മനുഷ്യപക്ഷത്തു നിന്ന ദൈവാലയങ്ങള്‍

Web Desk
Posted on September 05, 2019, 5:30 pm
kureeppuzha

എല്ലാ ആരാധനാലയങ്ങളും മനുഷ്യന്‍ നിര്‍മ്മിച്ചതോ കണ്ടെത്തിയതോ ആണ്. പ്രകൃതി ദുരന്തങ്ങള്‍ ആരാധനാലയങ്ങളെ വെറുതെ വിട്ടില്ല. പ്രളയത്തിനു വിവേചനമില്ല. കഴിഞ്ഞ പ്രളയകാലത്ത് ആലുവാ ശിവക്ഷേത്രം പൂര്‍ണമായും മുങ്ങിപ്പോയി. പമ്പയില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായി. ശബരിമലയ്ക്ക് മുകളിലുള്ള കുന്നാര്‍ ഡാം നികന്നുപോയി. സന്നിധാനത്തിലേക്ക് ജലം എടുത്തിരുന്നത് ഈ ഡാമില്‍ നിന്നായിരുന്നു. വെള്ളമിറങ്ങിയപ്പോള്‍ മനുഷ്യര്‍ ചെളി വാരിമാറ്റി കാര്യങ്ങള്‍ പഴയതുപോലെയാക്കുകയും ഭിന്നിച്ചു നിന്ന് ആര്‍ത്തവലഹള നടത്തി അപഹാസ്യരാവുകയും ചെയ്തു. മാധവ് ഗാഡ്ഗില്‍ മുന്നറിയിപ്പിനെതിരെ പാവങ്ങളെ തെരുവിലിറക്കിയവര്‍ കെട്ടിപ്പൊക്കിയ പള്ളിക്കും പ്രളയം പണികൊടുത്തു. നാട്ടിലെ ഉത്സവങ്ങളെയും യാഗങ്ങളെയും വെടിക്കെട്ടുകളെയും ഇവയോടനുബന്ധിച്ചുള്ള വമ്പന്‍ പണപ്പിരിവുകളെയും പ്രളയം ബാധിച്ചില്ല.
അന്യമതസ്ഥരെ അകറ്റിനിര്‍ത്തുന്ന ദൈവപ്പുരകളില്‍ ചിലതെങ്കിലും മനുഷ്യപക്ഷത്തു നിന്ന കാഴ്ചയും കാണാതിരുന്നുകൂടാ. മലബാറിലെ ഒരു പള്ളിയോടു ചേര്‍ന്നുള്ള മദ്രസ പൊതുവിദ്യാലയമായി. സ്‌കൂള്‍ കെട്ടിടം ഉപയോഗിക്കാന്‍ കഴിയാതെ വരുകയും കുട്ടികള്‍ വഴിയാധാരമാവുകയും ചെയ്തപ്പോള്‍ മദ്രസയില്‍ ലോവര്‍ പ്രൈമറി സ്‌കൂളിനു ഇടം കൊടുത്തു. വെറുതെ സ്ഥലം കൊടുക്കുക മാത്രമല്ല ചെയ്തത്. ചുമരുകളില്‍ ജീവികളുടെയും പൂവിട്ട ചെടികളുടെയും ചിത്രം വരച്ച് ആകര്‍ഷകമാക്കിയാണ് കുഞ്ഞുമക്കളെ മതഭേദം കൂടാതെ അവിടെയിരുത്തി പഠിപ്പിച്ചത്. മതാലയം മനുഷ്യാലയമായി. കുട്ടനാട്ടെ ക്ഷേത്രങ്ങളുടെ ഊട്ടുപുരകള്‍ തണ്ണീര്‍മുക്കം ബണ്ട് ഉണ്ടാകുന്നതിനു മുന്‍പ് എല്ലാ വര്‍ഷവും ഉണ്ടാകുമായിരുന്ന പ്രളയത്തെ കൂടി കണക്കിലെടുത്ത് ഉയരത്തിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഇങ്ങനെയൊരു വെള്ളപ്പൊക്കക്കാലത്തെ രസകരമായി അടയാളപ്പെടുത്തിയിട്ടുള്ളതാണ് നാഗവള്ളി ആര്‍ എസ് കുറുപ്പിന്റെ ഒഴുക്കത്തുവന്ന വീട് എന്ന നോവല്‍. അമ്പലത്തിന്റെ ഊട്ടുപുരയില്‍ അഭയം പ്രാപിച്ച ആള്‍ക്കൂട്ടത്തിലെ ചീട്ടുകളി വിദഗ്ധരിലൂടെയാണ് ആ നോവല്‍ വികസിക്കുന്നത്. വീണന്‍ വേലു, ഗുലാംപെരിശു വാസു, മരംകേറി കേശവന്‍ എന്നിവര്‍ ചീട്ടുകളി മടുത്തപ്പോള്‍ അകലെ മലവെള്ളത്തില്‍ ഒഴുകിപ്പോകുന്ന ഒരു വീടിനെ പിന്തുടരുന്നതാണ് കഥ. വെളളം ഇറങ്ങുമ്പോഴാണ് കഥ അവസാനിക്കുന്നത്.
