12 February 2025, Wednesday
KSFE Galaxy Chits Banner 2

സിനിമയെ സ്നേഹിച്ച എസ് ജയചന്ദ്രൻനായർ

രാജഗോപാൽ എസ് ആർ
January 12, 2025 8:45 am

ലോക സിനിമയെ മലയാളിക്ക് പരിചയപ്പെടുത്തിയ നിരവധി ലേഖനങ്ങളും പുസ്തകങ്ങളും സമ്മാനിച്ചിട്ടാണ് എസ് ജയചന്ദ്രൻ എന്ന മലയാളത്തിലെ ഏറ്റവും മികച്ച ലിറ്റററി എഡിറ്റർ വിടപറഞ്ഞത്. കലാകൗമുദിയിലും മലയാളത്തിലും ജോലിചെയ്ത വളരെ നീണ്ടകാലത്തെ മാധ്യമപ്രവർത്തനകാലത്ത് അദ്ദേഹത്തിന്റേതായി ലോക സിനിമയെ കുറിച്ചുള്ള നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അന്തർദേശീയ സിനിമകളോടുള്ള അദ്ദേഹത്തിന്റെ താല്പര്യം താൻ പത്രാധിപത്യം വഹിച്ചിരുന്ന ആനുകാലികങ്ങളിലെ സിനിമാസംബന്ധമായ ലേഖനങ്ങളിലൂടെ വെളിച്ചം കണ്ടിരുന്നു. അനശ്വരസിനിമകളെയും സംവിധായകരെയും മറ്റു കലാകാരൻമാരെയും കുറിച്ച് അദ്ദേഹം എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ‘കാഴ്ചയുടെ സത്യം’ എന്ന പുസ്തകം. നിരവധി ചലച്ചിത്രമേളകൾ ഒരുമിച്ച് കാണുന്ന പ്രതീതി വായനക്കാരിനിലുണ്ടാക്കിയ ഈ ഗ്രന്ഥം സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിരുന്നു. 

‘ആന്ദ്രേ തർകോവ്സ്കി ജീവിതവും ചലച്ചിത്രങ്ങളും’ എന്ന പുസ്തകം സിനിമാ സംവിധായകൻ, എഡിറ്റർ, എഴുത്തുകാരൻ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ പ്രശസ്തനായ തർകോവ്സ്കിയുടെ ചിത്രങ്ങളിലൂടെയും ജീവിതത്തിലൂടെയുമുള്ള ഒരു സഞ്ചാരമാണ്. തർകോവ്സ്കിയുടെ വ്യക്തിജീവിതത്തിനു പുറമെ സോളാറിസ്, ദ മിറർ, സ്റ്റോക്കർ, ദ സാക്രിഫൈസ്, ആന്ദ്രേ റുബ്ളേവ്, നൊസ്റ്റാൾജിയ എന്ന പ്രശസ്ത ചിത്രങ്ങളെ കുറിച്ച് അതിൽ പ്രതിപാദിച്ചിട്ടുണ്ട്. 

