Thursday
22 Aug 2019

ശിശിരകാലം

By: Web Desk | Sunday 11 August 2019 1:33 PM IST


കെ ഇസ്മായില്‍

ശിശിരകാലം, മൂടുപടമണിഞ്ഞ വിതുമ്പുന്ന ഋതുഭേദം
ഹൃത്തില്‍ വിഷാദം തരംഗമായലിയുന്ന ഋതുസംഗമം
ശിശിര മുദ്രകള്‍ വന്യമായ ഒരു ആവാഹന ക്രിയയാണ്..
ശാദ്വല ഭൂവിലെ ഹരിതാഭകള്‍ എങ്ങോ മായുന്നു ആദ്യം
വസന്തത്തിന്റെ സ്വപ്‌ന സാഫല്യങ്ങളത്രയും
പൂക്കളും ശലഭങ്ങളും, കൊഞ്ചും ചെറുകിളികളും
പ്രകൃതിതന്‍ അനന്തമാം വര്‍ണ്ണവൈചിത്ര്യങ്ങളും
ഒരു സ്വപ്നംപോലെ അയഥാര്‍ത്ഥമാവുന്നു.
ശിശിരകാല പത്രങ്ങള്‍ ശയ്യാതലമൊരുക്കുന്ന ഭുവനം
ഒരു ശ്മശാനം കണക്കെ ചാരനിറമാകുന്നു.
ജൈവ ക്ഷേത്രം സാന്ദ്ര ഹിമധവളിമയാല്‍
ഉടയാട അണിയുന്നു..
സൂര്യ തേജസ്സിന് ഗ്രഹണവിളര്‍ച്ച ബാധിക്കുന്നു
സൂര്യ ദീപത്തിന് ചന്ദ്രികയുടെ ലാവണ്യതയും.
പക്ഷെ, ശിശിരത്തിന് താരാട്ടിന്റെ വശ്യതയാണ്,
പണ്ട് നമ്മെയുറക്കിയ അമ്മയുടെ താരാട്ട് പോലെ.
ശിശിരവും താരാട്ട് പാടുന്നു ‘ഉറങ്ങു, യുറങ്ങൂ
ദീര്‍ഘ സുഷ്ുപ്തിയിലാവൂ’..
ബോധമണ്ഡലത്തില്‍ നിന്ന് നാം മെല്ലെമെല്ലെ അകലുന്നു.
കിനാവുകളില്ലാത്ത ശൈശവത്തിന്റെ നിഷ്‌കളങ്ക സുഷുപ്തിയില്‍.
വ്യഥാ സ്വപ്‌നങ്ങളെ വിടപറയൂ, ശിശിരം
ഉപബോധ മനസ്സിനേയും താരാട്ടുപാടിയുറക്കുന്നു.