Thursday
22 Aug 2019

സിക്കിമിലെ എംഎല്‍എമാരെയും ബിജെപി വിലയ്‌ക്കെടുത്തു

By: Web Desk | Tuesday 13 August 2019 7:11 PM IST


ന്യൂഡല്‍ഹി: സിക്കിമിലെ പ്രതിപക്ഷ കക്ഷിയായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് പാര്‍ട്ടിയുടെ 10 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. സിക്കിമില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തില്‍ ഇരുന്ന പവന്‍ കുമാര്‍ ചാംലിങിന്റെ പാര്‍ട്ടിയില്‍ നിന്നാണ് ഒരു വിഭാഗത്തെ ബിജെപി അടര്‍ത്തിയെടുത്തത്.തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല.

രണ്ട് സീറ്റുകളില്‍ വീതം വിജയിച്ച രണ്ട് എസ്ഡിഎഫ് എംഎല്‍എമാര്‍ ഓരോ സീറ്റുകള്‍ രാജിവച്ചതോടെ അവരുടെ എംഎല്‍എമാരുടെ എണ്ണം 13 ആയി കുറഞ്ഞിരുന്നു. ഇവരില്‍ നിന്നാണ് ഇപ്പോള്‍ പത്തുപേര്‍ കൊഴിഞ്ഞുപോയിരിക്കുന്നത്. പത്തുപേര്‍ ഒരുമിച്ച് പാര്‍ട്ടിവിട്ടതിനാല്‍ കൂറുമാറ്റ നിരോധന നിയമവും ബാധകമാകില്ല.

ചാംലിങാണ് രാജ്യത്ത് ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രി. ചാംലിങിന്റെ പാര്‍ട്ടിയില്‍ ആകെയുള്ള മൂന്ന് എംഎല്‍എമാരില്‍ രണ്ടുപേര്‍ ഒരു വിഭാഗമായി ചാംലിങിനെതിരെ തിരിഞ്ഞിട്ടുണ്ട്. ഇവരെക്കൂടി ബിജെപിയിലെത്തിക്കാന്‍ നീക്കം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്,.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് അധികാരത്തിലെത്താന്‍ സാധിക്കാതിരുന്ന ഏക സംസ്ഥാനമായിരുന്നു സിക്കിം. മറ്റ് ആറ് സംസ്ഥാനങ്ങളിലും ബിജെപി രൂപീകരിച്ച നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് ആണ് അധികാരത്തിലുള്ളത്.

32 അംഗ സിക്കിം നിയമസഭയിലേക്ക് ഈ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ എസ്ഡിഎഫിനെ പരാജയപ്പെടുത്ത് സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ്‌കെഎം) അധികാരത്തിലെത്തിയിരുന്നു. എസ്ഡിഎഫ് 15 സീറ്റും എസ്‌കെഎം 17 സീറ്റും നേടിയിരുന്നു.

ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ പി നഡ്ഡയില്‍ നിന്ന് ഇവര്‍ ബിജെപി അംഗത്വം സ്വീകരിച്ചു. സിക്കിമില്‍ അധികാരത്തിലുള്ള പ്രേം സിങ് തമാങിന്റെ എസ്‌കെഎം ബിജെപി നേതൃത്വം നല്‍കുന്ന നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സിന്റെ ഭാഗമാണ്. എസ്‌കെഎം സര്‍ക്കാരിനെ മറിച്ചിടാനുള്ള ശക്തിയായെങ്കിലും തല്‍ക്കാലം സര്‍ക്കാരിന് ഭീഷണിയില്ലെന്നാണ് വിലയിരുത്തല്‍.

Related News