ആര്‍ബിഐ കണ്ടിജന്‍സി ഫണ്ടില്‍ ഗണ്യമായ കുറവ്

Web Desk
Posted on August 29, 2019, 10:46 pm

ന്യൂഡല്‍ഹി: മോഡി സര്‍ക്കാരിന്റെ യുക്തിരഹിതമായ നിലപാടുകള്‍മൂലം റിസര്‍വ് ബാങ്കിന്റെ ആകസ്മിക ഫണ്ടില്‍ (കണ്ടിജന്‍സി ഫണ്ടില്‍) ഗണ്യമായ കുറവുണ്ടായെന്ന് ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന് അധിക ധനം നല്‍കിയതിലൂടെ കണ്ടിജന്‍സി ഫണ്ട് 1.96 ലക്ഷം കോടിയായി കുറഞ്ഞു. 52,000 കോടി രൂപയാണ് ആര്‍ബിഐ സര്‍ക്കാരിന് അധികമായി നല്‍കിയത്. ഇതാണ് കണ്ടിജന്‍സി ഫണ്ടില്‍ ഗണ്യമായ കുറവുണ്ടാകാനുള്ള കാരണമെന്നും ആര്‍ബിഐ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ജൂണ്‍ 30ലെ കണക്കുകള്‍ പ്രകാരം ആര്‍ബിഐയുടെ കണ്ടിജന്‍സി ഫണ്ട് 1,96,344 കോടി രൂപയാണ്. 2018 ജൂണ്‍ 30ന് 2,32,108 കോടി രൂപയായിരുന്നു. നിലവിലുള്ള ചട്ടങ്ങള്‍ പ്രകാരം കണ്ടിജന്‍സി ഫണ്ടിന്റെ 5.5 മുതല്‍ 6.5 ശതമാനം വരെയാണ് സര്‍ക്കാരിന് നല്‍കുന്നത്. ഓഹരി വിപണിയിലൂടെ ഒരു ലക്ഷം കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ ആര്‍ബിഐയെ അറിയിച്ചിരുന്നു. എന്നാല്‍ ഇതുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്.