26 March 2024, Tuesday

ഉറക്കെപ്പാടുക, ഉറച്ചുപാടുക ‘ജനഗണ മന’

സുരേന്ദ്രന്‍ കുത്തനൂര്‍
May 16, 2022 6:00 am

1938ൽ ബോംബെ നിയമസഭയിൽ ഭരണഘടനാ ശില്പി ഡോ. ബി ആർ അംബേദ്കർ ഉന്നയിച്ച ദേശീയത സംബന്ധിച്ച അഭിപ്രായം ഏറെ പ്രസക്തമാണ്. ”ഈ രാജ്യത്തെ ഏതെങ്കിലും ഒരു പ്രദേശം ഏതെങ്കിലുമൊരു പ്രത്യേക സംസ്കാരത്തിന്റെതാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല; ഹിന്ദു സംസ്കാരമാണെന്നോ മുഹമ്മദീയ സംസ്കാരമാണെന്നോ ഗുജറാത്തി സംസ്കാരമാണെന്നോ ഒന്നും അവകാശപ്പെടാനാവില്ല. നാമെല്ലാം ഇന്ത്യക്കാരാണെന്ന ഒരു വികാരം കെട്ടിപ്പടുക്കുകയാണ് പൊതു ലക്ഷ്യം. ഒന്നാമതായി നാം ഇന്ത്യക്കാരാണ്, അതിൽ പിന്നീടാണ് നാം ഹിന്ദുവോ മുസ്‍ലിമോ ആകുന്നത് എന്ന് ചിലയാളുകൾ പറയുന്നത് പോലും സ്വീകാര്യമല്ല. എല്ലാ ആളുകളും ആദ്യവും അവസാനവും ഇന്ത്യക്കാരായിരിക്കണം, ഇന്ത്യക്കാരല്ലാതെ ഒരാളും ഒരിക്കലും മറ്റൊന്നുമാകരുത് എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.” ഈ പ്രസ്താവത്തിന്റെ സമഗ്രരൂപമാണ് നമ്മുടെ ഭരണഘടന. അതുകൊണ്ടാണ് അതിലെ മതനിരപേക്ഷത അന്നും ഇന്നും രാജ്യത്തെ ഹിന്ദുത്വവാദികളുടെ ശത്രുവാകുന്നത്. മതേതരമെന്ന പ്രയോഗം ഭരണഘടനയില്‍ നിന്ന് മാറ്റണമെന്ന് ആഹ്വാനം ചെയ്യുന്ന സവര്‍ക്കറിയന്‍ സംഘം ദേശസ്നേഹത്തിന്റെ ഉടമകളായി ചമയുന്നതിലെ വിരോധാഭാസം തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ ഇനിയും വെെകിക്കൂടാ. ദേശീയഗാനത്തെയും ദേശീയപതാകയെയും അംഗീകരിക്കാതെ, അതിനെ അപമാനിക്കാനാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആർഎസ്എസും സംഘ്പരിവാറും ശ്രമിച്ചുകൊണ്ടിരുന്നത്. ദേശീയ ചിഹ്നങ്ങളോടോ ജനാധിപത്യം, മതേതരത്വം തുടങ്ങിയ മൂല്യങ്ങളോടോ ഒരിക്കലും