Web Desk

കോഴിക്കോട്​

January 28, 2020, 12:06 am

മനുഷ്യനെ വിഭജിക്കാനുള്ള നീക്കത്തിനെതിരെ ആരാധനാലയങ്ങളും കൈകോര്‍ത്തു

Janayugom Online

മതത്തിന്റെ പേരിൽ മനുഷ്യനെ വിഭജിക്കാനുള്ള നീക്കത്തിനെതിരെ, ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി പോരാടുന്ന നാട്ടിൽ പ്രതിഷേധത്തിൽ കണ്ണിചേർന്ന് ആരാധനാലായങ്ങളും. റിപ്പബ്ലിക് ദിനത്തിൽ വഖഫ് ബോർഡിന് കീഴിലുള്ള പള്ളികളിലും സ്ഥാപനങ്ങളിലുമെല്ലാം ദേശീയ പതാക ഉയർത്തി ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുത്തു. റിപ്പബ്ലിക് ദിനത്തോടുബന്ധിച്ച് സർക്കാർ സ്ഥാപനങ്ങളിൽ ദേശീയ പതാക ഉയർത്താറുണ്ടെങ്കിലും ആരാധനാലയങ്ങളിൽ അത് പതിവുള്ളതല്ല. എന്നാൽ മനുഷ്യരെ വേർതിരിക്കുന്ന ഫാസിസ്റ്റ് രീതികൾക്കെതിരെ ഭരണഘടന ഉയർത്തിപ്പിടിച്ച് പോരാട്ടത്തിന്റെയും ചെറുത്തു നിൽപ്പിന്റെയും വേദികളാവുകയായിരുന്നു ഇത്തവണ ആരാധനാലയങ്ങൾ. സംസ്ഥാനത്ത് ആദ്യമായാണ് വഖഫ് ബോർഡിന്റെ കീഴിലുള്ള പള്ളികളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്.

മുസ്ലീം പള്ളികളിൽ ദേശീയ പതാക ഉയർത്തുകയും ഭരണഘടനയുടെ ആമുഖം വായിക്കുകയും ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്തു. കുട്ടികൾ ഉൾപ്പെടെ നിരവധി പേർ പള്ളികളിൽ നടന്ന ചടങ്ങുകളിൽ സംബന്ധിച്ചു. കോഴിക്കോട് പട്ടാളപ്പള്ളിയിലും മിഷ്ക്കാൽ പള്ളിയിലുമുൾപ്പെടെ പ്രധാനപ്പെട്ട പള്ളികളിലെല്ലാം ദിനാഘോഷം സംഘടിപ്പിച്ചിരുന്നു. ദേശീയ ഗാനാലാപനത്തോടെയാണ് പള്ളികളിലെ പരിപാടികൾ സമാപിച്ചത്. ലത്തീൻ സഭ റിപ്പബ്ലിക് ദിനം ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ചു. പൗരത്വ നിയമ ഭേദഗതിയിൽ ആശങ്ക രേഖപ്പെടുത്തുന്ന ഇടയ ലേഖനവും പള്ളികളിൽ വായിച്ചു. പൗരത്വ നിയമഭേദഗതി ജനാധിപത്യ വിരുദ്ധമാണെന്നും മത രാഷ്ട്രത്തിനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും ഇടയലേഖനത്തിൽ വിമർശിച്ചു. നിയമഭേദഗതി മുസ്ലീങ്ങളുടെ മാത്രം പ്രശ്നമല്ലെന്നും ഭരണഘടനയെ ബാധിക്കുന്നതാണ് അതെന്നും ലേഖനത്തിൽ വ്യക്തമാക്കി. സഭയ്ക്ക് കീഴിലുള്ള പള്ളികളിൽ ഭരണഘടനയുടെ ആമുഖം വായിക്കാൻ ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി നേരത്തെ തന്നെ ആഹ്വാനം ചെയ്തിരുന്നു. പൗരത്വ നിയമഭേദഗതിക്കെതിരെ ഇടതു മുന്നണി സംഘടിപ്പിച്ച മനുഷ്യമഹാശൃംഖലയിൽ പങ്കെടുത്ത യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ് ഭരണഘടനയെ സംരക്ഷിക്കാൻ രാജ്യത്തെ പൗരനെന്ന നിലയ്ക്ക് തനിക്ക് ഉത്തരവാദിത്തമുണ്ടെന്ന ബോധ്യത്തിലാണ് പരിപാടിയിൽ സംബന്ധിച്ചതെന്ന് ചാനൽ ചർച്ചയിൽ വ്യക്തമാക്കി. അഭയാർത്ഥിയാകേണ്ടിവന്ന യേശുക്രിസ്തുവിന്റെ അനുയായി ആയ തന്റെ ബാധ്യതയാണ് ഇത്തരം പരിപാടികൾക്കൊപ്പം നിൽക്കുകയെന്നതെന്നും അദ്ദേഹം പറഞ്ഞു.

Eng­lish sum­ma­ry: Shrines also joined hands against the move to divide man