June 6, 2023 Tuesday

Related news

June 3, 2022
May 17, 2022
April 28, 2022
April 2, 2022
March 27, 2022
March 26, 2022
March 14, 2022
March 14, 2022
February 23, 2022
February 22, 2022

അസെന്‍ഡ് കേരള 2020 ല്‍ ‘സില്‍വര്‍ ലൈന്‍’ അവതരണം

Janayugom Webdesk
January 8, 2020 7:51 pm

കൊച്ചി: അര്‍ദ്ധ അതിവേഗ റെയില്‍പാതയായ സില്‍വര്‍ ലൈനിനെക്കുറിച്ചുള്ള അവതരണം നാളെ. ബോള്‍ഗാട്ടി ലുലു കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ആരംഭിക്കുന്ന ആഗോള നിക്ഷേപക സംഗമമായ അസെന്‍ഡ് കേരള-2020 ല്‍ നടക്കും.

അസെന്‍ഡിലെത്തുന്ന ഏറ്റവും വലിയ പദ്ധതികളിലൊന്നായ സില്‍വര്‍ ലൈനിന്‍റെ അവതരണം കേരള റെയില്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ (കെആര്‍ഡിസിഎല്‍) മാനേജിങ് ഡയറക്ടര്‍ വി. അജിത് കുമാര്‍ ആണ് നടത്തുന്നത്. കേരളത്തില്‍ നിക്ഷേപം നടത്താന്‍ താല്പര്യമുള്ളവര്‍ക്ക് ഏറ്റവുമധികം അവസരങ്ങള്‍ നല്കുന്ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍. സംസ്ഥാന സര്‍ക്കാരും റെയില്‍ മന്ത്രാലയവും ചേര്‍ന്നാണ് കെആര്‍ഡിസിഎല്‍ എന്ന കമ്പനിയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച പദ്ധതിക്ക് റെയില്‍ മന്ത്രാലയവും തത്വത്തില്‍ അനുമതി നല്‍കയിട്ടുണ്ട്. നിക്ഷേപകരെ കണ്ടുപിടിക്കുന്ന നടപടികളുമായി മുന്നോട്ടു പോകാനാണ് റെയില്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതിനുശേഷമുള്ള ആദ്യ അവതരണമാണ് ഇന്ന് അസെന്‍ഡില്‍ നടക്കുന്നത്. ഇന്ത്യയിലെ ഏത് അതിവേഗ റെയില്‍ പദ്ധതിയും പോലെ ആഗോള നിക്ഷേപമാണ് സില്‍വര്‍ ലൈനും പ്രതീക്ഷിക്കുന്നത്.

പദ്ധതിയുടെ വിവിധ ഘടകങ്ങളില്‍ മികച്ച നിക്ഷേപസാധ്യതകളാണ് സില്‍വര്‍ ലൈന്‍ വാഗ്ദാനം ചെയ്യുന്നത്. റെയില്‍വെ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് അനുബന്ധ മേഖലകളിലുണ്ടാകുന്ന വികസനം(ട്രാന്‍സിറ്റ് ഓറിയന്‍റഡ് ഡെവലപ്മെന്‍റ്), സിവില്‍-ഇലക്ട്രിക്കല്‍ മേഖലകളില്‍ 38,000 കോടി രൂപയുടെ എന്‍ജിനീയറിങ്-പ്രൊക്യുര്‍മെന്‍റ്-കണ്‍സ്ട്രക്ഷന്‍ ജോലികള്‍, റെയില്‍ കോച്ചുകളുടെ നിര്‍മാണവും പ്രവര്‍ത്തനവും, അതിവേഗ ചരക്കുവണ്ടികളുടെ സപ്ലൈയും പ്രവര്‍ത്തനവും, ടൂറിസ്റ്റ് ട്രെയിനുകള്‍, 300 വാട്ട് വൈദ്യുതി ഉല്പാദനം, വൈദ്യുതി സംഭരണ സംവിധാനം എന്നിങ്ങനെ തുടങ്ങി പദ്ധതിയില്‍ നേരിട്ടുള്ള നിക്ഷേപം വരെ ആകാം.

ലുലു കണ്‍വെന്‍ഷന്‍ സെന്‍ററിലെ വേമ്പനാട് ഹാളില്‍ നാലു മണിക്ക് ‘യാത്രാവികസനവും വൈദ്യുതി വാഹനങ്ങളും’ എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയിലാണ് അവതരണം. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനാണ് വിവിധ മേഖലയിലെ വിദഗ്ധര്‍ പങ്കെടുക്കുന്ന ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുന്നത്. സംസ്ഥാന ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ ചര്‍ച്ച ഉപസംഹരിക്കും.

കൊച്ചുവേളിയില്‍നിന്ന് കാസര്‍കോടു വരെ 532 കിലോമീറ്റര്‍ നാലു മണിക്കൂര്‍ കൊണ്ട് പിന്നിടാവുന്ന റെയില്‍പാതയുടെ നിര്‍മാണച്ചെലവ് 66405 കോടി രൂപയാണ്. ഈ റെയില്‍ ഇടനാഴി നിര്‍മാണത്തിലൂടെ അര ലക്ഷത്തോളം തൊഴിലവസരങ്ങളാണ് ലഭിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 11,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

Eng­lish sum­ma­ry: Sil­ver line presentation

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.