September 22, 2023 Friday

Related news

August 15, 2023
July 2, 2023
June 22, 2023
June 22, 2023
June 2, 2023
May 31, 2023
May 27, 2023
May 20, 2023
May 20, 2023
May 16, 2023

വകുപ്പ് വിഭജനത്തിലും സിദ്ധരാമയ്യക്ക് നേട്ടം; 24 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു

Janayugom Webdesk
ബംഗളൂരു
May 27, 2023 9:58 pm

കര്‍ണാടകയില്‍ മന്ത്രിസഭാ വികസനവും വകുപ്പ് വിഭജനവും പൂര്‍ത്തിയായപ്പോള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് തന്നെ മേല്‍ക്കൈ. പുതുതായി 24 മന്ത്രിമാരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്. മേയ് 20 ന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഉൾപ്പടെ 10 പേർ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ധനകാര്യം, ക്യാബിനറ്റ് കാര്യങ്ങൾ തുടങ്ങിയ പ്രധാന വകുപ്പുകൾ സിദ്ധരാമയ്യ ഏറ്റെടുത്തു. ജി പരമേശ്വരയ്ക്ക് ആഭ്യന്തര മന്ത്രിയുടെ ചുമതല നൽകി. അതേസമയം ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് ജലസേചന വകുപ്പിനൊപ്പം ബംഗളൂരു നഗര വികസനവും നൽകി.

മുതിര്‍ന്ന നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായിരുന്ന എം ബി പാട്ടീലാണ് വ്യവസായ വകുപ്പ് മന്ത്രി. രാമലിംഗ റെഡ്ഡിക്ക് ഗതാഗതവും ദിനേശ് ഗുണ്ടറാവു ആരോഗ്യം മന്ത്രിസ്ഥാനവും ഏറ്റെടുക്കും. സതീഷ് ജാര്‍ക്കിഹോളിക്ക് പൊതുമരാമത്ത് വകുപ്പും പ്രിയങ്ക് ഖാര്‍ഗെക്ക് ഗ്രാമവികസന വകുപ്പും ലഭിച്ചു. വിദ്യാഭ്യാസ മന്ത്രിയായി മധു ബംഗാരപ്പ എത്തും. എച്ച്‌ കെ പാട്ടീലിനാണ് നിയമവും പാർലമെന്ററി കാര്യങ്ങളും. കെ എച്ച്‌ മുനിയപ്പ ഭക്ഷ്യവകുപ്പ് കൈകാര്യം ചെയ്യും. മലയാളിയായ കെ ജെ ജോര്‍ജിന് ഊര്‍ജവകുപ്പിന്റെ ചുമതലയാണ്. നാഗേന്ദ്രയ്ക്ക് യുവജനകാര്യം-കായികം, വെങ്കിടേഷിന് മൃഗസംരക്ഷണം, തിമ്മുപുരിന് എക്സൈസ് എന്നിങ്ങനെ വകുപ്പുകള്‍ ലഭിച്ചു.

മഹിളാ കോൺഗ്രസ് മുന്‍ അധ്യക്ഷ ലക്ഷ്മി ഹെബ്ബാൾക്കറിന് മാത്രമാണ് ഇത്തവണ മന്ത്രി സ്ഥാനം ലഭിച്ച ഏക വനിത. ലക്ഷ്മി വനിത ശിശുക്ഷേമ മന്ത്രിയാകും. 24 പേർ കൂടി ചുമതലയേറ്റതോടെ മന്ത്രിസഭാ വികസനം പൂർത്തിയായി. പ്രബല സമുദായമായ ലിംഗായത്തിന് എട്ട് മന്ത്രിസ്ഥാനങ്ങൾ ലഭിച്ചു. ഈ വിഭാഗത്തിലെ എല്ലാ ഉപവിഭാഗങ്ങളെയും പരിഗണിച്ചിട്ടുണ്ട്. വൊക്കലിഗ വിഭാഗത്തിൽ നിന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറടക്കം അഞ്ചു മന്ത്രിമാരുണ്ട്. പട്ടികജാതി വിഭാഗത്തിൽ നിന്ന് അഞ്ചു പേരും പട്ടിക വർഗത്തിൽ നിന്ന് നാല് പേരും മന്ത്രിമാരായി.

ഒബിസി വിഭാഗത്തിൽ നിന്ന് സിദ്ധരാമയ്യ ഉൾപ്പടെ അഞ്ചു പേർക്കും മുസ്ലിം സമുദായത്തിൽ നിന്ന് രണ്ടു പേർക്കും മന്ത്രി പദവി ലഭിച്ചു. നിയമസഭ സ്പീക്കറായി മംഗളുരു റൂറൽ എംഎൽഎ യു ടി ഖാദറിനെ നേരത്തെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് കെ ജെ ജോർജ് മന്ത്രിസഭയിൽ കയറിയപ്പോള്‍ ജൈന‑ബ്രാഹ്മണ സമുദായത്തിന്റെ ഓരോ പ്രതിനിധികളും മന്ത്രിസഭയിലുണ്ട്.

പ്രതിഷേധവുമായി എംഎല്‍എമാര്‍

മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് എംഎല്‍എമാര്‍. ഹാവേരി മണ്ഡലത്തിൽ നിന്ന് വിജയിച്ച രുദ്രപ്പലമണിക്ക് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടു അനുയായികൾ ബംഗളൂരുവിലെ കെപിസിസി ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധിച്ചു.
മലയാളിയായ എൻ എ ഹാരിസ്, ദളിത് നേതാവ് ബി കെ ഹരിപ്രസാദ് എന്നിവരും അവസാനനിമിഷം പട്ടികയിൽ നിന്ന് പുറത്തായി. തഴയപ്പെട്ടതിലുള്ള അതൃപ്തി ബി കെ ഹരിപ്രസാദ് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ബിജെപി വിട്ടു കോൺഗ്രസിൽ ചേക്കേറി അത്താനിയിൽ നിന്ന് വിജയിച്ച ലക്ഷ്മൺ സവാദിയും മന്ത്രിസഭയ്ക്ക്‌ പുറത്താണ്. ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ നിന്ന് പരാജയപ്പെട്ട ജഗദീഷ് ഷെട്ടാറിനെ ഉപരിസഭാംഗമാക്കി മന്ത്രിസഭയിൽ കൊണ്ടുവരാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ട്.

Eng­lish Summary;Siddaramaiah gains in depart­ment divi­sion too; 24 more min­is­ters took oath

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.