12 September 2024, Thursday
KSFE Galaxy Chits Banner 2

സില്‍ക്യാര ജീവന്‍ രക്ഷാ പ്രവര്‍ത്തനം; പ്രഖ്യാപിച്ചത് നാമമാത്ര പാരിതോഷികം

* നിരസിച്ച് റാറ്റ് ഹോള്‍ മൈനേഴ്സ് 
Janayugom Webdesk
ഡെറാഡൂണ്‍
December 23, 2023 9:22 pm

സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിച്ച റാറ്റ് ഹോള്‍ മൈനേഴ്സിന് നാക്കപ്പിച്ച തുക പാരിതോഷികം നല്‍കി ഉത്താരഖണ്ഡ‍് സര്‍ക്കാര്‍. എന്നാല്‍ 50,000 രൂപയുടെ ചെക്ക് നല്‍കി തങ്ങളെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിഫലം സ്വീകരിക്കില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. 

ദിവസങ്ങളോളം തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറംലോകത്ത് എത്തിക്കാന്‍ കഴിഞ്ഞത് റാറ്റ് ഹോള്‍ മൈനേഴ്സിന്റെ രക്ഷാപ്രവര്‍ത്തനത്തിലൂടെയായിരുന്നു. സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഫലമായി നല്‍കിയ ചെക്ക് സ്വീകരിച്ചത്. എന്നാല്‍ ചെക്ക് ബാങ്കില്‍ നല്‍കില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. ജീവന്‍ പണയപ്പെടുത്തിയാണ് തങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ തങ്ങളെ അവഹേളിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. 

തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാന്‍ ഡല്‍ഹി ആസ്ഥനമായ റോക്ക് വെല്‍ എന്റര്‍പ്രൈസസായിരുന്നു അവസാന ശ്രമം നടത്തിയത്. മുഖ്യമന്ത്രി പുഷ്കസിങ് ധാമി നല്‍കിയ ചെക്ക് സ്വീകരിക്കാന്‍ തൊഴിലാളികള്‍ വിസമ്മതം പ്രകടിപ്പിച്ചിരുന്നതായി കമ്പനി ഉടമ വീല്‍ ഹസന്‍ പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിരന്തര സമ്മര്‍ദവും, തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാമെന്ന ഉറപ്പും മൂലമാണ് അവര്‍ ചെക്ക് സ്വീകരിച്ചത്. തൊഴിലാളികള്‍ക്ക് സ്ഥിരമായ ജോലിയോ, ഈ താെഴിലില്‍ നിന്ന് രക്ഷനേടാന്‍ സഹായമാകുന്ന വിധമുള്ള തുകയോ നല്‍കുകയായിരുന്നു വേണ്ടത്. ജീവിതകാലം മുഴുവന്‍ കുഴികള്‍ കുഴിച്ച് ജീവിക്കാനവില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞതായും അദ്ദേഹം പ്രതികരിച്ചു.

കല്‍ക്കരി ഖനനമാണ് റാറ്റ് ഹോള്‍ മൈനേഴ്സിന്റെ ജോലി. അശാസ്ത്രീയവും അപകടം നിറഞ്ഞതുമായ ഈ തൊഴില്‍ സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടി 2014ല്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ റാറ്റ് ഹോള്‍ മൈനിങ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. നിരോധനം മറികടന്നും റാറ്റ് ഹോള്‍ മൈനിങ് ഇന്നും സജീവമായി തുടരുന്നതായാണ് റിപ്പോര്‍ട്ട്.

Eng­lish Summary;Silkyara Life Sav­ing Oper­a­tion; A nom­i­nal reward is announced
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.