March 26, 2023 Sunday

പാലപ്പൂവിതളില്‍.…

Janayugom Webdesk
കെ കെ ജയേഷ്
May 3, 2020 5:20 am

പ്രണയം തുളുമ്പി നിൽക്കുന്നതായിരുന്നു റഫീക്ക് അഹമ്മദിന്റെ വരികൾ… ശരത്തിന്റെ സംഗീതം ആസ്വാദകരുടെ മനസ്സുകളിൽ നിലാവുപോലെ പെയ്തിറങ്ങി. രഞ്ജിത്ത് സംവിധാനം ചെയ്ത് 2008 ൽ പുറത്തു വന്ന തിരക്കഥ എന്ന ചിത്രത്തിലെ പാലപ്പൂവിതളിൽ വെണ്ണിലാപ്പുഴയിൽ.…. എന്ന പാട്ടിലൂടെയാണ് കോഴിക്കോട്ടുകാരനായ ഗായകൻ നിഷാദ് മലയാള ചലച്ചിത്ര ഗാനരംഗത്ത് ശ്രദ്ധേയകനാകുന്നത്. മികച്ച നവാഗത ഗായകനുള്ള ഗൾഫ് മലയാളം മ്യൂസിക്കൽ അവാർഡ് ഉൾപ്പെടെ ഈ പാട്ടിലൂടെ അദ്ദേഹത്തിന് ലഭിച്ചു. ‘നക്ഷത്ര കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി മികച്ച സിനിമാ ഗാനങ്ങളിലൂടെ.… സ്റ്റേജ് ഷോകളിലൂടെ.… ടെലിവിഷൻ പ്രോഗ്രാമുകളിലൂടെ… ആൽബങ്ങളിലൂടെ.… ഉയരങ്ങളിലേക്ക് കുതിക്കുന്ന കെ കെ നിഷാദ് പാട്ടിന്റെ വഴികളിലൂടെയുള്ള യാത്രാനുഭവങ്ങൾ ജനയുഗം വാരാന്തവുമായി പങ്കിടുന്നു

അധ്യാപകനിൽ നിന്ന് ഗായകനിലേക്ക്

കോഴിക്കോട് പറമ്പിൽ ബസാര്‍ സ്വദേശിയാണ്. റിട്ട. സിവിൽ എഞ്ചിനീയറായ അച്ഛൻ ടി എൻ കൃഷ്ണൻകുട്ടിയും അമ്മ ശാരദയും പാട്ടിനെ ഏറെ സ്നേഹിക്കുന്നവർ. സഹോദരി ആതിര കെ കൃഷ്ണുനും ഗായികയാണ്. പാട്ടുകേട്ട് വളർന്ന ഞാനും സംഗീതത്തിന്റെ ലോകത്തേക്കെത്തി. കർണ്ണാടക സംഗീതം ചെറുപ്പം മുതലേ പഠിച്ചു തുടങ്ങി. പാലാ സി കെ രാമചന്ദ്രൻ സാറിനെപ്പോലുള്ള പ്രഗത്ഭരായ സംഗീതജ്ഞരായിരുന്നു ഗുരുക്കൻമാർ. സംഗീതത്തിന്റെ ലഹരി നെഞ്ചിൽ നിറച്ച കോഴിക്കോട് നഗരവും നാട്ടുകാരും എന്നും പ്രോത്സാഹനവുമായി കൂടെ നിന്നു. ബീച്ചിലും ടൗൺഹാളിലുമെല്ലാം പാട്ടിനൊപ്പം ഞാൻ സഞ്ചരിച്ചു. സ്കൂൾ സർവ്വകലാശാല തലങ്ങളിലൊക്കെ നിരവധി മത്സരങ്ങളിൽ വിജയിയായി. രാജ്യത്തിനകത്തും മറുനാടുകളിലും നിരവധി സ്റ്റേജ് ഷോകളിൽ പാടാനുള്ള അവസരവും ലഭിച്ചു. എസ് ജാനകി, വാണിജയറാം പോലുള്ള അനുഗ്രഹീത ഗായകിമാരോടൊപ്പം സ്റ്റേജ് പങ്കിടാൻ കഴിഞ്ഞത് ജീവിതത്തിലെ വലിയ ഭാഗ്യം തന്നെയാണ്.

ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ഞാൻ പിന്നീട് ദേവഗിരി കോളജിൽ ഗസ്റ്റ് അധ്യാപകനായി ജോലിയിൽ പ്രവേശിപ്പിച്ചു. കണക്ക് അധ്യാപകനായി ജീവിതം മുന്നോട്ട് പോകവെയാണ് ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.

ഗന്ധർവ്വ സംഗീതം

2001 ൽ കൈരളി ടിവിയിൽ ആരംഭിച്ച ഗന്ധർവ്വ സംഗീതം എന്ന റിയാലിറ്റി ഷോയിൽ വിജയിച്ചതോടെയാണ് എന്റെ ലോകം സംഗീതമാണെന്ന തിരിച്ചറിവ് ഉണ്ടാകുന്നത്. ഈ പരിപാടിയിലെ എന്റെ പാട്ട് കണ്ടിട്ടാണ് സംവിധായകൻ രാജസേനൻ അദ്ദേഹത്തിന്റെ സിനിമയിൽ പാടാൻ വിളിക്കുന്നത്. ‘നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരിയായിരുന്നു’ ആദ്യ ചിത്രം. നടൻ പൃഥ്വിരാജിന്റെ ആദ്യ സിനിമയും ഇതായിരുന്നു. പാട്ടിന്റെ റെക്കോർഡിംഗ് തൃശ്ശൂരിലെ ചേതന സ്റ്റുഡിയോയിൽ വെച്ചായിരുന്നു. എസ് രമേശൻ നായർ എഴുതിയ രണ്ട് ഗാനങ്ങളാണ് ആലപിച്ചത്. പുത്തൂരം വീട്ടിലെ തച്ചോളി പാട്ടിലെ.…, കളരിക്കും കാവിനും തുടങ്ങിയ രണ്ടു ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് രാജസേനന്റെ തന്നെ സ്വപ്നം കൊണ്ടൊരു തുലാഭാരം എന്ന ചിത്രത്തിലും പാടി. സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനുമായിരുന്നു ആ ചിത്രത്തിലെ നായകൻമാർ. ഓർമ്മകളെ വിടപറയൂ.. എന്ന മെലഡി ടച്ചുള്ള ഗാനവും ശ്രദ്ധിക്കപ്പെട്ടതോടെ അധ്യാപകന രംഗം പൂർണ്ണമായി ഉപേക്ഷിച്ച് പാട്ടിന്റെ ലോകത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു

കല്ലായി കടവത്തെ പെരുമഴക്കാലം

കലാഭവൻ മണി നായകനായ കണ്ണിനും കണ്ണാടിക്കും എന്ന ചിത്രത്തിലാണ് എം ജയചന്ദ്രന്റെ സംഗീത സംവിധാനത്തിൽ ആദ്യമായി ഞാൻ പാടുന്നത്. നേരത്തെ ഗന്ധർവ്വ സംഗീതത്തിന്റെ വിധികർത്താവെന്ന നിലയിൽ അദ്ദേഹത്തിന് എന്നെ പരിചയമുണ്ട്. കോഴിക്കോട് വെച്ചാണ് എം ജയചന്ദ്രനുമായി കൂടുതൽ അടുക്കുന്നത്. കമൽ സംവിധാനം ചെയ്ത പെരുമഴക്കാലം എന്ന ചിത്രത്തിന്റെ പാട്ടുകൾ ഒരുക്കുന്ന സമയം. കോഴിക്കോടും കല്ലായി കടവുമെല്ലാം പശ്ചാത്തലമാകുന്ന സിനിമ. സംഗീതമൊരുക്കുന്നതിനിടെ സഹായത്തിനായി അദ്ദേഹം എന്നെ വിളിച്ചു. തൊണ്ട വേദന കാരണം പ്രയാസത്തിലായ അദ്ദേഹം കമലിന് ഈണം പാടിക്കേൾപ്പിക്കാൻ എന്നെ ഏൽപ്പിച്ചു. കല്ലായിക്കടവത്തെ, മെഹ്റുബ മെഹ്റുബ എന്നിങ്ങനെ തുടങ്ങുന്ന പാട്ടുകൾ കമലിന് ഞാൻ പാടിക്കേൾപ്പിച്ചു. ജയചന്ദ്രൻ സാറുമായുള്ള ബന്ധം അന്ന് മുതലാണ് ശക്തിപ്പെടുന്നത്. പിന്നീട് അദ്ദേഹത്തിന്റെ നിരവധി ഹിറ്റ് പാട്ടുകൾ പാടാൻ എനിക്ക് അവസരം ലഭിച്ചു. ‘നോട്ടം’ എന്ന സിനിമയിലെ മയങ്ങിപ്പോയി എന്ന ഗാനം കെ എസ് ചിത്രയാണ് പാടുന്നത്. പുരുഷ ശബ്ദത്തിൽ കൂടി ഈ പാട്ട് റെക്കോർഡ് ചെയ്യാമെന്ന അഭിപ്രായം വന്നപ്പോൾ അദ്ദേഹം അത് പാടാനായി എന്നെ തെരഞ്ഞെടുത്തു.