‘ആത്മസംഭാഷണങ്ങളും ജീവിതനിരാസങ്ങളും’ എന്ന പുസ്തകം ഇഗ്മർ ബർഗ്മാൻ എന്ന ചലച്ചിത്രകാരന്റെ സിനിമാ ജീവിതവും അതിനേക്കാൾ സങ്കീർണത നിറഞ്ഞ വ്യക്തിജീവിതവും തുറന്നകാട്ടുന്ന പുസ്തകമാണ്. ദ സെവൻത് സീൽ, വൈൽഡ് സ്ട്രോബറീസ്, ദി വെർജിൻ സ്പ്രിങ്, ത്രൂ എ ഗ്ലാസ് ഡാർക്കലി തുടങ്ങിയ ബർഗ്മാൻ ചിതങ്ങളെക്കുറിച്ച് ആ പുസ്തകത്തിൽ ജയചന്ദ്രൻനായർ വിവരിക്കുന്നുണ്ട്.
അകിര കുറസോവയെക്കുറിച്ചുള്ള ‘ഒരു ദേശം രക്തത്തിന്റെ ഭാഷയിൽ ആത്മകഥയെഴുതുന്നു’ എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ അദ്ദേഹം ഇങ്ങനെ കുറിക്കുന്നു. ”അൻപതുകൊല്ലങ്ങൾക്കിടയിൽ കുറസോവ (1943–1993) സംവിധാനം ചെയ്ത മുപ്പതു ചലച്ചിത്രങ്ങളിൽ റാഷാമോൺ, സെവൻ സമുറായി, ത്രോൺ ഓഫ് ബ്ലഡ്, ഇക്കുറു, റെഡ് ബയേർഡ്, കാഗേ മുഷെ, റാൻ എന്നിവ ക്ലാസിക്കുകളായി വിലയിരുത്തപ്പെടുന്നു. എപ്പോൾ കണ്ടാലും, മതിവരാത്ത അമൂല്യങ്ങളായ കലാസൃഷ്ടികൾ. ഡെസ്റ്റോയവസ്കിയെപ്പോലെ മഹാൻമാരായ എഴുത്തുകാരുടെ രചനകളെപ്പോലെ, കുറോസവയുടെ ചലച്ചിത്രങ്ങൾ കാലത്തെ അതിജീവിക്കുക മാത്രമല്ല, അവ തലമുറകളുടെ അഭിരുചിയിൽ ആഴത്തിൽ തിരുത്തിക്കുറിച്ച് നവമായൊരു മൂല്യബോധം സൃഷ്ടിക്കുന്നു. വാക്കുകൾക്കോ വരകൾക്കോ വാക്യങ്ങൾ കൊണ്ടോ അടയാളപ്പെടുത്താനാവാത്ത ആ ചലച്ചിത്രങ്ങൾ, വെയിലും മഴയും തരുന്ന അനന്തവിശാലമായ ആകാശം പോലെ നമ്മുടെ ജീവിതങ്ങൾക്ക് ഛത്രമാകുന്നു. ആ കുടക്കീഴിൽ നിന്ന് ആഴവും പരപ്പുമുള്ള അഴലാഴിയിൽ നിന്ന് കൈക്കുമ്പിൾ വെള്ളമെടുക്കുന്നതുപോലെയുള്ള ഒരു ശ്രമം മാത്രമാണ്. മറ്റൊരർത്ഥത്തിൽ കുറോസവയുടെ പ്രപഞ്ചത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പുകൾ. ” അതേ. . കുറസോവയുടെ വ്യക്തി — ചലച്ചിത്ര ജീവിതത്തിലൂടെയുള്ള ഒരു യാത്രയായിരുന്നു ആ പുസ്തകം. 

അരവിന്ദനെ കുറിച്ചെഴുതിയ ദേശീയ അവാർഡ് നേടിയ ‘മൗനപ്രാർത്ഥന പോലെ’ എന്ന പുസ്തകത്തിൽ എസ് ജയചന്ദ്രൻനായർ അരവിന്ദനെ ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്: ഒരു ചലച്ചിത്രകാരനെന്ന നിലയിൽ അരവിന്ദൻ അവസാനിക്കാത്ത അന്വേഷണത്തിലായിരുന്നു. പുതിയ പ്രമേയങ്ങൾ. അവയ്ക്ക് അനുയോജ്യമായ ആഖ്യാനശൈലി, ഉത്തരായനത്തിൽ നിന്ന് മാറാട്ടത്തിലെത്തുമ്പോഴേക്ക്, അനനുകരണീയമായ ഒരു ചലച്ചിത്ര ശൈലി അദ്ദേഹം ജീവൻ നൽകിയിരുന്നു. വ്യക്തിപരമായ നിലയിൽ സ്നേഹോഷ്മളത നിലനിർത്തുന്നതിൽ സദാശ്രദ്ധാലുവമായ അദ്ദേഹത്തോട് കൂടിക്കാഴ്ചയ്ക്കിടയിൽ ഉന്നയിച്ച ചോദ്യവും അതിന് മൗനം കൊണ്ടു നൽകിയ ഉത്തരവും അരവിന്ദൻ എന്ന വ്യക്തിയുടെ ആത്മസത്ത വെളിവാക്കുന്നതാണ്. അഭിമുഖകാരൻ അദ്ദേഹത്തോട് ചോദിച്ചു. ”കാഞ്ചന സീതയിൽ യാദൃച്ഛികമായി രാമൻ സരയൂ തീരത്തേക്ക് പോകുന്നതും ഉത്തരായനത്തിൽ രവി കാട്ടിലേക്ക് പോകുന്നതും കുമ്മാട്ടിയിൽ കുമ്മാട്ടി വരുന്നതും പോകുന്നതും ചിദംബരത്തിലെ പശ്ചാത്താപവിവശനായ ശങ്കരന്റെ അന്വേഷണവും തമ്പിൽ കുടുംബസൗഖ്യമുപേക്ഷിച്ച് സർക്കസ് അഭ്യാസികളോടൊപ്പമുള്ള ചെറുപ്പക്കാരന്റെ യാത്രയും, അതിന്റെ പിന്നിലെന്താണ്? അവ അന്വേഷണങ്ങളായാണോ താങ്കൾ സങ്കല്പിക്കുന്നത്? ’ അതിന് അരവിന്ദന്റെ മറുപടി മൗനമായിരുന്നു. ഒരുപാട് അർത്ഥവത്തായ മൗനം. ” അരവിന്ദന്റെ ചിത്രങ്ങളിലൂടെയുള്ള എസ് ജയചന്ദ്രൻനായരുടെ തീർത്ഥാടനയാത്രയായിരുന്നു ആ പുസ്തകം. 

