Web Desk

August 04, 2021, 1:34 pm

വാര്‍ദ്ധക്യത്തില്‍ ഉണ്ടാവുന്ന തോളുവേദന

Janayugom Online

ചെറുതും വലുതുമായ പല കാരണങ്ങള്‍ കൊണ്ടും തോളില്‍ വേദനയുണ്ടാകാം. പ്രായം കൂടും തോറും തോളുമായി ബന്ധപെട്ടുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുന്നു.

പെരി ആര്‍ത്രൈറ്റിസ്

വാര്‍ദ്ധക്യത്തില്‍ ഉണ്ടാകുന്ന തോളു വേദനയില്‍ അധികവും സന്ധിയുടെ ആവരണമായ ക്യാപ്സൂള്‍ ചുരുങ്ങുന്നത് മൂലമാണ്. ഇതിനെ പെരിആര്‍ത്രൈറ്റിസ് അഥവാ ഫ്രോസണ്‍ ഷോള്‍ഡര്‍ എന്ന് വിളിക്കുന്നു. സ്ത്രീകളില്‍ കൂടുതലായി കാണപ്പെടുന്ന ഈ രോഗം പ്രമേഹ രോഗികളിലും തൈറോയ്ഡ് രോഗികളിലും അമിതമായി കാണപ്പെടുന്നു. തുടക്കത്തില്‍ തോളിനു ചുറ്റും വേദന ആയാണ് ഇത് രൂപപ്പെടുന്നത്. പിന്നീട് തോള്‍ ചലിപ്പിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. തലയ്ക്ക് മുകളിലേക്കും ശരീരത്തിന് പിറകിലേക്കും കൈ ചലിപ്പിക്കാനാണ് കൂടുതല്‍ ബുദ്ധിമുട്ട്. ഭൂരിഭാഗം രോഗികളിലും ഈ അവസ്ഥ തനിയെ മാറാറുണ്ട്. ഏകദേശം രണ്ട് വര്‍ഷം കൊണ്ട് അസുഖം പരമാവധി കൂടിയ ശേഷം പതിയെ പതിയെ കുറഞ്ഞു ബുദ്ധിമുട്ടുകള്‍ ഇല്ലാതാവുന്നു. വേദന കുറയ്ക്കാനുള്ള മരുന്നുകളും പേശികളുടെ ബലം നിലനിര്‍ത്താനുള്ള വ്യായാമങ്ങളുമാണ് ചികിത്സ. ചുരുക്കം ചിലരില്‍ ഈ അവസ്ഥ മാറാതെ നില്‍ക്കുന്നു. അങ്ങിനെയുള്ളവരില്‍ മയക്കം നല്‍കി ക്യാപ്സൂള്‍ അയച്ചു വിടണം. ഇതിനായി താക്കോല്‍ ദ്വാര ശസ്ത്രക്രിയയും ഉപയോഗിക്കാറുണ്ട്.