മോഹൻലാൽ നായകനായ മാമ്പഴക്കാലത്തിലെ കണ്ടു കണ്ടു കൊതി കൊണ്ടു നിന്നു, കലാഭവൻ മണി നായകനായ ലോകനാഥൻ ഐ എ എസിലെ മഞ്ചാടി കൊമ്പിൽ…, വിനയൻ സംവിധാനം ചെയ്ത് മണിക്കുട്ടൻ ആദ്യമായി നായകനായ ബോയ് ഫ്രണ്ടിലെ ഓമനേ ഉണ്ണീ നീ ഓമനിപ്പൂ തുടങ്ങിയ പാട്ടുകളും ജയചന്ദ്രന്റെ സംഗീതത്തിൽ ഞാൻ പാടി. അദ്ഭുത ദ്വീപിലെ ഹോ രാജ രാജ, രാത്രി മഴയിലെ ആലോലം കണ്മണി, സർക്കർ ദാദയിലെ സലാം സലാം സാമി തുടങ്ങിയ പാട്ടുകൾക്കെല്ലാം ശേഷമാണ് ശരത്തിന്റെ സംഗീത സംവിധാനത്തിൽ പാലപൂവിതളിൽ എന്ന ഗാനം പുറത്തുവരുന്നത്. തിരക്കഥയിലെ ഈ പാട്ടാണ് എന്റെ ആദ്യത്തെ സൂപ്പർഹിറ്റ് എന്ന് പറയാം. ഗദ്ദാമയിലെ നാട്ടുവഴിയോരത്തെ ഉൾപ്പെടെയുള്ള ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. വിശ്വജിത്തിന്റെ സംഗീത സംവിധാനത്തിൽ പുറത്തിറങ്ങിയ സത്യം പറഞ്ഞാ വിശ്വസിക്കുമോയും ബിജിപാൽ സംഗീതം പകർന്ന ഒരു കാറ്റിൽ ഒരു പായക്കപ്പലുമാണ് അവസാനമായി റിലീസ് ചെയ്തത്.

പുറത്തിറങ്ങാനുള്ള സിനിമകൾ

കോവിഡ് 19 നെതിരെയുള്ള പോരാട്ടത്തിലാണ് ലോകം. അതിനിടയിൽ സിനിമാ ലോകവും നിശ്ചലമായിരിക്കുന്നു. ചിത്രീകരിച്ച നിരവധി സിനിമകളാണ് പുറത്തിറങ്ങാനുള്ളത്. ബിജിപാലിന്റെ സംഗീതത്തിൽ ഞാൻ പാടിയ രണ്ടു ചിത്രങ്ങളാണ് പുറത്തിറങ്ങാനുള്ളത്. മഹാകവി പി കുഞ്ഞിരാമൻ നായരുടെ ജീവിതകഥയെ ആസ്പദമാക്കി നിർമ്മിച്ച കളിയച്ഛന് ശേഷം ഫാറൂഖ് അബ്ദുറഹ്‌മാൻ സംവിധാനം ചെയ്യുന്ന പൊരിവെയിൽ, സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ചിത്രമായ ക്ഷണം എന്നിവയാണ് ഈ സിനിമകൾ. പൊരിവെയിലിൽ ഇന്ദ്രൻസും സുരഭിയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. ജനകീയ കൂട്ടായ്മയിൽ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ഇത്. ക്ഷണത്തിൽ ഭരത് ലാൽ, അജ്മൽ അമീർ, ബൈജു സന്തോഷ് എന്നിവരാണ് മുഖ്യവേഷത്തിൽ. കോവിഡ് കാലം കഴിഞ്ഞാൽ ഈ ചിത്രങ്ങൾ തിയേറ്ററുകളിലെത്തും.