അവര്‍ ആദരവ് കാണിച്ചിട്ടില്ല. ടാഗോറിന്റെ ‘ജനഗണ മന’, ത്രിവർണ പതാക എന്നിവ മാറ്റി വന്ദേമാതരവും കാവിക്കൊടിയും പകരം കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവരാണിക്കൂട്ടർ. ബങ്കിംചന്ദ്ര ചാറ്റർജിയുടെ നോവലിലെ ‘വന്ദേമാതര’ത്തിന്റെ പൂർണരൂപത്തിൽ മുസ്‍ലിങ്ങൾക്കെതിരായി വ്യാഖ്യാനിക്കപ്പെടാവുന്ന ചില വരികളുണ്ട് എന്നതാണ് ഹിന്ദുത്വ പ്രചാരകർക്ക് അതിനോടുള്ള സ്നേഹത്തിന് കാരണം, അല്ലാതെ ദേശസ്നേഹമല്ല. ദേശീയചിഹ്നങ്ങൾ ജനങ്ങളിൽ ഐക്യം ഉണ്ടാക്കാനുള്ളതാണ്, ഭിന്നിപ്പിക്കാനുള്ളതല്ല എന്ന് അവർക്ക് നന്നായറിയാം. എന്നാല്‍ അടിച്ചേല്പിക്കപ്പെടുന്ന ദേശഭക്തിയുടെ അപ്പോസ്തലന്മാർ ചമഞ്ഞുകൊണ്ട്, ദേശീയപ്രസ്ഥാന കാലത്ത് അതിനെ ഒറ്റുകൊടുത്ത ചരിത്രം മാത്രമുള്ള, ഹിന്ദുത്വവർഗീയവാദികൾ അരങ്ങുവാഴാൻ ശ്രമിക്കുകയാണിപ്പോഴും. നരേന്ദ്രമോഡിയുടെ ഭരണകാലമായപ്പോള്‍ തങ്ങൾ അനുശാസിക്കുന്ന ദേശഭക്തിക്ക് വഴങ്ങാത്തവർ പാകിസ്ഥാനിലേക്ക് പോകണമെന്ന വിടുവായത്തം ഉച്ചത്തില്‍ മുഴക്കാനും തുടങ്ങി. ജനഗണമനയല്ല ദേശീയഗാനമാകേണ്ടതെന്ന് പ്രചരിപ്പിക്കുന്നവര്‍ തന്നെ ദേശീയഗാനത്തെ മറ്റാരെങ്കിലും അവഹേളിക്കുന്നുണ്ടോ എന്ന് തിരഞ്ഞിറങ്ങുന്ന ദുരവസ്ഥയുണ്ടായി. സിനിമ കാണാനിറങ്ങിയവര്‍ ദേശീയഗാനം കേട്ട് എഴുന്നേറ്റുനില്ക്കണം എന്ന കോടതിവിധി അവര്‍ നേടി. തിയേറ്ററില്‍ ജനഗണ മന കേള്‍പ്പിക്കണം എന്ന് 2016ല്‍ വിധിച്ച സുപ്രീം കോടതി തന്നെ 2018ല്‍ ആ വിധി റദ്ദാക്കി എന്നത് മറ്റൊരു വികൃതചരിത്രം. എന്നാല്‍ സംഘ്പരിവാര്‍ ജനഗണമനയെ വെറുതേ വിട്ടിട്ടില്ല. മദ്രസകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കാനിറങ്ങിയിരിക്കുകയാണ് ഇപ്പോഴവര്‍. അവര്‍ ഭരിക്കുന്ന യുപിയില്‍ അങ്ങനെ ഉത്തരവിറക്കി.


