February 9, 2023 Thursday

സിൽവർ ലൈൻ ഡിപിആർ അംഗീകരിച്ചു : പദ്ധതി അഞ്ചു വർഷത്തിനകം

Janayugom Webdesk
തിരുവനന്തപുരം
April 16, 2020 9:28 pm

കേരളത്തിലെ ഗതാഗത സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന തിരുവനന്തപുരം-കാസർകോട് അർധ അതിവേഗ റയിൽപാതയുടെ (സിൽവർ ലൈൻ) വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) കേരള റയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (കെ റയിൽ) ബോർഡ് യോഗം അംഗീകരിച്ചു. സാധ്യതാ പഠനറിപ്പോർട്ടിലെ അതേ അലൈൻമെന്റ് ഏറെക്കുറെ അംഗീകരിച്ചുകൊണ്ട് തിരുവനന്തപുരം മുതൽ തിരൂർ വരെ ഇപ്പോഴത്തെ റയിൽപാതയിൽനിന്ന് മാറിയും തുടർന്ന് കാസർകോട് വരെ ഇപ്പോഴത്തെ പാതയ്ക്ക് സമാന്തരവുമായിട്ടായിരിക്കും സിൽവർ ലൈൻ നിർമ്മിക്കുന്നത്. ഡിപിആർ പ്രകാരം പുതുക്കിയ പദ്ധതി ചെലവ് 63,941 കോടി രൂപയാണ്.

സാധ്യതാ പഠന റിപ്പോർട്ടിലുണ്ടായിരുന്നതിനെക്കാൾ രണ്ടായിരത്തിലേറെ കോടി രൂപ കുറവാണിത്. ഈ വർഷം പണി തുടങ്ങി അഞ്ചു വർഷം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഡിപിആർ ഇനി സംസ്ഥാന സർക്കാരിനും റയിൽവെ മന്ത്രാലയത്തിനും സമർപ്പിക്കും. പദ്ധതിക്ക് തുടർന്ന് നീതി ആയോഗ്, കേന്ദ്ര മന്ത്രിസഭ എന്നിവയുടെ അനുമതി വാങ്ങണം. രണ്ട് പുതിയ റയിൽവേ ലൈനുകൾ ചേർത്ത് ഹരിത ഇടനാഴിയായി നിർമ്മിക്കുന്ന ഈ പാതയിലൂടെ മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾക്ക് സഞ്ചരിക്കാനാകും. ഒൻപതു കാറുകൾ വീതമുള്ള ഇഎംയു ആണ് സിൽവർലൈനിൽ ഉപയോഗിക്കുന്നത്. ഒരു ട്രെയിനിൽ 675 യാത്രക്കാർ. ബിസിനസ് ക്ലാസിൽ ഓരോ വശത്തും രണ്ടു സീറ്റു വീതവും സ്റ്റാൻഡാർഡ് ക്ലാസിൽ ഒരു വശത്ത് മൂന്നും മറുവശത്ത് രണ്ടും സീറ്റുകൾ.

ഇന്ധനം കെഎസ്ഇബിയിൽനിന്നും സൗരോർജ യൂണിറ്റുകളിൽനിന്നും ലഭ്യമാക്കും. തിരുവനന്തപുരത്തുനിന്ന് 11 ജില്ലകളിലൂടെ 530. 6 കിലോമീറ്റർ നാലു മണിക്കൂർ കൊണ്ട് പിന്നിട്ട് കാസർകോടെത്തുന്ന സിൽവർ ലൈനിൽ 11 സ്റ്റേഷനുകളുണ്ടാകും. ഏറെ തിരക്കുള്ള തിരുവനന്തപുരം-എറണാകുളം ഭാഗത്ത് യാത്രാസമയം ഒന്നര മണിക്കൂറാണ്. പാരീസിലെ സിസ്ട്ര ജിസിയാണ് കെ റയിലിനുവേണ്ടി ഡിപിആർ തയാറാക്കിയത്. കേരള സർക്കാരും ഇന്ത്യൻ റയിൽവെയും ചേർന്ന് രൂപം നൽകിയതാണ് കെ റയിൽ. എയർക്രാഫ്റ്റ് ഉപയോഗിച്ചുള്ള ലൈഡാർ സർവെ, പല തരത്തിലുള്ള മലിനീകരണത്തിന്റെ തോത് അടിസ്ഥാനപ്പെടുത്തിയുള്ള പരിസ്ഥിതി ആഘാത പഠനം, ശാസ്ത്രീയമായ മണ്ണു പഠനം, രാത്രിയാത്ര, വിനോദ സഞ്ചാരം തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള ഗതാഗത സർവെ എന്നിവയ്ക്കുശേഷം കഴിഞ്ഞ മാസമാണ് ഡിപിആർ തയാറാക്കിയത്. കോവിഡ് വ്യാപനം മൂലം കെ റയിൽ ബോർഡ് കൂടാൻ കഴിയാതിരുന്നതുകൊണ്ട് റിപ്പോർട്ട് പുറത്തിറക്കാൻ വൈകുകയായിരുന്നു. സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വളർച്ചയെ ത്വരിതപ്പെടുത്തുന്ന തരത്തിലായിരിക്കും പദ്ധതി നടപ്പാക്കുന്നതെന്ന് കെ റെയിൽ മാനേജിംഗ് ഡയറക്ടർ വി അജിത് കുമാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.