റെജി കുര്യന്‍

 ന്യൂഡല്‍ഹി

October 27, 2020, 10:48 pm

പ്രതിരോധ കരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പുവച്ചു

Janayugom Online

ഉപഗ്രഹ വിവരങ്ങളുടെ കൈമാറ്റം ഉള്‍പ്പെടെയുള്ള പ്രതിരോധ കരാറില്‍ ഇന്ത്യയും അമേരിക്കയും ഇന്നലെ ഒപ്പുവച്ചു. ഉപഗ്രഹ വിവര കൈമാറ്റവും മറ്റും ഇന്ത്യയുടെ സൈനിക തന്ത്രങ്ങളുടെ രഹസ്യാത്മകതയെ ഇല്ലാതാക്കുമെന്നും രാജ്യത്തിന്റെ സൈനിക നിഷ്പക്ഷതയെ ദുർബലപ്പെടുത്തുമെന്നുള്ള ആശങ്കകൾ നിലനിൽക്കുമ്പോഴാണ് കേന്ദ്ര സർക്കാരിന്റെ ഈ നീക്കം. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍, അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി മാര്‍ക് ടി എസ്പറും തമ്മിലാണ് ഇന്നലെ ചര്‍ച്ചകള്‍ നടന്നത്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചര്‍ച്ചകള്‍ നടന്നു. ഇതിനു ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന് കരാറില്‍ (ബേസിക് എക്‌സ്‌ചേഞ്ച് ആന്റ് കോഓപ്പറേഷന്‍) ഒപ്പുവച്ചത്. കഴിഞ്ഞ രണ്ടു ദശാബ്ദമായി ഇരു രാജ്യങ്ങളും തമ്മില്‍ ഏര്‍പ്പെടുന്ന നാലാമത്തെ പ്രതിരോധ കരാറാണിത്. ഇന്ത്യയും അമേരിക്കയും ഇന്നലെ ഒപ്പുവച്ച കരാര്‍ പ്രകാരം ഉപഗ്രഹ വിവരങ്ങളുടെ കൈമാറ്റമാകും നടക്കുക. ഉപഗ്രഹങ്ങള്‍ ശേഖരിക്കുന്ന വ്യോമ, നാവിക ആകാശ‑രേഖാ ചിത്രങ്ങള്‍, മാപ്പുകള്‍, കാന്തികമായും അല്ലാതെയും ഭൗമോപരിതലത്തില്‍ നിന്നും ലഭിക്കുന്ന മറ്റ് വിവരങ്ങള്‍ തുടങ്ങിയവയുടെ കൈമാറ്റം കരാര്‍ സാധ്യമാക്കും. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് കാര്യമായ പുരോഗതികള്‍ ഇനിയും സാധ്യമാകാത്ത സാഹചര്യത്തിലാണ് പുതിയ കരാറെന്നത് ശ്രദ്ധേയമാണ്.

ഏതുവെല്ലുവിളിയും നേരിടാന്‍ അമേരിക്ക ഇന്ത്യക്കൊപ്പമുണ്ടെന്ന് പോംപിയോ പറഞ്ഞു. ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ക്ക് അമേരിക്കയുടെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ബിഇസിഎ കരാര്‍ ഒപ്പുവയ്ക്കലിനെ നിര്‍ണായക നീക്കമെന്നാണ് രാജ്‌നാഥ് സിങ് വിശേഷിപ്പിച്ചത്. അതേസമയം ചൈനയ്ക്കും മേഖലയിലെ മറ്റ് രാജ്യങ്ങൾക്കുമിടയിൽ ഭിന്നത വിതയ്ക്കുന്നത് യുഎസ് അവസാനിപ്പിക്കണമെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയയോട് ചൈന ആവശ്യപ്പെട്ടു. മേഖലയിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ മുതലെടുത്ത് സമാധാനവും സ്ഥിരതയും ഇല്ലാതാക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് യുഎസ് പ്രതിനിധികളുടെ ഇന്ത്യൻ സന്ദർശനത്തേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ പറഞ്ഞു.

Eng­lish sum­ma­ry; signed in defence india and america

You may also like this video;