കേരളത്തിലും കാലാവസ്ഥ വ്യതിയാനത്തിന്റെ ആപല്‍സൂചനകള്‍

Web Desk
Posted on January 27, 2019, 10:35 pm
സംസ്ഥാന ജൈവവൈവിധ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു

തലശ്ശേരി: കേരളത്തിന്റെ അതിസമ്പന്നമായ ജൈവവൈവിധ്യ കലവറ സംരക്ഷിക്കുകയെന്നത് എല്ലാവരുടെയും ഏറ്റവും പ്രധാന ചുമതലയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ സംസ്ഥാന ജൈവവൈവിധ്യ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരള്‍ച്ചയെ നേരിടുന്നതിന് യോജിച്ച കാസര്‍കോട് ഇനമായ ‘വെള്ളത്തൂവല്‍’ നെല്ല് പറയിലേക്ക് നിറച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.

ജൈവവൈവിധ്യ സമ്പത്ത് ഏതൊരു നാടിന്റെയും ജീവനാഡിയാണ്. ആ നാഡീസ്പന്ദനം നിലനിര്‍ത്തിക്കൊാണ്ടുപോകേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അത് ജൈവ വൈവിധ്യബോര്‍ഡിന്റെ ചുമതലയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗൗരവമായ കാലാവസ്ഥ വ്യതിയാനത്തിന്റെ ലക്ഷണങ്ങള്‍ കേരളത്തില്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ഭിന്ന കാലാവസ്ഥ പ്രദേശമായി ഇവിടം മാറികൊണ്ടിരിക്കുകയാണ്. മരുഭൂമിയില്‍ മാത്രം കണ്ടുവരുന്ന ദേശാടനപക്ഷികളുടെ ഇഷ്ടപ്രദേശമായി കേരളം മാറുന്നു. ഉത്തരേന്ത്യയില്‍ ചൂടേറിയ പ്രദേശങ്ങളില്‍ കാണാറുള്ള റോസിപാസ്റ്റര്‍ പക്ഷികളെ കോട്ടയം തിരുനക്കര ഭാഗങ്ങളില്‍ ധാരാളം കണ്ടുവരുന്നു. ഇതൊക്കെ ആപത് സന്ദേശങ്ങളാണ് നല്‍കുന്നത്.

പ്രളയം ഉരുള്‍പൊട്ടല്‍ എന്നീ പ്രകൃതി ദുരന്തങ്ങള്‍ പലതും ഇല്ലാതാക്കിയിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാന്‍ കഴിയുന്ന ജൈവവൈവിധ്യങ്ങളുടെ പ്രത്യേക രജിസ്ട്രി ഉണ്ടാക്കുന്നതും ബോര്‍ഡിന് പരിഗണിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അധ്യക്ഷത വഹിച്ചു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു. പി കെ ശ്രീമതി ടീച്ചര്‍ എംപി, എംഎല്‍എമാരായ ജെയിംസ് മാത്യു എ എന്‍ ഷംസീര്‍, സി കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, എഡിജിപി ഡോ. ബി സന്ധ്യ, ധര്‍മ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബേബി സരോജം, വാര്‍ഡ് അംഗം ഗീത, സ്വാഗതസംഘം ചെയര്‍മാന്‍ പി ബാലന്‍, കില ഡയറക്ടര്‍ ജോയ് ഇളമണ്‍, ജൈവവൈവിധ്യ ബോര്‍ഡ് അംഗം ഡോ. കെ സത്ഷ് കുമാര്‍, ഡോ. ടി എസ് സ്വപ്‌ന എന്നിവര്‍ സംസാരിച്ചു. ജൈവവൈവിധ്യ ബോര്‍ഡ് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് ഡോ. എസ് സി ജോഷി മുഖ്യമന്ത്രിക്ക് കൈമാറി. ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എസ് സി ജോഷി സ്വാഗതവും ബോര്‍ഡ് അംഗം കെ വി ഗോവിന്ദന്‍ നന്ദിയും പറഞ്ഞു.