റോട്ടേറ്റര്‍ കഫ്

വാര്‍ദ്ധക്യത്തില്‍ ഉണ്ടാവുന്ന തോളുവേദനകളില്‍ അപകടകരമായത് റോട്ടേറ്റര്‍ കഫ് അനുബന്ധ പ്രശ്‌നങ്ങളാണ്. തോളിനു ചുറ്റുമുള്ള പേശികള്‍ സംയോജിച്ചുണ്ടാകുന്നതാണ് റോട്ടേറ്റര്‍ കഫ്. സന്ധിയില്‍ എല്ലുകളെ തമ്മില്‍ ഇത് ചേര്‍ത്ത് നിര്‍ത്തുന്നത് മൂലമാണ് അനായാസേന എല്ലാ ദിശയിലേക്കും തോള്‍ ചലിപ്പിക്കാന്‍ കഴിയുന്നത്. പ്രായമായവരില്‍ റോട്ടേറ്റര്‍ കഫ് ശോഷിച്ചതായിരിക്കും. തോളിലെ പേശികള്‍ക്ക് ബലം കുറവായത് മൂലം സമീപത്തുള്ള എല്ലുമായി ഉരസുന്നതാണ് ഇതിന്റെ കാരണം. ചെറിയ പരിക്കുകള്‍ പോലും പ്രായമായവരില്‍ റോട്ടേറ്റര്‍ കഫ് കീറുന്നതിന് കാരണമാകും. കൈ അശ്രദ്ധമായി പിറകിലേക്കും മറ്റും തിരിക്കുന്നതു പോലും ചിലരില്‍ പ്രശ്‌നമുണ്ടാക്കാം. ചെറിയ കീറലുകള്‍ പോലും കടുത്ത വേദനയും ബലക്കുറവും ഉണ്ടാക്കുന്നു. രാത്രികാലങ്ങളില്‍ ആണ് വേദന അസ്സഹനീയമാകുന്നത്. ശരിയായ രീതിയില്‍ ചികിത്സിക്കപ്പെടാതിരുന്നാല്‍ പേശികള്‍ ശോഷിച്ചു പോവുകയും സന്ധിയില്‍ തേയ്മാനമുണ്ടാവുകയും ചെയ്യുന്നു. തക്ക സമയത്ത് ചികിത്സിച്ചില്ലയെങ്കില്‍ കീറിയ ഭാഗം ഉള്ളിലേക്ക് വലിയുന്നത് മൂലം പിന്നീടുള്ള ചികിത്സ ദുഷ്‌കരമാകും. രോഗിയില്‍ നേരിട്ടുള്ള പരിശോധനയിലൂടെയാണ് ഈ അവസ്ഥ കണ്ടുപിടിക്കുന്നത്. റോട്ടേറ്റര്‍ കഫ് എത്ര ശതമാനം കീറി എന്നത് നിജപ്പെടുത്താനായി ങഞക സ്‌കാന്‍ ഉപയോഗിക്കുന്നു. കീറിയ ഭാഗം ശസ്ത്രക്രിയയിലൂടെ എല്ലിലേക്ക് ഘടിപ്പിക്കുന്നതാണ് ഇതിനുള്ള ചികിത്സ. താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ കൂടുതല്‍ കൃത്യതയോടെയും ചെറിയ മുറിവുകളിലൂടെയും തോളിനുള്ളിലെ ശസ്ത്രക്രിയകള്‍ ചെയ്യുവാനാവും. തോളിന്റെ ബലവും നിയന്ത്രണവും കൂട്ടാനുള്ള പ്രത്യേക വ്യായാമങ്ങള്‍ പരിശീലിക്കുന്നതിലൂടെ റോട്ടേറ്റര്‍ കഫ് അനുബന്ധ പ്രശ്‌നങ്ങള്‍ തടയാനാവും. കീറുന്നതിനു മുന്നോടിയായി നീര്‍ക്കെട്ട് മൂലം സമാനമായ വേദനയും ബുദ്ധിമുട്ടുകളും ഉണ്ടാവാം. അങ്ങിനെയുള്ളവരില്‍ തോളിനുള്ളില്‍ നേര്‍ത്ത സൂചി കൊണ്ട് മരുന്ന് കുത്തിവച്ച ശേഷം വ്യായാമങ്ങള്‍ പരിശീലിപ്പിക്കുന്നതിലൂടെ പ്രശ്‌നം പരിഹരിക്കാം.

