പാകിസ്ഥാനിലെ സിഖ് പെണ്‍കുട്ടിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി വിവാഹം കഴിച്ചതായി പരാതി

Web Desk
Posted on August 30, 2019, 11:39 am

ഇസ്‌ലാമാബാദ്: ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ പാകിസ്ഥാനിലെ സിഖ് വംശജയായ പെണ്‍കുട്ടിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി വിവാഹം കഴിച്ചതായി പരാതി. ലാഹോറിലെ നങ്കണ സാഹിബ് മേഖലയിലെ ഒരു മുസ് ലിം യുവാവിനെക്കൊണ്ടാണ് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചത്. പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കി. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ഇമ്രാന്‍ഖാനും പരാതി നല്‍കിയിട്ടുണ്ട്.

പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മതം മാറ്റുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. പേര് ആയിഷ എന്ന് മാറ്റുന്നുമുണ്ട്. മുസ്‌ലിം യുവാവിനെ കൊണ്ട വിവാഹം കഴിപ്പിക്കുന്നതും ഇതില്‍ കാണാം.
ഹിന്ദു, ക്രിസ്ത്യന്‍, സിഖ് വിഭാഗങ്ങളില്‍ പെട്ട പെണ്‍കുട്ടികളെ ഇത്തരത്തില്‍ മതം മാറ്റി മുസ് ലിം യുവാക്കളെക്കൊണ്ട് വിവാഹം കഴിപ്പിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഒരു സിഖ് പുരോഹിതന്റെ മകളെയാണ് ഇപ്പോള്‍ ഇത്തരത്തില്‍ മതപരിവര്‍ത്തനം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വീട്ടില്‍ കടന്ന് കയറിയ ചില ഗുണ്ടകള്‍ തോക്ക് ചൂണ്ടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. പൊലീസിലെ ചില ഉന്നത ഉദ്യോഗസ്ഥരെ പരാതിയുമായി സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. വീണ്ടും ഗുണ്ടകള്‍ വീട്ടിലെത്തി പരാതി പിന്‍വലിക്കണമെന്ന ഭീഷണിയും മുഴക്കി. പരാതിയുമായി മുന്നോട്ട് പോയാല്‍ ഞങ്ങളെ എല്ലാവരെയും മതപരിവര്‍ത്തനം ചെയ്യുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്. പാക് ചീഫ് ജസ്റ്റിസിനോടും ഇവര്‍ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.

സഹോദരിയെ രക്ഷപ്പെടുത്തണമെന്ന് അപേക്ഷിക്കുന്ന സഹോദരന്റെ ദൃശ്യങ്ങള്‍ ശിരോമണി അകാലിദള്‍ എംഎല്‍എ മന്‍ജീന്ദര്‍ എസ് സിര്‍സ പുറത്ത് വിട്ടു. മന്‍മോഹന്‍ സിങ് എന്ന് പരിചയപ്പെടുത്തുന്ന സിഖ് യുവാവ് സഹോദരിയെ തിരികെകൊണ്ടുവരാന്‍ പാക്ക് പ്രധാനമന്ത്രി ഇംമ്രാന്‍ ഖാന്‍ സഹായിക്കണമെന്ന് വീഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്.രാജ്യാന്തര തലത്തില്‍ സംഭവം ചര്‍ച്ചയാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി സഹായിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. പാകിസ്ഥാനിലെ സിഖ് സമൂഹം സഹായം ആവശ്യപ്പെടുന്നുവെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.പാകിസ്ഥാനിലെ ന്യൂനപക്ഷം അനുഭവിക്കുന്ന ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടേണ്ട സമയം അതിക്രമിച്ചെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ്‌കുമാര്‍ ചൂണ്ടിക്കാട്ടി. പാകിസ്ഥാനിലെ സിഖ് സമൂഹം സംഭവത്തെ അപലപിച്ചു. ഗവര്‍ണറുടെ വസതിക്ക് മുന്നില്‍ ഇവര്‍ പ്രതിഷേധം സംഘടിപ്പിച്ചു.

അതേസമയം പെണ്‍കുട്ടി സ്വന്തം താല്‍പര്യപ്രകാരം മതം മാറിയാണ് വിവാഹം ചെയ്യുന്നതെന്ന് സാധൂകരിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

YOU MAY LIKE THIS VIDEO ALSO