കന്യാസ്ത്രീയുടേത് മുങ്ങിമരണമെന്ന് പൊലീസ് നിഗമനം

Web Desk

കൊല്ലം

Posted on September 10, 2018, 7:30 pm

സിസ്റ്റര്‍ സൂസമ്മയുടേത് മുങ്ങിമരണമെന്ന് പൊലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം മരണത്തില്‍ അസ്വാഭാവികമായ തെളിവുകള്‍ കണ്ടെത്തിയിട്ടില്ല. ഞായറാഴ്ച രാവിലെയോടുകൂടിയാണ് സിസ്റ്റര്‍ സൂസമ്മയെ പത്തനാപുരം മൗണ്ട് താബോര്‍ കോണ്‍വെന്റ് പരിസരത്തുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സിസ്റ്ററിന്റെ വയറ്റില്‍ നിന്നെടുത്ത വെള്ളത്തിന്‍റെ സാമ്പിളും കിണറ്റിലെ വെള്ളവും ഒന്ന് തന്നെയാണെന്ന് പൊലീസ് ഉറപ്പിച്ചു. കൂടാതെ, സിസ്റ്ററിന്‍റെ വയറ്റില്‍ നിന്നും നാഫ്തലിന്‍ ഗുളികയും കണ്ടെത്തി. എന്നാല്‍, ബലപ്രയോഗം നടന്നതിന്‍റെയോ മറ്റ് തെളിവുകളോ കണ്ടെത്തിയിട്ടില്ല. അതേസമയം, കൈത്തണ്ടയില്‍ മുറിവ് കണ്ടെത്തിയിട്ടുണ്ട്. രാവിലെ കുര്‍ബാനയ്ക്കു മൗണ്ട് താബോര്‍ ദയറാ വളപ്പിലെ പള്ളിയില്‍ സിസ്റ്റര്‍ സൂസമ്മ എത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സിസ്റ്ററിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.