June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

സില്‍വര്‍ ലൈന്‍: ആകാശ സര്‍വെ പൂര്‍ത്തിയായി

By Janayugom Webdesk
January 5, 2020

തിരുവനന്തപുരം: കേരളത്തിന്റെ അര്‍ധ അതിവേഗ റെയില്‍പാതയായ സില്‍വര്‍ ലൈനിന്റെ അലൈന്‍മെന്റ് നിശ്ചയിക്കുന്നതിനുള്ള ആദ്യപടിയായി നടത്തിയ ആകാശ സര്‍വെ വിജയകരമായി പൂര്‍ത്തിയാക്കി. കഴിഞ്ഞ ചൊവ്വാഴ്ച ആരംഭിച്ച സര്‍വെ ആദ്യ ദിനം കണ്ണൂര്‍ മുതല്‍ കാസര്‍കോട് വരെയായിരുന്നു. ഇന്നലെ തിരുവനന്തപുരത്താണ് സര്‍വെ പൂര്‍ത്തിയായത്. സില്‍വര്‍ ലൈന്‍ ദൈര്‍ഘ്യമായ 531. 45 കിലോമീറ്റര്‍ സര്‍വെ ചെയ്യുന്നതിന് പാര്‍ട്ടെനേവിയ പി 68 എന്ന വിമാനവും അതിലെ ലൈഡാര്‍ സംവിധാനവുമാണ് ഉപയോഗിച്ചത്. ഇതിനു പുറമെ സ്റ്റേഷന്‍ പ്രദേശങ്ങളും സര്‍വെ ചെയ്തു. അഞ്ചു മുതല്‍ പത്തു സെന്റിമീറ്റര്‍ വരെ സൂക്ഷ്മതയിലുള്ള വിവരങ്ങളാണ് ലഭിച്ചത്. സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്ന കേരള റെയില്‍ ഡെവലപ്മെന്‍റ് കോര്‍പറേഷനു (കെ-റെയില്‍) വേണ്ടി ഹൈദരാബാദ് ആസ്ഥാനമായ ജിയോനോ ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനമാണ് സര്‍വെ നടത്തിയത്. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ലൈഡാര്‍ സര്‍വെയും ജിയോനോ തന്നെയാണ് നടത്തിയത്.

സര്‍വെ വിവരങ്ങള്‍ സര്‍വെ ഓഫ് ഇന്ത്യയടക്കമുള്ള ഏജന്‍സികളും സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്ന് പരിശോധിച്ച് തന്ത്രപ്രധാന മേഖലകള്‍ ഒഴിവാക്കിയ ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. തുടര്‍ന്ന് വിശദമായ പദ്ധതി റിപ്പോര്‍ട്ടി(ഡിപിആര്‍)നുവേണ്ടിയുള്ള അലൈന്‍മെന്റ് നിര്‍ണയിക്കും. സര്‍വെ കൃത്യമായി പൂര്‍ത്തിയാക്കിയതിനാൽ ഡിപിആറും ലൊക്കേഷന്‍ സര്‍വെയും വളരെ വേഗം തയാറാക്കി നിർമാണം ആരംഭിക്കാന്‍ കഴിയുമെന്ന് കെആര്‍ഡിസില്‍ എംഡി വി അജിത് കുമാര്‍ അറിയിച്ചു. കേന്ദ്ര റെയില്‍ മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള കമ്പനിയാണ് കെ-റെയില്‍. തിരുവനന്തപുരം മുതല്‍ തൃശൂരിനു സമീപം തിരുനാവായ വരെ 310 കിലോമീറ്റര്‍ ഇപ്പോഴത്തെ റെയില്‍പാതയില്‍ നിന്നു മാറിയും തൃശൂരില്‍ നിന്ന് കാസര്‍കോട് വരെയുള്ള ബാക്കി ദൂരം നിലവിലുള്ള പാതയ്ക്കു സമാന്തരമായിട്ടുമായിരിക്കും സില്‍വര്‍ ലൈനിന്റെ അലൈന്‍മെന്റ്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാണ് ലൈന്‍ സ്ഥാപിക്കുന്നത്. ആകെ പത്തു സ്റ്റേഷനുകളാണുള്ളത്. മറ്റു സ്റ്റേഷനുകളെ ബന്ധിപ്പിക്കാനുള്ള പദ്ധതിയും സില്‍വര്‍ ലൈനിനുണ്ട്. 200 കിലോമീറ്റര്‍ വേഗത്തിലാണ് സില്‍വര്‍ ലൈനിലൂടെ വണ്ടിയോടുക.

ഭൂമിയുടെ കിടപ്പു സംബന്ധിച്ച വിശദവും കൃത്യവുമായ വിവരം ജനജീവിതത്തിനു തടസമുണ്ടാക്കാതെ ലൈഡാര്‍ സര്‍വെ വഴി ശേഖരിച്ചിട്ടുണ്ട്. കാട്, നദികള്‍, റോഡുകള്‍, നീര്‍ത്തടങ്ങള്‍, കെട്ടിടങ്ങള്‍, വൈദ്യുതി ലൈനുകള്‍, പൈതൃക മേഖലകള്‍ എന്നിവയും കൃത്യമായി നിര്‍ണയിച്ചിട്ടുണ്ട്. ഇതിനായി ഉയര്‍ന്ന റെസൊല്യൂനിലുള്ള ക്യാമറയാണ് ലൈഡാര്‍ യൂണിറ്റില്‍ ഉപയോഗിച്ചത്. രണ്ട് ലൈനുകള്‍ക്കുള്ള സ്ഥലം മാത്രമാണ് സില്‍വര്‍ ലൈനിനു വേണ്ടിവരുന്നത്. നഗരങ്ങളില്‍ ആകാശപാതകളിലൂടെയായിരിക്കും ഇത് കടന്നുപോകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.