
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ദൗത്യം പൂർത്തിയാക്കി ഇന്ത്യയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഇന്ത്യൻ മണ്ണിൽ തിരികെയെത്തി. ഇന്ന് പുലര്‍ച്ചയോടെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ അദ്ദേഹത്തെ കുടുംബാംഗങ്ങളും കേന്ദ്ര ശാസ്ത്ര‑സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ്, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി നാരായണന്‍ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ആക്സിയോം — 4 ദൗത്യത്തിന്റെ ഭാഗമായിരുന്ന അദ്ദേഹം ജൂൺ 26‑നാണ് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ എത്തിയത്. ജൂലൈ15 ന് തിരികെ എത്തി. രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ ഇന്ത്യക്കാരനും, ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ കാലം ചെലവഴിച്ച ഇന്ത്യക്കാരനുമാണ് ശുഭാംശു ശുക്ല.
അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പിൽ ഒരു വർഷം മുഴുവൻ ദൗത്യത്തിൽ സുഹൃത്തുക്കളും കുടുംബവും പോലെ കഴിഞ്ഞ ഒരു കൂട്ടം ആളുകളെ പിരിയുന്നതിൽ സങ്കടമുണ്ടെന്നും അതേസമയം, ദൗത്യത്തിനു ശേഷം ആദ്യമായി സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും രാജ്യത്തെ എല്ലാവരെയും കാണാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും ഇതാണ് ജീവിതമെന്ന് കരുതുന്നുവെന്നും പ്രതികരിച്ചു.
പ്രധാനമന്ത്രി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തും. സ്വാതന്ത്ര്യദിന പ്രസംഗത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോഡി ശുക്ലയെക്കുറിച്ച് പരാമർശിച്ചിരുന്നു. ഓഗസ്റ്റ് 23‑ന് നടക്കുന്ന ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളിലും അദ്ദേഹം പങ്കെടുക്കും. സ്വദേശമായ ലഖ്നൗവിലെ സിറ്റി മോണ്ടിസോറി സ്‌കൂളില്‍ 25‑ന് സ്വീകരണമൊരുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.