25 April 2024, Thursday

പെൺകരുത്തിന്റെ രജത ജൂബിലി

എം വി ഗോവിന്ദന്‍
തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി
May 17, 2022 6:00 am

നവകേരള നിർമ്മിതിയുടെ പുതിയഘട്ടത്തിലാണ് കുടുംബശ്രീ പ്രസ്ഥാനം രജത ജൂബിലിയിലേക്ക് കടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്ത്രീ മുന്നേറ്റങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന കുടുംബശ്രീ, രാജ്യത്തിന്റെ സാമൂഹിക ചരിത്രത്തിലെ സുപ്രധാനമായ വഴിത്തിരിവുകൂടിയാണ്. സ്ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്ര്യ നിർമ്മാർജ്ജനം എന്ന ലക്ഷ്യത്തോടെ 1998 മെയ് 17നാണ് കുടുംബശ്രീ പിറവികൊള്ളുന്നത്. പ്രവർത്തന മികവുകളുടെ ഇരുപത്തിയഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ 45,85,677 അംഗങ്ങളുടെ കരുത്തോടെയാണ് ഈ പ്രസ്ഥാനമുള്ളത്. 3,06,551 അയൽക്കൂട്ടങ്ങളും 19,470 എഡിഎസുകളും 1,070 സിഡിഎസുകളും പ്രവർത്തിക്കുന്നു. ഇതിന് പുറമെ 3,02,595 അംഗങ്ങളുള്ള യുവതീ ഓക്സിലറി ഗ്രൂപ്പുകളും സജീവമാണ്. ലോകമെങ്ങുമുള്ള വിവിധ രാജ്യങ്ങൾ കേരളത്തിന്റെ സ്ത്രീപർവത്തെ മനസിലാക്കാനും പകർത്താനും ശ്രമിക്കുന്നുണ്ട്. അസർബൈജാൻ, എതോപ്യ, ഉഗാണ്ടപോലുള്ള രാജ്യങ്ങൾ കേരളത്തിലെ കുടുംബശ്രീ പ്രവർത്തകരെ അവരുടെ രാജ്യങ്ങളിലേക്ക് കൊണ്ടുപോയി ദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ രീതിശാസ്ത്രം അവിടങ്ങളിൽ നടപ്പിലാക്കാനുള്ള പരിശ്രമത്തിലാണ്. മറ്റ് പല രാജ്യങ്ങളും കേരളത്തിലേയ്ക്ക് വന്ന് ഈ കേരള മോഡലിനെ മനസിലാക്കി. സ്ത്രീപദവി, തുല്യത തുടങ്ങിയ ഉത്തരവാദിത്തങ്ങൾ നിരന്തരം ചവിട്ടിമെതിക്കപ്പെടുന്ന ഇന്ത്യയെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോഴാണ് കുടുംബശ്രീപോലുള്ള ബദലുകളെ ഉയർത്തിപ്പിടിച്ച് കേരളം വ്യത്യസ്തമായി നിൽക്കുന്നത്. കുടുംബശ്രീ എന്ന സ്ത്രീപക്ഷ പ്രസ്ഥാനത്തിന് കേരളത്തിൽ ആരംഭം കുറിക്കാൻ കഴിഞ്ഞത് അതിന് അനുയോജ്യമായ രാഷ്ട്രീയ, സാമൂഹിക അടിത്തറ ഇവിടെ നിലവിലുള്ളത് കൊണ്ടാണ്. അത് ഒരു സ്വാഭാവിക പരിണിതിയല്ല.