കോവിഡ് കാലം

കോവിഡ് കാലത്ത് പറമ്പിൽ ബസാറിലെ വീട്ടിലാണ് ഞാൻ. ഇതിനിടയിൽ കോവിഡ് പശ്ചാത്തലമാക്കി ഒരു പാട്ടൊരുക്കി. ‘അടുത്തുണ്ടോ എന്നറിയില്ലല്ലോ…’ എന്ന് തുടങ്ങുന്ന പാട്ട് ചിത്രീകരിച്ച് യൂ ട്യൂബിൽ റിലീസ് ചെയ്തിട്ടുണ്ട്. ഹിലാൽ ഹസ്സൻ ആണ് പാട്ടെഴുതിയത്. ‘ബർഖാ ഋതു’ എന്നൊരു ആൽബവും ഇതിനിടെ പുറത്തിറങ്ങി.

‘ചിത്രശലഭം’ എന്നൊരു ആൽബവും ഒരുക്കുന്നുണ്ട്. പി കെ ഗോപി രചിച്ച് ബിജീഷ് കൃഷ്ണ സംഗീതം നൽകിയ നാലു പാട്ടുകളാണ് ഈ ആൽബത്തിലുള്ളത്. ഇതിൽ ഒരു പാട്ട് മാത്രമാണ് പുറത്തിറങ്ങിയത്. കോവിഡ് പിടിമുറുക്കിയതോടെ മറ്റ് പാട്ടുകൾ ഇറക്കാൻ കഴിഞ്ഞില്ല. കോവിഡ് കാലം കഴിഞ്ഞാൽ ഈ പാട്ടുകളും പുറത്തിറക്കണം. ആൽബത്തിലെ പുറത്തിറങ്ങിയ ഗാനരംഗത്ത് ഞാനും ഭാര്യ സവിജ നിഷാദും മകൻ ആദിത്യനുമാണ് അഭിനയിച്ചിട്ടുള്ളത്. ഗായകൻ എന്നതിലുപരി ഞാനൊരു അഭിനേതാവുമാണ് എന്ന് ആളുകൾ പറയുമ്പോൾ സന്തോഷം. അനുശ്രീ ചന്ദ്രനാണ് ഈ ആൽബം സംവിധാനം ചെയ്തത്. ഒരു ട്രഡീഷണൽ ഹിന്ദുസ്ഥാനി ഭജൻ കൂടി ഇതിനിടയിൽ പുറത്തിറക്കിയിട്ടുണ്ട്. ഇതും യൂ ട്യൂബിൽ റിലീല് ചെയ്തിട്ടുണ്ട്. മക്കളായ ആദിത്യനും അയാനും സംഗീതത്തോട് താത്പര്യമുണ്ടെന്നത് വലിയ സന്തോഷം.

കാലം മാറുകയാണ്. ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയുമെല്ലാം പുതിയ ഗായകർ തരംഗമായി മാറുന്നു. വേദികൾ ലഭിക്കാതെ കഴിവുകൾ ലോകത്തെ അറിയിക്കാൻ കഴിയാതെ പോയ നിരവധി പേരുണ്ട്. എന്നാൽ പുതിയ കാലത്ത് കൂടുതൽ അവസരങ്ങൾ ഉണ്ടാവുന്നത് സന്തോഷകരമാണ്. കോവിഡ് എന്ന മഹാമാരിയെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിലാണ് ലോകവും നമ്മുടെ നാടും. അതിനൊപ്പം നമുക്കും ചേർന്നു നിൽക്കാം.. കാലം മാറും. സംഗീതവും സിനിമയും നൃത്തവുമെല്ലാം നിറഞ്ഞു നിൽക്കുന്ന ദിവസങ്ങൾ തിരിച്ചുവരും.. അതുവരെ നമുക്ക് വേണ്ടി.… നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി.. നാടിന് വേണ്ടി.… നമുക്ക് വീടുകളിൽ കഴിയാം…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.