ഇതുകൂടി വായിക്കാം; സപ്തതി ആഘോഷിക്കുന്ന ഇന്ത്യൻ പാർലമെന്റ്


മഹാരാഷ്ട്രയിലെ മദ്രസകളിലും ദേശീയഗാനം നിർബന്ധമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു കഴിഞ്ഞു. ‘മതപഠനമായാലും സ്കൂൾ പഠനമായാലും, രാഷ്ട്രത്തെക്കുറിച്ച് അറിയേണ്ടത് അത്യാവശ്യമാണെ‘ന്നാണ് ബിജെപി സ്പിരിച്വൽ കോർഡിനേഷൻ സെൽ മഹാരാഷ്ട്ര മേധാവി ആചാര്യ തുഷാർ ഭോസാലെ പറഞ്ഞത്. ഹരിയാനയും മധ്യപ്രദേശും മദ്രസകളിൽ ദേശീയഗാനം നിർബന്ധമാക്കാനാെരുങ്ങുന്നു. ഇതുസംബന്ധിച്ച് ഹരിയാന വിദ്യാഭ്യാസ മന്ത്രി കൻവർ പാൽ ഗുജ്ജാറും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും സൂചന നൽകി. ഇത് സംഘ്പരിവാറിന്റെ പുതിയ അജണ്ടയാണ്. വിഭാഗീയതയുടെ കാലുഷ്യത്തിലൂടെ രാഷ്ട്രീയമുതലെടുപ്പ് ലക്ഷ്യമിട്ടുള്ള കളിയാണ്. കിട്ടുന്നിടത്തെല്ലാം രാജ്യസ്നേഹം തെളിയിക്കാന്‍ നമ്മളോടാവശ്യപ്പെടാന്‍ ഇവര്‍ക്കെന്താണ് അധികാരം. അങ്ങനെ ആര്‍ക്കെങ്കിലും മുമ്പില്‍ തലകുനിച്ച് ദേശസ്നേഹം പ്രകടിപ്പിക്കാന്‍ മാത്രം അരക്ഷിതമല്ല നമ്മുടെ രാജ്യം. എന്റെയും നിങ്ങളുടെയും മറ്റെല്ലാവരുടെയും ഒരുപോലുള്ള അവകാശമാണ് ദേശീയഗാനവും ദേശസ്നേഹവുമെന്ന് ഹിന്ദുത്വക്കാരോട് ഉറപ്പിച്ചു പറയാന്‍ നമുക്ക് കഴിയണം. ദേശീയത എന്താണെന്ന് ചരിത്രമറിയാത്ത, അല്ലെങ്കില്‍ ചരിത്രത്തെ വികലമാക്കുന്ന മനുവാദികളെ പഠിപ്പിക്കേണ്ടതുണ്ട്. ഭാഷ, മതം, സംസ്കാരം തുടങ്ങിയ ആഭ്യന്തരതത്വങ്ങളെ മുൻനിർത്തിയാണ് യൂറോപ്യൻ ദേശരാഷ്ട്രങ്ങളും അവയുടെ ദേശീയതാസങ്കല്പവും സ്വയം നിർവചിച്ചത്. അതുകൊണ്ടുതന്നെ ആ ദേശീയതാസങ്കല്പങ്ങൾ അതിന്റെ അപരരൂപങ്ങള്‍ കൂടി നിര്‍മ്മിച്ചു കൊണ്ടാണ് വളർന്നുവന്നത്. ദേശീയതകൾ ഫാസിസത്തിന്റെ ബീജം പേറുന്നത് അപരത്വത്തെ നിരന്തരം നിർമ്മിച്ചുകൊണ്ടേയിരിക്കുന്നതുകൊണ്ടാണ്. ദേശരാഷ്ട്രത്തിന്റെ ആത്മനിർവചനം അവിടത്തെ ഒരു വിഭാഗം ജനതയെ ദേശീയതയുടെ അപരങ്ങളാക്കി മാറ്റുകയും അവർ രാഷ്ട്രത്തിലെ സ്വാഭാവിക