Web Desk

ന്യൂഡല്‍ഹി

January 22, 2021, 4:23 pm

സിദ്ദിഖ് കാപ്പന് വീഡിയോ കോൺഫറൻസിംഗ് വഴി അമ്മയെ കാണാം: സുപ്രീംകോടതി

Janayugom Online

മലയാളി മാധ്യമപ്രവര്‍ത്തകൻ സിദ്ധിഖ് കാപ്പന് വീഡിയോ കോണ്‍ഫറൻസ് വഴി 90 വയസ്സുളള അമ്മയെ കാണാൻ സുപ്രീംകോടതി അനുമതി നല്‍കി. ഹത്രാസ് ബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാൻ പോകുന്ന വഴിക്കാണ് സിദ്ധിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്.ആദ്യം അഭിഭാഷകനെയടക്കം കാണുന്നതിൽ നിന്ന് കാപ്പനെ യുപി പൊലീസ് വിലക്കിയിരുന്നു. പിന്നീട് സുപ്രീംകോടതി ഇടപെട്ടാണ് അഭിഭാഷകനെ കാണാൻ അനുമതി നൽകിയത്.

അറസ്റ്റിലായ ശേഷം പിന്നീട് സിദ്ദിഖ് കാപ്പന് കുടുംബാംഗങ്ങളെ ആരെയും കാണാൻ കഴിഞ്ഞിട്ടില്ലെന്നും 90 വയസ്സായ കാപ്പന്‍റെ അമ്മയ്ക്കെങ്കിലും കാണാൻ അനുമതി നൽകണമെന്നും കുടുംബം കോടതിയിൽ വാദിച്ചിരുന്നു. പ്രായാധിക്യമുള്ള ഓർമക്കുറവും മറ്റ് അവശതകളും ഉള്ള കാപ്പന്‍റെ മാതാവ്, ഓർമ വരുമ്പോഴെല്ലാം മകനെയാണ് അന്വേഷിക്കുന്നതെന്നും കപിൽ സിബൽ വാദിച്ചു. ഇക്കാര്യം പരിഗണിക്കുമെന്ന് ഉറപ്പ് നൽകുന്നുവെന്ന് സോളിസിറ്റർ ജനറലും കോടതിയിൽ വ്യക്തമാക്കി. ‘അക്കാര്യം താങ്കൾ എനിക്ക് വിട്ടേക്കൂ’, എസ്ജി തുഷാർ മേത്ത പറഞ്ഞു.

നിരപരാധിത്വം തെളിയിക്കാന്‍ നുണപരിശോധന ഉള്‍പ്പടെ ഏത് ശാസ്ത്രീയ പരിശോധനയ്ക്കും വിധേയനാകാന്‍ സിദ്ദിഖ് കാപ്പന്‍ തയ്യാറാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീം കോടതിയെ അറിയിച്ചു. സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി.

ENGLISH SUMMARY: Sid­dique Kap­pan can talk to Mom via Video con­fer­ence says Court

YOU MAY ALSO LIKE THIS VIDEO