിരുന്നില്ല എന്നതാണ്. ഗണപതി പ്ലാസ്റ്റിക് സര്‍ജ്ജറിയാണെന്നും പശു ഓക്‌സിജന്‍ വിടുന്നെന്നും മയില്‍ കണ്ണിലൂടെ പ്രജനനം നടത്തുന്നെന്നും പൗരാണികഭാരതം സ്‌പേസ്‌ജെറ്റുകളുടെ താവളമാണെന്നും മറ്റും ശാസ്ത്ര കോണ്ഗ്രസില്‍ വരെ ചെന്ന് വീമ്പിളക്കി കസര്‍ത്ത് നടത്തുന്നവര്‍ക്കെന്തോ ‘ശാസ്ത്രീയ’ പ്രശ്‌നമില്ലേ? ഇല്ല എന്നാണെങ്കില്‍ ഈ ലേഖനം തന്നെ അസാധുവാണെന്ന് പറയാനും മടിയില്ല.
ദേശീയതയാണോ ശാസ്ത്രീയതയാണോ ചന്ദ്രയാനെ വിജയപഥത്തിലെത്തിച്ചത് എന്ന ലളിതമായ അന്വേഷണവും ഇന്ത്യന്‍ ദേശീയതയുടെ ശാസ്ത്രവിരുദ്ധതയുമാണ് ആ കെട്ടിപ്പിടിക്കലിനെയും ആശ്വസിപ്പിക്കലിനേയും കാലത്തിന്റെ അനിവാര്യമായ ചോദ്യങ്ങളാക്കുന്നത്.