പൗരത്വത്തിന് ഉടമകളല്ലെന്ന് മുദ്രകുത്തപ്പെടുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഭാഷ, മതം, സംസ്കാരം തുടങ്ങി ഏതെങ്കിലുമൊരു ആന്തരികതത്വത്തെ മുൻനിർത്തിയല്ല ഇന്ത്യൻ ദേശീയത നിലവിൽവന്നത്. ബ്രിട്ടീഷ് ഭരണസംവിധാനം വഴി രൂപപ്പെട്ട അതിർത്തികളുടെയും അതുണ്ടാക്കിയ ചട്ടക്കൂടിന്റെയും സ്വാഭാവിക ഉല്പന്നവുമല്ല ഇന്ത്യൻ ദേശീയത. ഇന്ത്യക്കാർക്ക് തങ്ങൾ ഒരു ജനതയാണെന്ന ബോധം കൈവന്നത് ബ്രിട്ടീഷ് സാമ്രാജ്യത്വവാഴ്ചയ്ക്കെതിരായ സമരമുഖത്ത് കൈകോർത്തപ്പോഴാണ്. അല്ലാതെ ഏകമായ സാംസ്കാരികപൈതൃകം കൊണ്ടല്ല. അങ്ങനെ പങ്കുവയ്ക്കാൻ തരത്തില്‍ സാംസ്കാരികപാരമ്പര്യം ഇന്ത്യയിൽ നിലനിന്നിരുന്നില്ല. ഇന്ത്യൻ ദേശീയതയെ അതിന്റെ രൂപീകരണവേളയിൽ പടിഞ്ഞാറൻ ദേശീയതാരൂപങ്ങളിൽനിന്ന് വ്യത്യസ്തമാക്കിയത് സാമ്രാജ്യത്വവിരുദ്ധവും ജനകീയവുമായ ഈ ഉള്ളടക്കമാണ്. നാനാവിഭാഗം ജനങ്ങളുടെ സമരൈക്യത്തിലാണ് ഇന്ത്യൻ ദേശീയത ഉയർന്നുവന്നത്. പല ഭാഷകൾ, പല മതങ്ങൾ, പല സംസ്കാരങ്ങൾ, വെെവിധ്യമാര്‍ന്ന ജീവിതക്രമങ്ങൾ- ഇവയെല്ലാം ബ്രിട്ടീഷ്‍വിരുദ്ധ സമരമുഖത്ത് ഐക്യപ്പെട്ടു. ഇന്ത്യൻ ദേശീയതയ്ക്ക് കൈവന്ന മതനിരപേക്ഷവും ബഹുസാംസ്കാരികവുമായ ഉള്ളടക്കം അതിന്റെ സാമ്രാജ്യത്വവിരുദ്ധ സമരപാരമ്പര്യവുമായി ബന്ധപ്പെട്ടതാണ് എന്നർത്ഥം. ഇങ്ങനെ സാമ്രാജ്യത്വവിരുദ്ധ സമരത്തിലൂടെ വികസിച്ചുവന്ന മതനിരപേക്ഷവും ബഹുസ്വരാത്മകവുമായ ഇന്ത്യൻ ദേശീയതയെ തകർക്കാൻ തുടക്കംമുതലേ നിലകൊണ്ടവരാണ് ഹിന്ദുത്വവാദികൾ. യഥാർത്ഥത്തില്‍ ഇന്ത്യൻ ജനകീയ ദേശീയതയുടെ ശത്രുക്കളാണവര്‍. വംശീയശുദ്ധി നിലനിർത്തുന്നതെങ്ങനെ എന്ന കാര്യത്തിൽ ഹിറ്റ്ലറിൽനിന്ന് ഇന്ത്യക്കാർക്ക് പലതും പഠിക്കാനുണ്ടെന്ന് പറഞ്ഞ ഗോൾവാൾക്കറും അനുയായികളും ദേശീയപ്രസ്ഥാനത്തെയും ഫെഡറൽ ദേശീയതാസങ്കല്പത്തെയും തകർക്കാനാണ് ശ്രമിച്ചത്. പാശ്ചാത്യമായ മതാത്മക ദേശീയതാ സങ്കല്പത്തെ സാംസ്കാരിക ദേശീയത’എന്ന പ്രച്ഛന്നരൂപത്തിൽ അവതരിപ്പിച്ച് ബ്രിട്ടീഷ്‍വിരുദ്ധസമരത്തെ തകർക്കുന്ന ശക്തിയായാണ് ഹിന്ദുത്വം സ്വാതന്ത്ര്യസമര കാലത്ത് നിലകൊണ്ടത്.


