15 വയസ്സുകാരി മൂന്ന് വയസ്സുകാരൻ സഹോദരനെ 28 വെട്ടിന് കൊലപ്പെടുത്തി

Web Desk
Posted on November 12, 2019, 10:40 pm

ബെർലിന്‍: അമ്മയോടുള്ള പകയും അസൂയയും മൂലം 15കാരിയായ മകൾ മൂന്ന് വയസുകാരന്‍ സഹോദരനെ വെട്ടി കൊലപ്പെടുത്തി. ജര്‍മനിയിലെ ഡെറ്റ്മോള്‍ഡ് ന​ഗരത്തിലാണ് സംഭവം. ഒലിവ എന്ന 15കാരിയാണ് നിക്കോ എന്ന മൂന്ന് വയസുകാരനെ കത്തി കൊണ്ട് 28 പ്രാവശ്യം വെട്ടി കൊലപ്പെടുത്തിയത്.

ഒലിവയുടെ അമ്മ ആ​ഗ്നസ്ക്ക കടയില്‍ പോയപ്പോള്‍ നിക്കോയെ നോക്കാന്‍ ഏല്‍പിച്ചു. ആ​ഗ്നസ്ക്ക തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ നിക്കോ രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. പൊലീസും രക്ഷാപ്രവര്‍ത്തകരും പെട്ടെന്ന് എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഒലിവ ഈ സമയം വീട്ടില്‍ നിന്ന് രക്ഷപ്പെട്ടു. നീണ്ട തിരച്ചിലിനൊടുവിലാണ് ഒലിവയെ തെരുവില്‍ നിന്നും പൊലീസ് പിടികൂടിയത്.

അമ്മ തന്റെ പിതാവിനെ ഉപേക്ഷിച്ച ശേഷം രണ്ടാം വിവാഹം കഴിച്ചതാണ് ഈ കൊലയ്ക്കു കാരണമെന്ന് ഒലിവ പൊലീസില്‍ കുറ്റസമ്മതം നടത്തി. മാതാവിന്റെ രണ്ടാം വിവാഹത്തിലുള്ള കുട്ടിയാണ് നിക്കോ. സംഭവം നടക്കുമ്പോള്‍ നിക്കോയുടെ പിതാവ് ജോലി സ്ഥലത്തായിരുന്നു. മാതാവിനോടുള്ള പകയും നിക്കോയോടുള്ള അസൂയയുമാ‌ണു കൊലയ്ക്ക് പിന്നിലെന്ന് പൊലീസും മാധ്യമങ്ങളെ അറിയിച്ചു. ജര്‍മനിയില്‍ കുടിയേറിയ പോളണ്ട് സ്വദേശിയാണ് ഒലിവയും നിക്കോയുടെ മാതാവ് ആഗ്‌നസ്ക്കായും.