സിലിയുടെ ആഭരണങ്ങള്‍ എവിടെ? 40 പവനോളം സ്വര്‍ണ്ണാഭണങ്ങള്‍ കാണാനില്ല. ആരോപണവുമായി ബന്ധുക്കള്‍

Web Desk
Posted on October 16, 2019, 12:34 pm

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രധാനപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ഭാര്യ സിലിയുടെ ആഭരണങ്ങള്‍ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്. വിവാഹ സമയത്ത് നല്‍കിയ 40 പവനോളം സ്വര്‍ണ്ണാഭണങ്ങളും മരണസമയത്ത് അണിഞ്ഞിരുന്ന ആഭരണങ്ങളുമാണ് കാണാനില്ലാത്തത്.

ആഭരണങ്ങള്‍ മുഴുവന്‍ സിലി പള്ളിയിലെ ഭണ്ഡാരത്തിലിട്ടിരുന്നു എന്നാണ് ഷാജു സിലിയുടെ അമ്മയെ വിളിച്ച് പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ ആഭരണങ്ങള്‍ ചോദിച്ച് വരേണ്ടതില്ലെന്നും ഇവിടെ ആഭരണങ്ങളൊന്നുമില്ലെന്നും ഷാജു പറഞ്ഞിരുന്നു. എന്നാല്‍, സഹോദരിയുടെ ഒരു വള സിലിയുടെ കൈവശമുണ്ടായിരുന്നു. അതൊരിക്കലും സിലി പള്ളിയിലിടാന്‍ വഴിയില്ലല്ലോ എന്ന് അമ്മ ചോദിച്ചു. തുടര്‍ന്ന് ഒരു മാസത്തിനു ശേഷം ഷാജുവും ജോളിയും ഒരു പുതിയ വള വാങ്ങി സിലിയുടെ സഹോദരന്റെ പക്കല്‍ ഏല്‍പ്പിച്ചു.

മരണസമയത്ത് സിലി അണിഞ്ഞിരുന്ന ആഭരണങ്ങള്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ ഒരു കവറിലാക്കി ജോളിയെ ഏല്‍പ്പിച്ചിരുന്നു. മൃതദേഹം വീട്ടില്‍ കൊണ്ടുവരുമ്പോള്‍ ജോളി ആഭരണങ്ങളടങ്ങിയ ബാഗ് സിലിയുടെ സഹോദരന്‍ സിജോയുടെ ഭാര്യയെ ഏല്‍പ്പിച്ചു. സിജോയും ഭാര്യയും അത് ഷാജുവിനെ വിളിച്ച് അലമാരിയില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, സിലിയുടെ ആഭരണങ്ങളൊന്നും തങ്ങളുടെ പക്കിലില്ലെന്നാണ് ഷാജു ഇപ്പോള്‍ പറയുന്നത്.

ആഭരണങ്ങള്‍ ഷാജുവോ മാതാപിതാക്കളോ അറിയാതെ അപ്രത്യക്ഷമാകില്ല. അതല്ലെങ്കില്‍ ജോളി അവ കൈവശപ്പെടുത്തിയിട്ടുണ്ടാകാം. ഈ ആഭരണങ്ങള്‍ സംബന്ധിച്ച ദുരൂഹത നീക്കിയേ പറ്റൂ എന്നും നടപടികളുമായി മുമ്പോട്ടു പോകുമെന്നും സിലിയുടെ ബന്ധു സേവ്യര്‍ പറയുന്നു.