Janayugom Online
simple home

എഴുപതിനായിരം രൂപ ചെലവില്‍ സൂപ്പര്‍ വീട്; ലാളിത്യത്തില്‍ രമേശനെ മാതൃകയാക്കാന്‍ നാട്ടുകാരും

Web Desk
Posted on December 22, 2018, 1:48 pm

ഒ പ്രതീഷ്
ഉപഭോഗ സംസ്‌കാരത്തിന്റെ ഈ കാലത്ത് ഒരു ചെറുപ്പക്കാരന്‍ അനുഭവിക്കുന്ന പ്രധാന പ്രതിസന്ധിയാണ് വിവാഹവും സ്വന്തമായൊരു വീടും. ഇതിനെ ലാളിത്യംകൊണ്ട് മറികടക്കാന്‍ ശ്രമിക്കുകയാണ് കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് കണ്ണോത്ത് രമേശന്‍ എന്ന ചെറുപ്പക്കാരന്‍. 35 വയസുള്ള ഈ യുവാവ് അവിവാഹിതനാണ്. എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം കൂടിയായ രമേശന്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വളരെ വേണ്ടപ്പെട്ടവന്‍. അസുഖ ബാധിതയായ തന്റെ സഹോദരി ദേവകിക്കും മറ്റൊരു സഹോദരിയുടെ മകള്‍ക്കും വേണ്ടി എഴുപതിനായിരം രൂപ ചെലവില്‍ സ്വന്തമായി വീട് നിര്‍മിച്ച് മാതൃകയായിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍.

അസംസ്‌കൃത വസ്തുക്കളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ സ്വന്തമായി വീടെന്ന സ്വപ്‌നം സാധാരണക്കാരന് അന്യമാകുമ്പോള്‍ ലാളിത്ത്യത്തിലൂടെ അതിനെ മറികടക്കാനാവുമെന്ന് രമേശന്‍ തെളിയിക്കുന്നു. എഴുപതിനായിരം രൂപയില്‍ രമേശന്‍ കെട്ടിയ 600 സ്‌ക്വയര്‍ ഫീറ്റ് വരുന്ന വീടിന് രണ്ട് മുറികളും ഒരു ഹാളും അടുക്കളയും പ്രാര്‍ഥനാ മുറി, വര്‍ക്ക് ഏരിയ, സിറ്റൗട്ട്, ബാത്ത്‌റൂം തുടങ്ങിയവയുമുണ്ട്. ഹോളോ ബ്രിക്‌സാണ് ചുമരുകള്‍ക്കായി ഉപയോഗിച്ചത്. ഇതിന്റെ ഒരു കട്ടയ്ക്ക് 30 രൂപയാണ് വില. 1500 കട്ടകള്‍ വേണ്ടിവന്നു ഒരു വീടിന്. കട്ട പൊളിഞ്ഞ് പോകാതിരിക്കാന്‍ ടൈല്‍സ് പണിക്കാര്‍ ഉപയോഗിക്കുന്ന കട്ടര്‍ കട്ടിങ് മെഷീന്‍കൊണ്ട് കട്ട് ചെയ്താണ് നല്‍കിയത്. ഇതിനാല്‍ കുറേ കട്ടകള്‍ ലാഭിക്കാന്‍ കഴിഞ്ഞതായും രമേശന്‍ പറയുന്നു. സിമന്റ് ജനലും വാതിലുകളുമാണ് വീടിന് ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ മരത്തിന്റെ ഉപയോഗം വളരെ കുറഞ്ഞു. മുകളില്‍ ആസ്ബറ്റോസ് ഷീറ്റാണ് ഇട്ടിരിക്കുന്നത്. കുറച്ച് കൂടുതല്‍ പണം ചെലവഴിച്ചാല്‍ ഇത് കോണ്‍ക്രീറ്റ് ചെയ്യുകയോ, ഓട് പാകുകയോ ചെയ്യാവുന്നതുമാണ്. വയറിങ് പണിയും ഒരു സുഹൃത്തിന്റെ സഹായത്തോടെ രമേശന്‍ മുന്നിട്ട് ചെയ്യുകയായിരുന്നു. പ്ലമ്പിങ് ജോലികളും ചെയ്തിട്ടുണ്ട്. പാറപ്രദേശമായതിനാല്‍ കക്കൂസ് ടാങ്ക് കുഴിക്കുന്നതിന് പണം കുറച്ച് ചെലവാക്കേണ്ടി വന്നു. ആരും അതിശയിച്ച് പോകും ഈ ചെറുപ്പക്കാരന്റെ മേല്‍നോട്ടത്തില്‍ കെട്ടിയ വീട് കണ്ടാല്‍. ഉപഭോഗ സംസ്‌കാരത്തിന്റെ പരകോടിയിലെത്തി നില്‍ക്കുന്ന ഇക്കാലത്ത് അധ്വാനംകൊണ്ടും ലാളിത്യംകൊണ്ടും ഇതിനെ മറികടക്കാമെന്ന പാഠം കൂടി രമേശന്‍ നല്‍കുന്നു. ഇത് ഒരു കൂട്ടായ്മയായി ഏറ്റെടുക്കാന്‍ എഐവൈഎഫ് മുന്നോട്ട് വന്നിട്ടുണ്ട്. സമൂഹത്തിലെ നിര്‍ധനരായ സഹോദരങ്ങള്‍ക്ക് കൈത്താങ്ങാവാന്‍ ഒരുങ്ങുകയാണിവര്‍.
മലയാളിയുടെ വീടെന്ന സങ്കല്‍പ്പത്തിന് മാറ്റം വരേണ്ടതുണ്ട് എന്നാണ് ഈ ചെറുപ്പക്കാരന്റെ നിലപാട്. വൈവിധ്യവും പുതുമയും ജീവനും ജീവിതവും എല്ലാം ഈ വീടുകളില്‍ കാണാം. ഏതൊരു ശരാശരി മലയാളിയെയും പോലെ തന്റെ വര്‍ഷങ്ങള്‍ നീണ്ട അധ്വാനം ഒരു വീടിന് വേണ്ടി സമര്‍പ്പിക്കുകയല്ല രമേശന്‍. പ്രയാസങ്ങളെയും പ്രതിസന്ധികളെയും നെഞ്ച് വിരിച്ച് തരണം ചെയ്യുകയാണ് ഈ സഖാവ്.