പിറവിയെന്ന സിനിമ പിറവിയെടുത്തതിന് കാരണക്കാരൻ എസ് ജയചന്ദ്രൻനായരാണെന്ന് ഷാജി എൻ കരുൺ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ജയചന്ദ്രൻനായരുടെ തിരക്കഥയിൽ നിന്നുമാണ് ഷാജി എൻ കരുൺ ആ ചിത്രം പടുത്തുയർത്തിയത്. ചിത്രത്തിനായി കാശ് മുടക്കിയതും അദ്ദേഹം തന്നെയാണ്. പിന്നീട് ഷാജി എൻ കരുൺ സംവിധാനം ചെയ്ത സ്വം എന്ന സിനിമയുടെ നിർമ്മാണവും കഥാ-തിരക്കഥാ രചനയും എസ് ജയചന്ദ്രൻനായരുടേതായിരുന്നു. ഷാജി എൻ കരുണിന്റെ ചലച്ചിത്രജീവിത ചിത്രമാണ് 2024 ഡിസംബർ രണ്ടാംവാരം ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച ഏകാന്ത ദീപ്തികൾ എന്ന ജയചന്ദ്രൻനായരുടെ അവസാന പുസ്തകം. പിറവിയ്ക്കും സ്വമ്മിനും പുറമെ വാനപ്രസ്ഥം, സ്വപാനം, ഓള്, കുട്ടിസ്രാങ്ക് എന്നീ ഷാജി എൻ കരുൺ ചിത്രങ്ങളും ഈ പുസ്തകത്തിൽ ചർച്ച ചെയ്യുന്നുണ്ട്. 

സിനിമകളെ പ്രേക്ഷകരിലേക്ക് ആകർഷിക്കുന്നതിൽ ആനുകാലികപ്രസിദ്ധീകരണങ്ങളിലെ ചലച്ചിത്രലേഖങ്ങൾക്കും കോളങ്ങൾക്കും എക്കാലത്തും പ്രസക്തിയുണ്ട്. സമൂഹമാധ്യമങ്ങളിൽ അന്നന്നത്തെ ലൈക്കിനും കമന്റിനും ഭക്ഷണത്തിനും വേണ്ടിയുള്ള റിലീസിങ് ദിന തള്ളലുകൾക്കും ഡിഗ്രേഡിങ്ങിനുമപ്പുറം സിനിമയെ ഗൗരവമായി കണ്ട് ശീലിച്ച മലയാളികൾക്ക് അക്ഷരങ്ങളിലൂടെ എസ് ജയചന്ദ്രൻനായരുൾപ്പെടുള്ള ചലച്ചിത്ര എഴുത്തുകാർ വെട്ടിത്തെളിച്ച വഴിയിലൂടെയുള്ള യാത്ര തുടർന്നേ പറ്റൂ… 

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 11, 2025
February 11, 2025
February 11, 2025
February 11, 2025
February 10, 2025
February 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.