ഇതുകൂടി വായിക്കാം; ദേശീയ ഹോർട്ടിക്കൾച്ചർ മിഷൻ; പദ്ധതി മാനദണ്ഡങ്ങൾ കാലഹരണപ്പെട്ടത്


1990കളിൽ നവലിബറലിസം രംഗത്തെത്തിയതോടെ സാമ്രാജ്യത്വവിരുദ്ധതയിൽ അടിയുറച്ച ഏകതാബോധത്തെയും ദേശീയതാസങ്കല്പത്തെയും ഭരണകൂടം കൈയൊഴിഞ്ഞു. അതോടെ ഹിന്ദുത്വരാഷ്ട്രീയം അതിന്റെ മതാത്മക‑ഫാസിസ്റ്റ് ദേശീയതായുക്തിയെ പുനഃസ്ഥാപിച്ചു തുടങ്ങി. 1930കളിൽ ഇന്ത്യൻ ദേശീയതയെ മതവല്ക്കരിക്കാൻ നടത്തിയ ശ്രമങ്ങളിൽ പരാജിതരായ ഹിന്ദുത്വശക്തികൾ, ഇന്ത്യൻ ദേശീയതയുടെ സാമ്രാജ്യവിരുദ്ധവും ജനകീയവുമായ ഉള്ളടക്കം നഷ്ടമായതോടെ ആ ശ്രമത്തിൽ പടിപടിയായി വിജയം നേടുകയായിരുന്നു. ദേശീയതയുടെ മറപിടിച്ച് രാജ്യത്തെ വർഗീയമായി വിഭജിക്കുന്നതിനുള്ള ഫാസിസ്റ്റ് പരിശ്രമങ്ങൾ ക്രമേണ വിജയം കണ്ടു. ഭരണകൂട വിവേചനം കൊണ്ട് അന്യവല്ക്കരിക്കപ്പെട്ട ദളിതുകൾ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ, ഭിന്നലൈംഗിക വിഭാഗങ്ങൾ എന്നിവര്‍ക്കു വേണ്ടി ഭരണകൂട ദേശീയതയുടെ വിമർശകരായ ഇടതുപക്ഷം, ബുദ്ധിജീവികൾ, വിദ്യാർത്ഥികൾ, കലാസാംസ്കാരിക പ്രവർത്തകർ എന്നിവരെ ഹിന്ദുത്വവാദികള്‍ രാഷ്ട്രവിരുദ്ധരായി മുദ്രകുത്തി. ഹിന്ദുമതം എന്ന സങ്കല്പനം തന്നെ ബ്രിട്ടീഷ്-കൊളോണിയൽ ചരിത്രകാരന്മാരുടെ നിർമ്മിതിയാണ്. ബ്രിട്ടീഷ് അധിനിവേശത്തിനുമുമ്പ് ഹിന്ദുമതം എന്ന സങ്കല്പം നിലവിൽ വന്നിരുന്നില്ല. പൊതു ആചാരങ്ങളോ പൊതുവിശ്വാസങ്ങളോ കൊണ്ട് ബന്ധിക്കപ്പെട്ട ഒരു മതം ഇന്ത്യയിൽ ഇപ്പോഴും നിലവിൽ വന്നിട്ടില്ല. അതുകൊണ്ടാണ് സംഘ‍്പരിവാര്‍ ഉത്തരേന്ത്യൻ ആചാരാനുഷ്ഠാനങ്ങളും ആഘോഷങ്ങളും കേരളത്തിൽ ഉൾപ്പെടെ അടിച്ചേല്പിക്കാൻ തീവ്ര ശ്രമം നടത്തുന്നത്. രാഖിയും കാവിയും കൊണ്ട് ഒരു ഹിന്ദുത്വ ദേശീയതയുടെ നിർമ്മിതിക്കായി അവർ പാടുപെടുകയാണ്. തീര്‍ച്ചയായും മതവിശ്വാസത്തിന്റെയോ ആത്മീയതയുടെയോ അല്ല, മറിച്ച് രാഷ്ട്രീയ സ്വത്വനിർമ്മിതിയാണ് ലക്ഷ്യം. ദേശീയത