നവയുഗം “ശിശിരോത്സവം-2019” 29ന് ദമ്മാമിൽ

Web Desk
Posted on November 27, 2019, 7:53 pm

ദമ്മാം: നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി, കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾക്കായി ഒരുക്കുന്ന “ശിശിരോത്സവം-2019”, നവംബർ 29 വെള്ളിയാഴ്ച ദമ്മാമിൽ അരങ്ങേറും. ദമ്മാം ഫൈസലിയയിലെ പാരീസ് പാർട്ടി ഹാളിൽ ഉച്ചയ്ക്ക് രണ്ടു മണി മുതൽ അരങ്ങേറുന്ന ശിശിരോത്സവത്തിൽ പ്രവാസികൾക്കായി വൈവിധ്യങ്ങളായ ഒട്ടേറെ ആഘോഷപരിപാടികൾ ഒരുക്കിയിട്ടുണ്ട്.

സ്ക്കൂൾ കുട്ടികൾക്കായുള്ള ക്വിസ്, ചിത്രരചന മത്സരങ്ങളും, വനിതകൾക്കായുള്ള നല്ല പായസം, മൈലാഞ്ചി മത്സരങ്ങളും രണ്ടര മണി മുതൽ ആരംഭിയ്ക്കും. വിജയികൾക്ക് സ്വർണ്ണ നാണയങ്ങളും ട്രോഫികളും ഉൾപ്പെടെ ആകർഷകങ്ങളായ സമ്മാനങ്ങളും നൽകും.

നാല് മണിയോടെ പ്രവാസി കലാകാരന്മാരുടെ സംഗീത, നൃത്ത, ഹാസ്യ, അഭിനയ കലാപ്രകടനങ്ങൾ അടങ്ങിയ കലാസന്ധ്യ ആരംഭിയ്ക്കും. നൂറോളം കലാകാരന്മാർ വിവിധ പരിപാടികൾ അവതരിപ്പിയ്ക്കും. വൈകുന്നേരം ആറരയ്ക്ക് സൗദി അറേബ്യയിലെ സാമൂഹിക, സാംസ്ക്കാരിക, ജീവകാരുണ്യ, സാഹിത്യ, കല, മാധ്യമ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്ക്കാരിക സദസ്സ്, പുരസ്‌ക്കാര വിതരണം, സാമൂഹിക, ജീവകാരുണ്യ പ്രവർത്തകരെ ആദരിയ്ക്കൽ എന്നിവ ആരംഭിയ്ക്കും. മുൻ എംഎൽഎ സത്യൻ മൊകേരി പരിപാടി ഉത്‌ഘാടനം ചെയ്യും.
ഉച്ചയ്ക്ക് മുതൽ തന്നെ ഫുഡ് ഫെസ്റ്റിവൽ, പ്രവാസി ചിത്രകാരുടെ ചിത്രപ്രദർശനം, പ്രവാസി എഴുത്തുകാരുടെ പുസ്തകപ്രദർശനവും വില്പനയും, മെഡിക്കൽ ക്യാമ്പ് എന്നിവ അരങ്ങേറും. അതോടൊപ്പം പ്രവാസികൾക്ക് നോർക്ക, പ്രവാസി ക്ഷേമനിധി, പ്രവാസി പുനഃരധിവാസം എന്നിവയുമായി ബന്ധപ്പെട്ട വിവിധങ്ങളായ സേവനങ്ങളും നവയുഗം ലഭ്യമാക്കും.

പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. പ്രവാസലോകത്തിൽ ശിശിരത്തിന്റെ വർണ്ണങ്ങൾ വിതറുന്ന, പ്രവാസികൾക്കും കുടുംബങ്ങൾക്കും ഒരിയ്ക്കലും മറക്കാനാകാത്ത വിസ്മയസായാഹ്നം സമ്മാനിയ്ക്കുന്ന ആഘോഷപരിപാടിയായി “ശിശിരോത്സവം-2019” മാറ്റുവാനുള്ള എല്ലാ തയ്യാറെടുപ്പും പൂർത്തിയതായി സംഘാടക സമിതി ചെയർമാൻ ജമാൽ വില്യാപ്പള്ളിയും, ജനറൽ കൺവീനർ ഷാജി മതിലകവും പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് 0509429686, 0532657010, 0537521890, 0538744965 എന്നീ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടുക.