റയിൽവേ വരുമാനത്തിൽ ഗണ്യമായ കുറവ്

Web Desk
Posted on November 27, 2019, 10:13 pm

ന്യൂഡൽഹി: ഗരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റയിൽവേയുടെ വരുമാനത്തിൽ ഗണ്യമായ കുറവ്. ഒക്ടോബർ മാസത്തിലെ കണക്കുകൾ പ്രകാരം 19,000 കോടിരൂപയുടെ കുറവാണ് വരുമാനത്തിൽ ഉണ്ടായത്. അതിനിടെ ചെലവിൽ 4000 കോടി രൂപയുടെ വർധനയുണ്ടായി. യാത്രാക്കൂലി, ചരക്ക് നീക്കം, ഇതര വരുമാനങ്ങൾ എന്നിവയിലെല്ലാം വരുമാന കുറവാണ് രേഖപ്പെടുത്തിയത്. ഒക്ടോബർ 31 ന് അവസാനിച്ച എഴ് മാസത്തെ വരുമാനം 1,18,634. 69 കോടി രൂപയാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ലഭിച്ച വരുമാനം 99,222.72 കോടി രൂപ മാത്രമാണ്. 19,411. 97 കോടി രുപയുടെ കുറവാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ വർഷം സമാന കാലയളവിൽ വരുമാനം 99,794.19 കോടി രൂപയായിരുന്നു. ഇക്കുറി 574. 47 കോടി രൂപയുടെ കുറവാണുണ്ടായത്. പ്രവർത്തന ചെലവുകൾ ഗണ്യമായി വർധിച്ചു. 97,264.73 കോടി രൂപയാണ് ചെലവിനത്തിൽ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ചെലവ് 1,01, 363.90 കോടി രൂപയായി വർധിച്ചു. 4099 കോടി രൂപയുടെ വർധനയാണ് ചെലവിനത്തിൽ ഉണ്ടായത്.
യാത്രാക്കൂലി ഇനത്തിൽ 32,681.10 കോടി രൂപയാണ് ഒക്ടോബർ 31 ന് അവസാനിച്ച ഏഴ് മാസത്തിനായി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇത് 30,715. 10 കോടി രൂപയായി കുറഞ്ഞു. 1966.33 കോടി രൂപയുടെ കുറവാണ് ഉണ്ടായത്. ചരക്ക് നീക്കത്തിലൂടെയുള്ള വരുമാനത്തിലും കുറവുണ്ടായി 77,615.89 കോടി രൂപ ലക്ഷ്യമിട്ടപ്പോൾ 62,773.17 കോടി രൂപ മാത്രമാണ് ലഭിച്ചത്. 14,882.72 കോടി രൂപയുടെ കുറവാണുണ്ടായത്.