എന്ന ആശയം വിമർശനാതീതമായ ഒന്നായി എപ്പോഴെങ്കിലും നിലനിന്നിട്ടില്ല. 19-ാം നൂറ്റാണ്ടിൽ ആധുനിക ദേശരാഷ്ട്രങ്ങൾ നിലവിൽവന്ന സന്ദർഭത്തിൽതന്നെ പലതരം വിഭജനയുക്തികള്‍ ഉയര്‍ന്നിരുന്നു. ഒന്നും രണ്ടും ലോകയുദ്ധങ്ങളിൽ ദേശീയത എന്ന ആശയം വഹിച്ച പങ്ക് ദേശീയതാവിമർശനത്തിന്റെ ആക്കം കൂട്ടുകയും ചെയ്തു. ബർട്രാന്റ് റസൽ മുതൽ കേസരി എ ബാലകൃഷ്ണപിള്ള വരെയുള്ള സമുന്നതരായ ബുദ്ധിജീവികൾ ദേശീയതാസങ്കല്പത്തിന്റെ കുടുസില്‍ നിന്ന് സാർവദേശീയതയുടെ വിശാലലോകത്തിനുവേണ്ടി വാദിച്ചു. തൊഴിലാളിവർഗ സാർവദേശീയതയായിരുന്നു ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റുകാരുടെ അടിസ്ഥാന ആദർശം. ഇന്ത്യയിൽ ദേശീയതാവിമർശനത്തിന്റെ ഏറ്റവും വലിയ ശബ്ദം നമ്മുടെ ദേശീയഗാനരചയിതാവും ദേശീയ മഹാകവിയുമായ രബീന്ദ്രനാഥ ടാഗോറിന്റേതായിരുന്നു. ദേശീയത എന്ന ആശയത്തോടുമാത്രമല്ല, കേവലരാജ്യസ്നേഹം എന്ന സങ്കല്പത്തോടും ടാഗോർ വിയോജിപ്പ് പ്രകടിപ്പിച്ചു. രാജ്യസ്നേഹം തന്റെ ആത്മീയ അഭയമല്ലെന്നും തന്റെ അഭയസ്ഥാനം മനുഷ്യവംശമാണെന്നും മഹാകവി പ്രഖ്യാപിച്ചു. മനുഷ്യവംശത്തിനും മാനവികതയ്ക്കും മുകളിൽ ഉയരാൻ രാജ്യസ്നേഹത്തെ അനുവദിക്കില്ലെന്നും ടാഗോർ എഴുതിയിട്ടുണ്ട്. ദേശീയതാസങ്കല്പങ്ങളുടെ സങ്കുചിതത്വത്തിന്റെ പേരിൽ ഗാന്ധിജിയോടുപോലും ടാഗോർ വിയോജിച്ചു. അതും ദേശീയപ്രസ്ഥാനത്തിന്റെ ആവേശം ഇന്ത്യയിൽ പടർന്നുനിൽക്കുന്ന കാലത്ത്. ദേശീയത നാശകാരിയായ ഒരാശയമായിരിക്കുന്നുവെന്നും ഇന്ത്യ നേരിടുന്ന പ്രശ്നങ്ങളുടെ അടിത്തറയായി അത് മാറിയെന്നും ടാഗോർ ദീര്‍ഘദര്‍ശനം ചെയ്തു. അതേ മഹാകവിയുടെ സൃഷ്ടിയാണിപ്പോള്‍ ഹിന്ദുത്വദേശീയവാദികള്‍ ആയുധമാക്കുന്നത്. ഇത് നഖശിഖാന്തം എതിര്‍ത്ത് തോല്പിക്കപ്പെടേണ്ടതാണ്. അതിന് ‘ജനഗണ മന…’ നമ്മള്‍ ഇന്ത്യക്കാര്‍ ഉറക്കെ ഏറ്റുപാടുക തന്നെ വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.