ഇക്കൊല്ലത്തെ പ്രളയം വടകരയിലെ ഒരു കുട്ടിച്ചാത്തന്‍ ക്ഷേത്രത്തിന്റെ കണ്ണുതുറപ്പിച്ചു. ആയഞ്ചേരിയിലെ കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രം രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൊടുത്തു. കുട്ടിച്ചാത്തനെ കൊണ്ട് അങ്ങനെയെങ്കിലും ഒരു ഉപകാരം കേരളീയര്‍ക്ക് ഉണ്ടായല്ലോ. ചികിത്സാസഹായം, വിദ്യാഭ്യാസസഹായം തുടങ്ങി നിരവധി ജനോപകാര പ്രവര്‍ത്തനങ്ങള്‍ ആ ക്ഷേത്രക്കമ്മിറ്റി ചെയ്യുന്നുണ്ട്. വീടിനു കല്ലെറിയുക, ആഹാരത്തില്‍ മാലിന്യമിടുക തുടങ്ങിയ പഴയ പരിപാടികള്‍ കുട്ടിച്ചാത്തന്‍ അവസാനിപ്പിക്കുകയും ജനങ്ങളെ സഹായിക്കാന്‍ തുടങ്ങുകയും ചെയ്തിരിക്കുന്നു. ഇക്കാലത്ത് ആയിരുന്നുവെങ്കില്‍ നാരായണഗുരുവിന് ചാത്തനെ അഭിസംബോധന ചെയ്തു കത്തെഴുതുകയോ ഡോ. എ ടി കോവൂരിന് ചാത്തനെ പിടിക്കാന്‍ പോവുകയോ വേണ്ടിവരില്ലായിരുന്നു. ആ ക്ഷേത്ര ഭാരവാഹികളുടെ മനുഷ്യപക്ഷ നിലപാടിനെ അഭിനന്ദിക്കുന്നു.
ആവുന്നത്ര ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും സുമനസുകളുടെ സഹായത്തോടെ ശേഖരിച്ച് ഞാനും കൂട്ടുകാരും പോയ ഇടിഞ്ഞില്ലം ദുരിതാശ്വാസ ക്യാമ്പ്, ദേവമാതാ പള്ളിയോട് അനുബന്ധിച്ചുള്ള ഓഡിറ്റോറിയത്തില്‍ ആയിരുന്നു. അറുപതിലധികം ദളിത് കുടുംബങ്ങള്‍ക്ക് തലചായ്ക്കാനാണ് പള്ളിയുടെ സൗകര്യങ്ങള്‍ തുറന്നു കൊടുത്തത്. ഏറ്റവും ശ്രദ്ധേയമായ സംഭവം, മലപ്പുറത്തെ പോത്തുകല്ല് അങ്ങാടിയിലെ മുസ്‌ലിം പള്ളിയില്‍ നടന്നതാണ്. ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ മൃതശരീരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുവാനുള്ള സൗകര്യം അവര്‍ ചെയ്തുകൊടുത്തു. കവളപ്പാറ ദുരന്തത്തില്‍പെട്ട അലക്‌സ് മാനുവല്‍, രാഗിണി, പ്രിയദര്‍ശന്‍, ചക്കി, അനഘ തുടങ്ങി മുപ്പതോളം നിരപരാധികളുടെ മൃതശരീരങ്ങളാണ് പള്ളിയില്‍ വച്ച് മഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചത്.
മതസ്‌നേഹം പോഷിപ്പിച്ചു മനുഷ്യകുലവിരോധത്തിന്റെ പരിശീലനം കൊടുക്കുന്ന സ്ഥാപനങ്ങളാകാതെ മനുഷ്യപക്ഷത്ത് നിന്ന എല്ലാ മതസ്ഥാപനങ്ങളുടെയും നടത്തിപ്പുകാരെ സ്‌നേഹത്തോടെ ആശ്ലേഷിക്കുന്നു.