ഇടത് അനുഭാവികളുടെ വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചു; സീതാറാം യെച്ചൂരി

Web Desk
Posted on June 05, 2019, 12:36 pm

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ഇടത് അനുഭാവികളുടെ വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭീകരതയില്‍ നിന്നും അടിച്ചമര്‍ത്തലില്‍ നിന്നും ആശ്വാസം ആഗ്രഹിച്ചവര്‍ക്ക് മുന്നിലെ സ്വാഭാവിക പ്രവണത ആയിരുന്നു ഇതെന്ന്  യെച്ചൂരി വിലയിരുത്തി.

മതേതര അടിത്തറ സംരക്ഷിക്കാന്‍ ആഗ്രഹിച്ചവര്‍ തൃണമൂലിന് വോട്ട് ചെയ്തു. ഇത് തൃണമൂലും ബിജെപിയും ഉണ്ടാക്കിയ ധ്രുവീകരണത്തിന്‍റെഫലമാണ്. ഇത്തവണ വോട്ട് രാമന് ഇടതു പാര്‍ട്ടികള്‍ക്ക് പിന്നീട് എന്ന മുദ്രാവാക്യം പോലും തിരഞ്ഞെടുപ്പിനിടെ കേട്ടിരുന്നെന്നും യച്ചൂരി വിശദീകരിച്ചു.

എന്നാല്‍ ഇടത് പാര്‍ട്ടി അംഗങ്ങള്‍ ബിജെപിക്ക് വോട്ട് നല്‍കിയിട്ടില്ലെന്നാണ് സിപിഎം പറയുന്നത്.അനുഭാവികളുടെ വോട്ട്മാത്രമാണ് ചോര്‍ന്നതെന്നും യച്ചൂരി പറഞ്ഞു. തിരഞ്ഞെടുപ്പ് തിരിച്ചടി അവലോകനം ചെയ്യാന്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗം ഏഴാം തീയതി തുടങ്ങും.