Web Desk

തിരുവനന്തപുരം

July 09, 2021, 10:33 am

സംസ്ഥാനത്ത് 14 പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു, മിക്കവരും ആരോഗ്യപ്രവർത്തകർ

Janayugom Online

സംസ്ഥാനത്ത് 14 പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് 14 രോഗികളുമുള്ളത്. രോഗം സ്ഥിരീകരിച്ചവരിൽ മിക്കവരും ആരോഗ്യപ്രവർത്തകരാണ്. ആശങ്ക വേണ്ടെന്നും രോഗം സ്ഥിരീകരിച്ച മിക്ക ആളുകളുടെയും നില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ഇതോടെ ആകെ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി.
28-ാം തീയതി ഒരു ഗർഭിണിക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചിരുന്നു. പാറശ്ശാല സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ കഴിഞ്ഞ ദിവസം പ്രസവിച്ചു. അമ്മയും കുഞ്ഞും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാതെ സുരക്ഷിതരാണ്. ഈഡിസ് കൊതുകുകളാണ് സിക്ക വൈറസ് വ്യാപനത്തിന് കാരണമാകുന്നത്. പകലാണ് ഈ കൊതുകുകൾ വ്യാപകമായി കാണാറ്.

പ്രാഥമികമായി സിക്ക വൈറസാണെന്ന് കണ്ടപ്പോൾ തന്നെ ആരോഗ്യ വകുപ്പ് കൃത്യമായ നടപടികൾ സ്വീകരിച്ചു. ജില്ലാ സർവൈലൻസ് ടീം, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ്, സംസ്ഥാന എന്റമോളജി ടീം എന്നിവർ പാറശാലയിലെ രോഗബാധിത പ്രദേശം സന്ദർശിക്കുകയും നിയന്ത്രണ നടപടികൾ ആരംഭിക്കുകയും ചെയ്തു. ദുരിതബാധിത പ്രദേശത്തു നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും ശേഖരിച്ച ഈഡിസ് കൊതുകിന്റെ സാമ്പിളുകൾ പിസിആർ പരിശോധനയ്ക്കായി അയയ്ക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. എല്ലാ ജില്ലകൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
പ്രധാനമായും ഈഡിസ് കൊതുകുകൾ പരത്തുന്ന രോഗമാണ് സിക്ക. ഇത്തരം കൊതുകുകൾ സാധാരണ പകൽ സമയത്താണ് കടിക്കുന്നത്.

പനി, ചുവന്ന പാടുകൾ, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സാധാരണയായി 2 മുതൽ 7 ദിവസം വരെ രോഗലക്ഷണങ്ങൾ നീണ്ടുനിൽക്കും. 3 മുതൽ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇൻകുബേഷൻ കാലയളവ്. സിക്ക വൈറസ് അണുബാധയുള്ള മിക്ക ആളുകൾക്കും രോഗലക്ഷണങ്ങൾ കാണാറില്ല. മരണങ്ങൾ അപൂർവമാണ്.
ഗർഭിണികളേയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗർഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് കാരണമാകും. ഗർഭകാലത്തുള്ള സങ്കീർണതയ്ക്കും ഗർഭഛിത്രത്തിനും കാരണമായേക്കാം. കുട്ടികളിലും മുതിർന്നവരിലും സിക്ക ബാധിച്ചാൽ നാഡീസംബന്ധമായ പ്രശങ്ങളിലെത്തിക്കും.

Eng­lish summary;

you may also like this video;