സിംഗപ്പൂര്‍ എയര്‍ലൈനെതിരെ ശ്രേയ ഘോഷാല്‍

Web Desk
Posted on May 16, 2019, 4:04 pm

സംഗീതോപകരണങ്ങള്‍ വിമാനത്തില്‍ കയറ്റാന്‍ അനുവദിക്കാതിരുന്ന സിംഗപ്പൂര്‍ എയര്‍ലൈനെതിരെ പ്രതികരിച്ച് ഗായിക ശ്രേയ ഘോഷാലിന്റെ ട്വീറ്റ്. സിംഗപ്പൂര്‍ എയര്‍ലൈന്‍സുകാര്‍ക്ക് സംഗീതജ്ഞരെ ആവശ്യമില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നാണ് ശ്രേയ ട്വീറ്റ് ചെയ്തത്.

‘സിംഗപ്പൂര്‍ എയര്‍ലൈന്‍സുകാര്‍ക്ക് സംഗീതജ്ഞരോ അല്ലെങ്കില്‍ അമൂല്യമായ ഉപകരങ്ങള്‍ കൈവശമുള്ളവരോ തങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്യുന്നതില്‍ താല്‍പര്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്. എന്തായാലും നന്ദി. ഒരു പാഠം പഠിച്ചു’ എന്നായിരുന്നു ശ്രേയയുടെ ട്വീറ്റ്. നിരവധിയാളുകളാണ് താരത്തെ പിന്തുണച്ച് രംഗത്തെത്തിയത്.

ശ്രേയയുടെ ട്വീറ്റിന് പിന്നാലെ സംഭവത്തില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍ ക്ഷമാപണം നടത്തി. താങ്കള്‍ക്ക് ബുദ്ധിമുട്ടുണ്ടായതില്‍ ഖേദിക്കുന്നുവെന്നും പരാതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചറിയുമെന്നും ജീവനക്കാര്‍ക്ക് ആവശ്യമായ ഉപദേശം നല്‍കുമെന്നും എയര്‍ലൈന്‍ ഉറപ്പ് നല്‍കി.