കാസർകോട്-തിരുവനന്തപുരം സെമി ഹൈസ്പീഡ് റയിൽ പാതയായ സിൽവർലൈൻ നാടിന് മാറ്റമുണ്ടാക്കുന്ന പദ്ധതിയാണെന്നും സർക്കാർ അതിനെ ആ നിലയിൽ കണ്ട് മുന്നോട്ടു പോവുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിൽ വ്യവസായ സംരംഭകരുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.
ഭൂമിയുടെ തരം മാറ്റുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതാണ്. എന്നാൽ ഇതിൽ ചില കാലതാമസം ഉണ്ടാകുന്നുണ്ട്. സർക്കാരിന് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടുണ്ട്. അതുമായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പല മേഖലകളിലും സിയാൽ മോഡൽ സംരംഭങ്ങൾ ആരംഭിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. എച്ച്എൽഎല്ലിന്റെ സ്ഥലത്ത് റബർ പാർക്ക് ഇത്തരത്തിലാണ് ആരംഭിക്കുന്നത്. ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി അനുവദിക്കണമെന്ന് യോഗത്തിലുയർന്ന ആവശ്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വായ്പ എടുത്തു എന്ന കാരണം കൊണ്ട് സ്ഥാപനം നശിക്കാൻ ഇടയാകരുത്. വായ്പ കുടിശിക കണക്കാക്കുന്നതിന് ന്യായവും ശാസ്ത്രീയവുമായ മാർഗം സ്വീകരിക്കേണ്ടതുണ്ട്. ഐടി സ്ഥാപനങ്ങൾ നിലവിൽ ഷോപ്സ് ആന്റ് എസ്റ്റാബ്ളിഷ്മെന്റിനു കീഴിലാണ് രജിസ്റ്റർ ചെയ്യുന്നത്. ഇത് അനുയോജ്യമായ മറ്റൊരു വിഭാഗത്തിൽ രജിസ്റ്റർ ചെയ്യുന്നത് പരിശോധിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ വ്യവസായങ്ങളുടെ പ്രശ്നം പരിഹരിക്കാൻ സെക്രട്ടറിതല സ്റ്റാട്ട്യുട്ടറി കമ്മിറ്റി എന്ന യോഗത്തിലെ നിർദ്ദേശം നല്ലതാണെന്നും സർക്കാർ ഇത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ തൊഴിൽ മേഖലയിലുള്ളവരുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി തൊഴിലാളികളുടെ ഒരു പോർട്ടൽ ആരംഭിക്കുന്നത് ഗൗരവമായി ആലോചിക്കും. വ്യവസായ സ്ഥാപനങ്ങളുമായി ചർച്ച ചെയ്ത് കോഴ്സുകൾക്ക് അന്തിമരൂപം നൽകും. ഉന്നത വിദ്യാഭ്യാസ സമിതികളിൽ വ്യവസായികളെക്കൂടി ഉൾപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ മുഖ്യധാരാ വ്യവസായ സംരംഭകരുടെ വിജയഗാഥയുടെ പ്രകാശനവും നിക്ഷേപ സുഗമമാക്കൽ സെല്ലിന്റെ പ്രഖ്യാപനവും പ്രവാസി കേരളീയരുടെ ക്ഷേമത്തിനായി മുഖ്യമന്ത്രിയുടെ 100 കോടി പ്രത്യേക സഹായ പദ്ധതി പ്രഖ്യാപനവും ചടങ്ങിൽ നടന്നു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ ഇളങ്കോവൻ, സെക്രട്ടറി മുഹമ്മദ് ഹനീഷ് എന്നിവർ സന്നിഹിതരായിരുന്നു. വ്യവസായ സംരംഭകരായ തോമസ് ജോർജ്, ദീപക് അസ്വാനി, സി ഖാലിദ്, സിവി റപ്പായി, വി കെ വർഗീസ്, ജോസ് ഡോമിനിക്ക്, പി കെ അഹമ്മദ്, ഡോ. സഹദുള്ള, ജെ കെ മേനോൻ, നവാസ് മീരാൻ, നാരായണൻ, ജി വിജയരാഘവൻ, സിഐഐ പ്രതിനിധി ഗണേഷ്, വികെസി പ്രതിനിധി അബ്ദുൾ റസാഖ് എന്നിവർ സംസാരിച്ചു.
ENGLISH SUMMARY: Silverline Country Transformation Project: CM
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.