1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ സംസ്ഥാനത്തിന്റെ വികസനത്തിനായി നടപ്പിലാക്കിയ നയങ്ങൾ അതിൽ നിർണായകമാണ്. സാമ്പത്തികമായി പിന്നാക്കമാണെങ്കിലും ഉചിതമായ പുനർവിതരണ പരിപാടികളിലൂടെ താരതമ്യേന ഉയർന്ന ജീവിതനിലവാരം ജനങ്ങൾക്ക് ലഭിച്ചതും സാർവത്രിക വിദ്യാഭ്യാസവും പ്രാഥമിക ആരോഗ്യപരിരക്ഷയും മിനിമം കൂലിയും ഭൂരിപക്ഷത്തിനും വീട് വയ്ക്കാൻ ഭൂമി ലഭ്യമാക്കിയതുമൊക്കെ ആ സർക്കാരായിരുന്നു. ജാതി വ്യവസ്ഥയുടെ ഭീകരമായ രൂപങ്ങളെ ഇല്ലായ്മ ചെയ്യാനും അന്ന് സാധിച്ചു. ലോകം ചർച്ച ചെയ്ത ഇത്തരം നേട്ടങ്ങൾ ഇടതുപക്ഷ സർക്കാരുകൾ തുടർന്നും ഉണ്ടാക്കിയപ്പോൾ, സംസ്ഥാനത്ത് അധികാരത്തിൽ വന്ന വലതുപക്ഷ സർക്കാരുകൾ അവയെ തകർക്കുന്ന നിലപാടാണ് കൈക്കൊണ്ടത്. എങ്കിലും സമരപന്ഥാവുകളിലൂടെ നടന്ന് അത്തരം നീക്കങ്ങളെ പ്രതിരോധിക്കാൻ കേരളം പരിശ്രമിച്ചു. നേട്ടങ്ങളോടൊപ്പം സമ്പദ്ഘടനയിലെ ചില കോട്ടങ്ങളെയും നാം അഭിമുഖീകരിച്ചു. സാമൂഹ്യ നേട്ടങ്ങൾക്കനുസൃതമായ സാമ്പത്തിക വളർച്ച ഇവിടെ ഉണ്ടായില്ല. കാർഷിക, വ്യാവസായിക മേഖലകൾ ദുർബലമായതും തൊഴിലില്ലായ്മ വർധിച്ചുവന്നതും വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും നിലവാര തകർച്ചയുമൊക്കെ വിഷയങ്ങളായിരുന്നു. ഇവ പരിഹരിക്കുന്നതിനുള്ള കർമ്മപദ്ധതിക്ക് ഇടതുപക്ഷം രൂപം നൽകി. കാർഷിക വ്യാവസായികാദി മേഖലകളിൽ ഉല്പാദനവും ഉല്പാദനക്ഷമതയും ഉയർത്തിയും സേവന മേഖലയിൽ ഗുണമേന്മ ഉറപ്പുവരുത്തിയും മുന്നോട്ടുപോകണമെന്ന് കണ്ടു. ജനപങ്കാളിത്ത വികസന മാതൃകയ്ക്ക് ഊന്നൽ കൊടുക്കണമെന്നും അധികാര വികേന്ദ്രീകരണ പ്രവർത്തനങ്ങൾ ഇതിന് അനിവാര്യമാണെന്നും അഭിപ്രായ സ്വരൂപണമുണ്ടായി.


ഇതും കൂടി വായിക്കാം; സ്ത്രീകളുടെ അവകാശങ്ങളും മനുഷ്യാവകാശം


കേരളത്തിൽ അവശേഷിക്കുന്ന ദാരിദ്ര്യത്തിന്റെ തുരുത്തുകളിൽ പ്രത്യേക സാമൂഹ്യശ്രദ്ധ പതിയണമെന്നും വികസനത്തിന് സ്ത്രീപങ്കാളിത്തം ഗൗരവമായി പരിശോധിച്ച് നടപ്പിലാക്കണമെന്നും ആഹ്വാനമുയർന്നു. തുടർന്നാണ് 1996ൽ അധികാരത്തിൽ വന്ന ഇടതുപക്ഷ ഗവൺമെന്റ് ജനകീയാസൂത്രണം എന്ന പേരിൽ അധികാര വികേന്ദ്രീകരണത്തിനായുള്ള ശക്തമായ പ്രവർത്തനം തുടങ്ങിയത്. വൈകാതെ തന്നെ കുടുംബശ്രീ പ്രസ്ഥാനവും ആരംഭിച്ചു. തുടർന്ന് അധികാരത്തിൽ വന്ന വലതുപക്ഷ സർക്കാർ നവ ഉദാരവല്ക്കരണ നയങ്ങൾ അടിച്ചേൽപ്പിക്കുക എന്ന അജണ്ടയുമായാണ് മുന്നോട്ടുപോയത്. കുടുംബശ്രീയെ തകർക്കാനും ശ്രമമുണ്ടായി. അന്ന് കുടുംബശ്രീ പ്രവർത്തകരുടെ രാപ്പകൽ സമരത്തെത്തുടർന്ന് ഗ്രാമീണ ഉപജീവന മിഷന്റെ നോഡൽ ഏജൻസിയായി കുടുംബശ്രീയെത്തന്നെ നിശ്ചയിക്കാൻ അവർ നിർബന്ധിതരായി. അക്കാലത്ത് തദ്ദേശ സ്വയംഭരണ വകുപ്പിനെ മൂന്നായി വിഭജിച്ചതും കുടുംബശ്രീയുടെ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിച്ചു. കുടുംബശ്രീ പഞ്ചായത്തുവകുപ്പിനു കീഴിലായിരുന്നു. അതുകൊണ്ട് നഗരവികസനവകുപ്പിന് കുടുംബശ്രീയോട് മമതയുണ്ടായിരുന്നില്ല. ഗ്രാമ വികസനവകുപ്പാകട്ടെ നിസഹകരണ മനോഭാവമാണ് പുലർത്തിയത്. ബ്ലോക്കുതലത്തിൽ അവർ സമാന്തരമായ സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കുകവരെ ചെയ്തു. ഇടതുപക്ഷ സർക്കാർ കുടുംബശ്രീക്ക് നൽകിയ ആനുകൂല്യങ്ങൾ പലതും യുഡിഎഫ് സർക്കാർ അട്ടിമറിച്ചു. കുടുംബശ്രീ വായ്പയുടെ പലിശ നിരക്ക് രണ്ട് ശതമാനം വർധിപ്പിച്ചു. വലിയ മഹിളാരോഷമാണ് ഇതിനൊക്കെ എതിരായി അലയടിച്ചത്. ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ശക്തമായ പിന്തുണയോടെയാണ് ഇന്ന് കുടുംബശ്രീ കൂടുതൽ കരുത്തോടെ നിൽക്കുന്നത്. സാമ്പത്തിക ശാക്തീകരണത്തിന്റെ വഴികളിലൂടെ ദാരിദ്ര്യ നിർമ്മാര്‍ജ്ജനം എന്നതാണ് കുടുംബശ്രീയുടെ ലക്ഷ്യം.