തേയ്മാനം

അത്ര സാധാരണമല്ലെങ്കിലും വര്‍ദ്ധക്യത്തില്‍ ഉണ്ടാകുന്ന തോള്‍ വേദനയുടെ മറ്റൊരു കാരണമാണ് തേയ്മാനം. സന്ധിയില്‍ എല്ലുകളുടെ അഗ്രഭാഗത്തുള്ള തരുണാസ്ഥി നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ആമവാതം പോലെയുള്ള വാത രോഗങ്ങള്‍ മൂലമോ സ്വാഭാവികമായ തേയ്മാനം അമിതമാകുന്നത് കൊണ്ടോ ഇത് സംഭവിക്കാം. എല്ലുകളില്‍ മുന്‍പ് ഉണ്ടായിട്ടുള്ള പൊട്ടലുകള്‍ ചികിത്സിക്കാത്തതും മറ്റൊരു കാരണമാണ്. തോളിലെ ചലനങ്ങള്‍ വേദനാജനകമാകുന്നതാണ് രോഗലക്ഷണം. എക്‌സ് റേയിലൂടെ രോഗം സ്ഥിരീകരിക്കാം. മരുന്നുകളിലൂടെയൊ മറ്റു മാര്‍ഗങ്ങളിലൂടെയോ തരുണാസ്ഥി പുണരുജ്ജീവികുക അസാധ്യമാണ്. സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മാത്രമാണ് ഇതിനുള്ള ശാശ്വത ചികിത്സ. സന്ധിയോട് ചേര്‍ന്നുള്ള എല്ലുകളുടെ അഗ്ര ഭാഗം ലോഹവും പ്ലാസ്റ്റിക്കും ഉപയോഗിച്ചാണ് മാറ്റി വയ്ക്കുന്നത്. തേയ്മാനത്തോടൊപ്പം റോട്ടേറ്റര്‍ കഫ് കീറലും ഉള്ളവര്‍ക്ക് റിവേഴ്‌സ് ഷോള്‍ഡര്‍ റീപ്ലേസ്‌മെന്റ് എന്ന പ്രത്യേക തരം സന്ധി മാറ്റിവയ്ക്കല്‍ അനിവാര്യമാണ്.

മറ്റ് കാരണങ്ങള്‍

മറ്റേത് ശരീര ഭാഗവും പോലെ തന്നെ അണുബാധ, ട്യൂമര്‍, ഒടിവുകള്‍ എന്നിവ തോളിനെയും ബാധിക്കാം. തോളിലെ വേദനകള്‍ ഇവ മൂലമല്ല എന്ന് ഉറപ്പാക്കുന്നത് പരമപ്രധാനമാണ്. തോള്‍ പലക കോളര്‍ ബോണു മായി ചേരുന്നിടത്തു സന്ധിയില്‍ തേയ്മാനം, സമീപത്തുള്ള ബര്‍സകളില്‍ വീക്കം, പേശികളില്‍ അയവ് നഷ്ടപെടുന്നത് തുടങ്ങി മറ്റ് പല കാരണങ്ങള്‍ കൊണ്ടും തോള്‍ വേദന ഉണ്ടാകാം. ഇവയെല്ലാം വ്യായാമവും മരുന്നും കൊണ്ട് ചികിത്സിക്കാം. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന പ്രത്യേക വ്യായാമങ്ങളാണ് ഉപകരിക്കുക. അപൂര്‍വമായി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് തോളില്‍ നല്കപ്പെടുന്ന സ്റ്റിറോയ്ഡ് കുത്തിവയ്പ്പുകള്‍ വേണ്ടി വരും. വാത രോഗങ്ങള്‍ തോളിനെയും ബാധിക്കാം. വാതങ്ങള്‍ പലവിധം ആകാം എന്നതിനാല്‍ കൃത്യമായി കണ്ടെത്തി വളരെ നേരത്തെ തന്നെ മരുന്ന് കഴിക്കേണ്ടതാണ്. ഇത് കൂടാതെ കഴുത്തില്‍ ഉണ്ടാകുന്ന തേയ്മാനം കയ്യിലേക്കും തോളിലും ഉള്ള വേദനയായി അനുഭവപ്പെടാം.

ഉപസംഹാരം

തോളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നാനാവിധമായ കാരണങ്ങള്‍ കൊണ്ടാകാം. അധൂനിക അറിവും സംവിധാനങ്ങളും ഉപയോഗിച്ച് കൃത്യമായ കാരണം കണ്ടെത്തി പ്രാരംഭ ഘട്ടത്തില്‍ തന്നെ ചികിത്സ നല്‍കിയാല്‍ ഗുരുതരാവസ്ഥയും ശസ്ത്രക്രിയയും ഒഴിവാക്കാനാകും.

ഡോ. ഉണ്ണിക്കുട്ടന്‍ ഡി.
കണ്‍സള്‍ട്ടന്റ് ഓര്‍ത്തോപീടിക് സര്‍ജന്‍
എസ് യു ടി ഹോസ്പിറ്റല്‍, പട്ടം