19 April 2024, Friday

സിംഘു കൊലപാതകം: സര്‍ക്കാര്‍ സംശയനിഴലിൽ

Janayugom Webdesk
ന്യൂഡല്‍ഹി
October 19, 2021 10:24 pm

കർഷക സമരം അട്ടിമറിക്കാൻ സിഖ് പോരാളികളായ നിഹാംഗ് വിഭാഗത്തിന്റെ നേതാവ് ബാബാ അമൻ സിങ്ങിന്റെ സഹായം കേന്ദ്ര സർക്കാർ തേടിയെന്ന് റിപ്പോർട്ടുകൾ. സിംഘു അതിർത്തിയിൽ കർഷക സമരസ്ഥലത്ത് ദളിത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത നിഹാംഗ് സംഘടനയ്ക്ക് കേന്ദ്ര സർക്കാരുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് സൂചന. കഴിഞ്ഞ ജൂലൈയിൽ നിഹാംഗ് സംഘടനാ തലവൻ ബാബ അമൻ സിങും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറും മറ്റ് ബിജെപി നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും പ്രചരിക്കുന്നു. കേന്ദ്രമന്ത്രി അമൻ സിങ്ങിനെ പൊന്നാട അണിയിക്കുന്നതും അയാൾക്കൊപ്പം സല്‍ക്കാരത്തില്‍ പങ്കെടുക്കുന്നതുമായ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കേന്ദ്ര കൃഷി സഹമന്ത്രി കൈലാഷ് ചൗധരിയുടെ ഡൽഹിയിലെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ മറ്റ് പ്രമുഖരും പങ്കെടുത്തിരുന്നു. ഝാർഖണ്ഡിൽ നിന്നുള്ള എംപി സുനിൽ കുമാർ, സൗരവ് സരസ്വത്, ബിജെപി കിസാൻ മോർച്ച ദേശീയ സെക്രട്ടറി സുഖ്മിന്ദർപാൽ സിങ് ഗ്രേവാൾ, കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പഞ്ചാബ് പൊലീസിലെ ഉദ്യോഗസ്ഥനുമായിരുന്ന ഗുർമീത് പിങ്കി എന്നിവരും ചർച്ചയിൽ പങ്കെടുത്തിരുന്നു.

കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ പഞ്ചാബിലെയും ഹരിയാനയിലെയും ബിജെപി നേതാക്കൾ വൻ പ്രതിഷേധം നേരിട്ട സമയത്തായിരുന്നു കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ 15ന് കൊല്ലപ്പെട്ട ലഖ്ബീർ സിങ്ങിന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത നിർവൈർ ഖൽസ ഉട്ന ദളിന്റെ അധ്യക്ഷനാണ് അമൻ സിങ്. കാനഡയിൽ പ്രവർത്തിക്കുന്ന ഓണ്‍ടാരിയോ സിഖ്സ് ആന്റ് ഗുരുദ്വാര കൗൺസിൽ ചെയർമാൻ കുൽതാർ സിങ് ഗില്ലുമായും അമന് അടുത്ത ബന്ധമുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ നാല് നിഹാംഗ് അംഗങ്ങളാണ് അറസ്റ്റിലായത്. സിംഘു അതിർത്തിയിൽ യുവാവിനെ കയ്യും കാലും വെട്ടി മാറ്റിയ നിലയിൽ തലകീഴായി കെട്ടിത്തൂക്കി കൊല ചെയ്തത് നിഹാംഗ് വിഭാഗമാണെന്ന് പൊലീസും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് നിഹാംഗ് വിഭാഗം വാർത്തകളിൽ ഇടം പിടിച്ചത്. നിഹാംഗിലെ എട്ടു ഗ്രൂപ്പുകളാണ് സിംഘു അതിർത്തിയിൽ സമരവേദിയിൽ ഉള്ളത്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ യുവാവിന്റെ കൊലപാതകത്തിനും പുതിയൊരു മാനം കൈവരികയാണ്. ബാബാ അമൻ സിങ് ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച തങ്ങളോട് പങ്കു വച്ചിട്ടില്ലെന്നും മറ്റൊരു നിഹാംഗ് നേതാവായ രാജാ രാജ് സിങ് വ്യക്തമാക്കി. അമൻ സിങ്ങിനെ പുതിയ സാഹചര്യത്തിൽ തങ്ങളുടെ കൂട്ടത്തിൽ നിന്നും മാറ്റി നിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നിഹാംഗ് നേതാവും ബിജെപി നേതാക്കളുമായി നടന്ന രഹസ്യ കൂടിക്കാഴ്ച സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചു.

10 ലക്ഷവും കുതിരകളെയും വാഗ്ദാനം ചെയ്തു

 

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം നടക്കുന്ന സിംഘു അതിർത്തി വിട്ടു പോകാൻ കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ 10 ലക്ഷം രൂപയും കുതിരകളെയും വാഗ്ദാനം ചെയ്തുവെന്ന് ബാബ അമൻ സിങ് വെളിപ്പെടുത്തി. എന്നാൽ ഈ വാഗ്ദാനം താൻ നിഷേധിക്കുകയായിരുന്നുവെന്ന് അമൻ സിങ് പറഞ്ഞു. ബിജെപി നേതാക്കളുമായി രഹസ്യ ചർച്ച നടത്തിയെന്നുള്ള വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയായിരുന്നു സിങ്ങിന്റെ പ്രതികരണം. എന്നാൽ കാർഷിക നിയമങ്ങൾ പിൻവലിക്കുക, കുറഞ്ഞ താങ്ങുവില ഉറപ്പാക്കുക, പുണ്യസ്ഥലം അശുദ്ധമാക്കിയതുമായി ബന്ധപ്പെട്ട് സംഘടനയ്ക്കെതിരെ പഞ്ചാബിൽ നിലനിൽക്കുന്ന കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളാണ് ചർച്ചയിൽ മുന്നോട്ട് വച്ചതെന്നാണ് സിങ്ങിന്റെ വാദം. ഇവ അംഗീകരിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കാൻ തയാറാകൂ എന്ന് കൂടിക്കാഴ്ചയിൽ പറഞ്ഞതെന്നും സിങ് വ്യക്തമാക്കി. സിംഘു അതിർത്തിയിലെ ധർണ തുടരണോ എന്നത് സംബന്ധിച്ച് ഈ മാസം 27ന് ചേരുന്ന യോഗത്തിൽ തീരുമാനം ഉണ്ടാകുമെന്നും ബാബ അറിയിച്ചു.

 

eng­lish sum­ma­ry; sin­gu murder
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.