സ്ത്രീശാക്തീകരണത്തിലേക്ക് നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം സാമ്പത്തിക ശാക്തീകരണമാണ്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് ഇന്ന് 5586.68 കോടി രൂപയുടെ സമ്പാദ്യമുണ്ട്. ഓരോ അംഗത്തിനും വിശ്വാസത്തോടെ സമീപിക്കാൻ സാധിക്കുന്ന ഇടമായും വീട്ടുമുറ്റത്തെ ബാങ്കായും അയൽക്കൂട്ടങ്ങൾ മാറിയിരിക്കുന്നു. കുടുംബശ്രീ ഇന്റേണൽ ലോണായി 22021.33 കോടി രൂപയാണ് നൽകിയിട്ടുളളത്. 2,51,125 അയൽക്കൂട്ടങ്ങൾ വിവിധ ബാങ്കുകളുമായി ലിങ്ക് ചെയ്യുകയും 15475.34 കോടി രൂപ വായ്പയെടുത്ത് കൃത്യമായ തിരിച്ചടവോടെ മുന്നോട്ടുപോവുകയും ചെയ്യുന്നു. കോവിഡ് കാലത്ത് അയൽക്കൂട്ട അംഗങ്ങളെ സഹായിക്കുന്നതിനായി ആവിഷ്ക്കരിച്ച ‘മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി‘യുടെ ഭാഗമായി സംസ്ഥാനത്തെ 25.15 ലക്ഷം അയൽക്കൂട്ട അംഗങ്ങൾക്കായി 1917.55 കോടി രൂപയാണ് ലഭ്യമാക്കിയത്. പലിശ സബ്സിഡി ഇനത്തിൽ 165.04 കോടി രൂപയും നൽകി. പരമ്പരാഗത തൊഴിൽ സംരംഭങ്ങളിൽ നിന്നും പുതുസംരംഭങ്ങളിലേക്ക് വഴിമാറുന്ന കുടുംബശ്രീയെയാണ് ഇന്ന് കാണാൻ സാധിക്കുക. ആദ്യഘട്ടത്തിൽ പരിമിതമായ അറിവും കഴിവും ഉപയോഗിച്ചുള്ള ചെറുകിട സംരംഭങ്ങളായിരുന്നുവെങ്കിൽ മാറുന്ന കാലത്തിനും ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കും വിപണി സ്വഭാവത്തിനും അനുസൃതമായി വൈവിധ്യമാർന്ന സംരംഭങ്ങൾ ആരംഭിക്കുന്ന നിലയിൽ അയൽക്കൂട്ട വനിതകളെ സജ്ജരാക്കുവാനും അവരുടെ നൈപുണ്യം വർധിപ്പിക്കുവാനും കുടുംബശ്രീക്ക് സാധിച്ചു. കുടുംബശ്രീ ഉല്പന്നങ്ങൾക്ക് മെച്ചപ്പെട്ട വിപണിയും വരുമാന ലഭ്യതയും ഉറപ്പു വരുത്തുന്നതിനായി നടത്തുന്ന വിപണന മേളകളോടൊപ്പം കുടുംബശ്രീ ബസാർ ഡോട്ട് കോം എന്ന പേരിൽ ഓൺലൈൻ വിപണന രംഗത്തും ചുവടുറപ്പിച്ച് കഴിഞ്ഞു. ആമസോൺ, സഹേലി, ഫ്ലിപ്കാർട്ട് എന്നിവയുമായി സഹകരിച്ചും ഉല്പന്ന വിപണനം നടത്തുന്നുണ്ട്. സംസ്ഥാനത്ത് 3,43,271 വനിതാ കർഷകർ 74,776 കാർഷിക കൂട്ടായ്മകളിലൂടെ 33,310.05 ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യുന്നു. ആട്ഗ്രാമം, ക്ഷീരസാഗരം, കേരള ചിക്കൻ എന്നീ പദ്ധതികളിലൂടെ മൃഗസംരക്ഷണ മേഖലയിലും കുടുംബശ്രീയുണ്ട്.


