ഇടുക്കി ജലനിരപ്പില്‍ ആശങ്കവേണ്ട: മന്ത്രി എംഎം മണി

Web Desk
Posted on May 19, 2020, 7:24 pm

ഇടുക്കി സംഭരണിയിലെ ജലനിരപ്പില്‍ ആശങ്കവേണ്ടെന്ന് മന്ത്രി എം എം മണി. നിലവില്‍ കഴിഞ്ഞ വര്‍ഷത്തിനേത് അപേക്ഷിച്ച് 20 അടി വെള്ളം കൂടുതലുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് കലക്ട്രേറ്റില്‍ ചേര്‍ന്ന ഡാം സേഫ്റ്റി യോഗത്തില്‍ മന്ത്രി അറിയിച്ചു. 2343.7 അടി വെള്ളമാണ് ഇപ്പോള്‍ ഇടുക്കി സംഭരണിയില്‍ ഉള്ളത്. ജലനിരപ്പ് 2373 അടിയിലേറെയെത്തിയാല്‍ മുന്‍ കരുതലെന്ന നിലയില്‍ വെള്ളം തുറന്നുവിടുന്നതിനെക്കുറിച്ച് ആലോചിക്കും. മൂലമറ്റത്ത് പൂര്‍ണ്ണതോതില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകത്തതാണ് ജല നിരപ്പ് കഴിഞ്ഞ വര്‍ഷത്തിലേതിനേക്കാള്‍ കൂടാന്‍ കാരണം. മുന്‍കരുതല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. പ്രളയ ബാധിത സാധ്യതയുള്ള പ്രദേശത്തെ ആളുകളെ വളരെ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും. എറണാകുളം ജില്ലാ കലക്ടറേയും ഡാം സുരക്ഷ മുന്‍ കരുതല്‍ നടപടികള്‍ മുന്‍കൂട്ടി അറിയിക്കും.

മുല്ലപ്പെരിയാര്‍ പ്രശ്‌നം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് വിശദാംശങ്ങള്‍ നല്‍കാന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. ജല സ്രോതസ്സുകളുടെ നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള മാലിന്യ നീക്കം ആരംഭിച്ചു. മഴക്കാല പൂര്‍വ്വ ദുരന്ത പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി വഴിവിളക്കുകളുടെ അറ്റകുറ്റപണി മഴയ്ക്കുമുന്‍പേ തീര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

എം എല്‍ എ മാരായ എസ്. രാജേന്ദ്രന്‍, റോഷി അഗസ്റ്റിന്‍, ഇ എസ് ബിജിമോള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍, ജില്ലാ പോലീസ് മേധാവി പി കെ മധു, എഡിഎം ആന്റണി സ്‌കറിയ, ഡാം സേഫ്റ്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അലോഷി സി പോള്‍, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിനു ബേബി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെവി കുര്യാക്കോസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ് കുമാര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Eng­lish Sum­ma­ry: Sit­u­a­tion under con­trol in Iduk­ki dam says min­is­ter  M M Mani.

You may also like this video: