Web Desk

തിരുവനന്തപുരം

December 23, 2020, 6:00 am

സിസ്റ്റർ അഭയ കൊലക്കേസ്; ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാർ; ശിക്ഷ ഇന്ന് വിധിയ്ക്കും

Janayugom Online

നീണ്ട 28 വർഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ സിസ്റ്റർ അഭയ കൊലക്കേസിൽ ഒന്നും, മൂന്നും പ്രതികൾ കുറ്റക്കാരെന്ന് സിബിഐ കോടതി പ്രസ്താവിച്ചു. ഇവർക്കുള്ള ശിക്ഷ ഇന്ന് വിധിയ്ക്കും. കോട്ടയം പയസ് ടെൻത് കോൺവെന്റിലെ സിസ്റ്റർ അഭയയെ കൊന്നതുതന്നെയാണെന്ന് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി കണ്ടെത്തി. കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സെഫിയും കുറ്റക്കാരെന്നും കോടതി പ്രസ്താവിച്ചു.
സിബിഐ കുറ്റപത്രത്തിലെ രണ്ടാം പ്രതിയായിരുന്ന ഫാ. ജോസ് പുതൃക്കയിലിനെ വിചാരണ കൂടാതെ കോടതി നേരത്തെ വിട്ടയച്ചിരുന്നു. കേസ് അന്വേഷണത്തിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നാലാം പ്രതി മുൻ എഎസ്ഐ വി വി അഗസ്റ്റിനെയും കുറ്റപത്രത്തിൽ നിന്നും സിബിഐ ഒഴിവാക്കിയിരുന്നു.

വിധി പ്രഖ്യാപനത്തിന് പിന്നാലെ രണ്ടു പ്രതികളെയും ഫോർട്ട് ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയമാക്കി. ഫാദർ തോമസ് കോട്ടൂരിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും, ശേഷം സിസ്റ്റർ സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലും മാറ്റി. ശിക്ഷ വിധി കേൾക്കാൻ ഇരുവരെയും ഇന്നു വീണ്ടും കോടതിയിൽ ഹാജരാക്കും.
ഇന്നലെ രാവിലെ 11 മണിയോടെയാണ് അഞ്ച് മിനിട്ട് മാത്രം നീണ്ട വിധി പ്രസ്താവം നടന്നത്. പ്രതിക്കൂട്ടിൽ നിർവികാരനായി കോട്ടൂർ നിന്നപ്പോൾ സെഫി പ്രതിക്കൂട്ടിലെ ബഞ്ചിൽ കരഞ്ഞുകൊണ്ട് തളർന്നിരുന്നു. പിന്നീട് വെള്ളം വാങ്ങി കുടിച്ചതിന് ശേഷം കഴുത്തിൽ കിടന്ന കൊന്തയിൽ മുത്തം വച്ച് പ്രാർഥിച്ചു. 11.45ന് കൺവിക്ഷൻ വാറണ്ട് തയാറാകുന്നതുവരെ പ്രതികൾ പ്രതിക്കൂട്ടിൽ നിന്നു. സെഫിയുടെ കൂടെ പതിനഞ്ചോളം കന്യാസ്ത്രികളും, കോട്ടൂരിനൊപ്പം മുപ്പതോളം കോൺവന്റ് ജീവനക്കാരും, ബന്ധുക്കളും വിധി പ്രസ്താവം കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു.

തോമസ് കോട്ടൂരും, സ്റ്റെഫിയും തമ്മിലുള്ള അവിഹിതം കണ്ടതിനെ തുടര്‍ന്ന് കൈക്കോടാലിയുടെ പിടികൊണ്ട് അഭയയുടെ നെറുകയില്‍ മാരകമായി മര്‍ദിച്ച് അബോധാവസ്ഥയിലായപ്പോള്‍ മരിച്ചെന്ന് കരുതി കിണറ്റില്‍ ഉപേക്ഷിച്ചു എന്നാണ് കേസ്.
ഒന്നാം പ്രതിയായ തോമസ് കോട്ടൂരാണ് അഭയയെ കൊല്ലാന്‍ മുഖ്യ പങ്കുവഹിച്ചതെന്നാണ് സിബിഐ കണ്ടെത്തിയത്. സിസ്റ്റര്‍ അഭയയെ തലയ്ക്ക് ആദ്യം അടിച്ചത് കോട്ടൂരാണെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. കോട്ടൂര്‍ അഭയയുടെ തലക്കടിച്ചപ്പോള്‍, രണ്ടാം പ്രതിയായിരുന്ന പൂതൃക്കയിലിനോടൊപ്പം കുറ്റകൃത്യത്തിന് പ്രേരണ നല്‍കിയെന്ന് സിസ്റ്റര്‍ സെഫിക്കെതിരായ കണ്ടെത്തല്‍. എന്നാൽ ജോസ് പുതൃക്കയിലെ കോടതി പിന്നീട് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
സിബിഐയുടെ കുറ്റപത്രത്തില്‍ 133 പ്രോസിക്യൂഷന്‍ സാക്ഷികളാണ് ആകെയുള്ളത്. 28 വര്‍ഷം കാലപ്പഴക്കമുള്ള കേസ് ആയതിനാലും പല സാക്ഷികളും മരിച്ചുപോയതിനാലും പ്രോസിക്യൂഷന് 49 സാക്ഷികളെ മാത്രമേ കോടതിയില്‍ വിസ്തരിക്കാന്‍ കഴിഞ്ഞുള്ളൂ. പ്രതിഭാഗത്തിന് ഒരു സാക്ഷിയെ പോലും വിസ്തരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

1992 മാര്‍ച്ച് 27നാണ് കോട്ടയം ബിസിഎം കോളജിലെ രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന സിസ്റ്റര്‍ അഭയയെ പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം ജില്ലയിലെ അരീക്കരയില്‍ ഐക്കരക്കുന്നേല്‍ വീട്ടില്‍ എം തോമസിന്റെ മകളായിരുന്നു സിസ്റ്റര്‍ അഭയ. 49 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ പ്രതികളെ കോണ്‍വെന്റിന്റെ കോമ്പൗണ്ടില്‍ കണ്ടുവെന്നുള്ള മൂന്നാം സാക്ഷി രാജുവിന്റെ മൊഴിയാണ് നിര്‍ണായകമായത്. സാക്ഷികളില്‍ എട്ടുപേര്‍ കൂറുമാറിയിരുന്നു. എന്നാല്‍ രാജു മൊഴില്‍യില്‍ ഉറച്ചുനിന്നു. ഡിസംബർ 10നാണ് വിചാരണ നടപടികള്‍ അവസാനിച്ചത്. കേസില്‍ ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ വാദം നടത്തിയത്. അഭയ താമസിച്ചിരുന്ന പയസ് ടെന്‍ത് കോണ്‍വെന്റിനു സമീപത്ത് നിന്ന് സിബിഐ സംഘം കസ്റ്റഡിയില്‍ എടുത്ത സഞ്ജു പി മാത്യു എന്നയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം മൂന്ന് പേരിലെത്തിയത്. ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസാണ് സിബിഐ അന്വേഷണത്തിലൂടെ കൊലപാതകമെന്ന് തെളിഞ്ഞത്.

 

Eng­lish Sum­ma­ry; Sis­ter Abhaya mur­der case; Father Thomas Kot­tur and Sis­ter Ste­fi are guilty

You May Also Like This Video