ഇതും കൂടി വായിക്കാം; മനുവാദം ഇന്ത്യയെ വിഴുങ്ങാൻ ശ്രമിക്കുമ്പോൾ


രണ്ട് ഐടി യൂണിറ്റുകളും ഒരു ഐടി കൺസോർഷ്യവും 19 ട്രെയിനിങ് ഗ്രൂപ്പുകളും കുടുംബശ്രീയുടേതായുണ്ട്. വിവിധ സംരംഭക മേഖലകളിൽ 91,060 ഗ്രൂപ്പുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നു. 1,184 ജനകീയ ഹോട്ടലുകൾ പ്രവർത്തിപ്പിക്കുന്നു. കുടുംബശ്രീ വനിതകളുടെ മികവുകൾ പറയാൻ ഇനിയും ഏറെയുണ്ട്. സ്ത്രീധനത്തിനെതിരെ, സ്ത്രീപീഡനത്തിനറുതി വരുത്താൻ സ്ത്രീപക്ഷ നവകേരളം യാഥാർത്ഥ്യമാക്കുവാൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ കേരളത്തിലെ സ്ത്രീകൾ മുന്നോട്ടുവന്ന കാലയളവാണിത്. സമൂഹത്തിൽ ഉണ്ടാവുന്ന സ്ത്രീവിരുദ്ധമായ പ്രവർത്തനങ്ങളെയും ചിന്തകളെയും മറ്റും ഇല്ലാതാക്കാനുതകുന്ന സർവതല സ്പർശിയായ ക്യാമ്പയിനാണ് സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി ഉയർത്തിക്കൊണ്ടുവരുന്നത്. 2021 ഡിസംബർ 18ന് സ്ത്രീപക്ഷ നവകേരളത്തിന്റെ ഉദ്ഘാടനത്തെ തുടർന്ന് നാടും നഗരവും ഇളക്കിമറിക്കുന്ന നിരവധി പ്രചരണ പരിപാടികൾ കുടുംബശ്രീ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പതിനാല് ജില്ലകളിലെ 600 ഓളം കേന്ദ്രങ്ങളിൽ കലാകാരികളായ 168 വനിതകൾ സ്ത്രീശക്തീകലാജാഥയിലൂടെ നാടുണർത്തി. വർത്തമാനകാല വനിതാ മുന്നേറ്റങ്ങളിൽ സാംസ്കാരിക ഇടപെടലുകൾക്ക് വളരെയേറെ പ്രാധാന്യമുണ്ട്. കുടുംബശ്രീയുടെ നിയമാവലി അനുസരിച്ച് ഒരു കുടുംബത്തിലെ ഒരു സ്ത്രീക്കാണ് അയൽക്കൂട്ടത്തിൽ അംഗമാകാൻ സാധിക്കുക. രജത ജൂബിലി വർഷത്തിലേക്ക് കടക്കുമ്പോൾ സർക്കാർ കണ്ട ഒരു പരിമിതി ഈ മാനദണ്ഡപ്രകാരം യുവതികൾക്ക് കുടുംബശ്രീയുടെ ഭാഗമാകാൻ സാധിക്കുന്നില്ല എന്നതാണ്. കുടുംബശ്രീ യുവതീ ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിക്കാൻ ഇപ്പോഴത്തെ സർക്കാർ തീരുമാനിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.

18 മുതൽ 40 വയസുവരെയുള്ള വനിതകളാണ് ഇതിൽ അംഗങ്ങളാവുക. നല്ല വിദ്യാഭ്യാസ യോഗ്യതയുള്ളവരും എന്നാൽ വീട്ടമ്മമാരായി ഒതുങ്ങാൻ നിർബന്ധിതരാവുകയും ചെയ്യുന്ന യുവതികൾക്ക് അവർ പഠിച്ച മേഖലകളിൽ തൊഴിലവസരം ലഭ്യമാക്കാനാണ് യുവതീ ഓക്സിലറി ഗ്രൂപ്പുകൾ ശ്രമിക്കുന്നത്. സംസ്ഥാനത്ത് 19,555 ഓക്സിലറി ഗ്രൂപ്പുകൾ ഇതിനകം നിലവിൽ വന്നു. 3,02,595 അംഗങ്ങളാണ് ഓക്സിലറി ഗ്രൂപ്പുകളിലുള്ളത്. ഇത് ഇനിയും വിപുലപ്പെടുത്തും. സാമൂഹിക വികസന പ്രക്രിയയിൽ സ്ത്രീകളുടെ സംഘശക്തിയെ എപ്രകാരം ഫലപ്രദമായി ഉപയോഗിക്കാം എന്നത് സംബന്ധിച്ച വിശദവും ആഴത്തിലുള്ളതുമായ ആസൂത്രണ നിർവഹണ പ്രക്രിയകളുടെ കരുത്തുറ്റ തുടർച്ചയാണ് കഴിഞ്ഞ കാലങ്ങളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടന്നത്. സ്വന്തമായി നേടുന്ന സാമ്പത്തിക പിൻബലമാണ് സാമൂഹികവും മാനസികവുമായ അന്തസും അഭിമാനവും നേടാൻ കരുത്തുനൽകുന്നതെന്നും അത് ഭൗതിക ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുന്ന പ്രധാന ഘടകമാണെന്നുമുള്ള സന്ദേശം ഓരോ സ്ത്രീയുടെ മനസിലും ഊട്ടിയുറപ്പിക്കാൻ കഴിഞ്ഞകാല പ്രവർത്തനങ്ങളിലൂടെ കുടുംബശ്രീക്ക് സാധിച്ചിട്ടുണ്ട്. സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമിട്ടുകൊണ്ടുള്ള മാറ്റങ്ങൾ പ്രാവർത്തികമാക്കാൻ അവരുടെ പങ്കാളിത്തം അനിവാര്യമാണ്. പങ്കാളിത്തത്തിലെ പരിമിതികൾ സമൂഹത്തെയാകമാനം പ്രതികൂലമായി ബാധിക്കും. സ്ത്രീകളുടെ ദുഃസ്ഥിതി ഇല്ലാതാക്കി സുസ്ഥിതി സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് നൽകുന്ന ഊന്നലിനൊപ്പം പങ്കാളിത്തത്തിനും പ്രാധാന്യം നൽകണം. അസമത്വം ഇല്ലാതാക്കാൻ ഇത് ഗുണം ചെയ്യും. സ്വന്തമായി വരുമാനവും വീടിന് പുറത്ത് ജോലി കണ്ടെത്താനുള്ള പ്രാപ്തിയും കുടുംബത്തിനകത്തും പുറത്തും തീരുമാനങ്ങളെടുക്കാനും മറ്റുമുള്ള സ്ത്രീപക്ഷ സാക്ഷരത സ്ത്രീകൾക്ക് നൽകേണ്ടതുണ്ട്. സ്വാതന്ത്ര്യവും അധികാരവും ലഭിക്കുമ്പോൾ സ്ത്രീകളുടെ ശബ്ദത്തിനും പങ്കാളിത്തത്തിനും കരുത്ത് കൂടും. സമൂഹത്തിൽ സ്ത്രീപദവി ഉയരും. കുടുംബശ്രീയുടെ രജത ജൂബിലി വർഷത്തിൽ ഇത്തരം ചിന്തകൾ തെളിക്കുന്ന പുതുവഴികളിലൂടെ മുന്നേറി, സ്ത്രീപക്ഷ നവകേരളം യാഥാർത്ഥ്യമാക്കാൻ കുടുംബശ്രീ വനിതകൾ കൈകോർക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.