ചിന്മയാനന്ദിന്റെ പീഡനം: അന്വേഷണത്തിന് പ്രത്യേക സംഘം

Web Desk
Posted on September 02, 2019, 7:36 pm

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദ് പീഡിപ്പിച്ചുവെന്ന നിയമവിദ്യാര്‍ത്ഥിനിയുടെ ആരോപണം അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസ് ആര്‍. ബാനുമതി അധ്യക്ഷയായ ബെഞ്ചിന്റേതാണ് നടപടി.
ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍, അലഹബാദ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കണം അന്വേഷണം. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇതിനായി ബെഞ്ച് രൂപീകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഉത്തര്‍പ്രദേശ് ഷാജഹാന്‍പുരിലെ ലോ കോളജില്‍ നിന്ന് മറ്റൊരു കോളജിലേക്ക് വിദ്യാര്‍ത്ഥിനിയെ മാറ്റണമെന്നും ഉത്തരവിട്ടു. പെണ്‍കുട്ടിയ്ക്ക് സുരക്ഷയൊരുക്കാന്‍ ഷാജഹാന്‍പുര്‍ എസ്.എസ്.പിക്കും നിര്‍ദേശം നല്‍കി. കോടതി നേരത്തെ പെണ്‍കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞിരുന്നു.
ബിജെപി നേതാവിനെതിരെ ലൈംഗിക പീഡന ആരോപണമുന്നയിച്ചതിന് പിന്നാലെ കാണാതായ നിയമ വിദ്യാര്‍ത്ഥിനിയെ കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ഉത്തര്‍പ്രദേശ് സ്വദേശിനിയെ രാജസ്ഥാനില്‍ നിന്നാണ് കണ്ടെത്തിയത്. മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദ് പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി വീഡിയോ സന്ദേശത്തിലൂടെ ആരോപിച്ചിരുന്നു.