12 September 2024, Thursday
KSFE Galaxy Chits Banner 2

ശിവഗിരിയില്‍ മാനവമെെത്രീ സംഗമം

കെ പി ഭാന്‍ഷായ്‌ മോഹന്‍
December 30, 2023 4:02 am

ആത്മീയസായൂജ്യം തേടിയുള്ള ശിവഗിരി തീര്‍ത്ഥാടനം ഒമ്പത് ദശകങ്ങള്‍ പിന്നിടുന്നു. കോട്ടയം നാഗമ്പടം ക്ഷേത്രാങ്കണത്തില്‍ മീനച്ചലാറിന്റെ പരിലാളനമേറ്റു നില്‍ക്കുന്ന തേന്മാവിന്‍ ചുവട്ടില്‍ വച്ചാണ് ശിവഗിരി തീര്‍ത്ഥാടനം എന്ന മഹത്തായ സംരംഭത്തിന് ബീജാവാപം നല്‍കിയത്. 1103 മകരം മൂന്നിനാണ് (1928ല്‍ സമാധിക്ക് 101 ദിവസം മുമ്പ്) ഗുരു ശിവഗിരി തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയത്. വല്ലഭശേരി ഗോവിന്ദന്‍ വെെദ്യരും കിട്ടന്‍ റെെട്ടരുമൊന്നിച്ച് ഗുരുവിനെ സന്ദര്‍ശിച്ച വേളയിലാണ് തീര്‍ത്ഥാടനമെന്ന ആശയം ഉടലെടുത്തത്. 1932 ഡിസംബറില്‍ തീര്‍ത്ഥാടനം സമാരംഭിച്ചു. മറ്റ് തീര്‍ത്ഥാടനങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായാണ് ശിവഗിരി തീര്‍ത്ഥാടനത്തെ വിഭാവനം ചെയ്തത്. വിദ്യാഭ്യാസം ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കെെത്തൊഴില്‍, സാങ്കേതിക‑ശാസ്ത്രപരിശീലനങ്ങള്‍ എന്നീ വിഷയങ്ങളെപ്പറ്റി പ്രസംഗപരമ്പരകള്‍ സംഘടിപ്പിച്ച് തീര്‍ത്ഥാടകരെ ഉദ്ബുദ്ധരാക്കണം. തീര്‍ത്ഥാടനം കേവലം ഉത്സവമാക്കരുത്. ജീവിതത്തെ സംസ്കരിക്കുവാനും സമ്പന്നമാക്കുവാനും ഉതകണം.
1888ല്‍ അരുവിപ്പുറം പ്രതിഷ്ഠയോടുകൂടിയാണ് ഗുരുദേവന്‍ പൊതുജീവിതത്തില്‍ ഇടം നേടിയത്. ജാതിഭേദങ്ങളുടെ പേരില്‍ തമ്മിലടിച്ചും ഭീകരപ്രവര്‍ത്തനമുള്‍പ്പെടെയുള്ള പ്രവൃത്തികളിലൂടെ ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ഗുരുദര്‍ശനങ്ങള്‍ക്ക് പ്രാമുഖ്യമേറുന്നു. ശ്രീനാരായണഗുരുവിന്റെ അദ്വെെതദര്‍ശനം മതസമത്വത്തിന് വെളിച്ചമേകുന്നു. സഹിഷ്ണുതയാണ് മതത്തിന്റെ മാര്‍ഗമായി അദ്ദേഹം കണ്ടത്. അതുകൊണ്ടുതന്നെയാണ് ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ മതങ്ങളെ ഒരുപോലെ ആദരിക്കാനും ഗുരുവിന് കഴിഞ്ഞത്.

ഗുരു തെളിയിച്ചെടുത്ത ഈ സര്‍വമത സമഭാവന ശിവഗിരിക്കുന്നില്‍ മതമെെത്രിയുടെ ശംഖനാദം മുഴക്കുന്നു.
ഒരു കെെവിരലുകളില്‍ എണ്ണാവുന്ന ആളുകളടങ്ങിയ ആദ്യത്തെ തീര്‍ത്ഥാടക സംഘത്തിന്റെ സ്ഥാനത്ത് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുമായി പതിനായിരങ്ങളാണ് തീര്‍ത്ഥാടകരായി ശിവഗിരിയിലെത്തുന്നത്. ‘തമസോമാ ജ്യോതിര്‍ഗമയ’ എന്ന ആര്‍ഷമായ പ്രാര്‍ത്ഥനയെ ആ യോഗി അന്വര്‍ത്ഥമാക്കി. പ്രൊഫ. എം കെ സാനുവിന്റെ ഭാഷയില്‍ ‘ഭൂമിയെ ജഗദീശരാജ്യത്തേക്ക് ഉയര്‍ത്താന്‍ വെമ്പിയ പ്രഭയായിരുന്നു ഗുരുദേവന്‍.’ അദ്വെെതം പിറന്ന നാട്ടില്‍, വേദന രോദനമായി ഉയര്‍ന്ന മുഹൂര്‍ത്തങ്ങളില്‍ തപസില്‍ നിന്നും ഗുരു ഉണരുകയായിരുന്നു. ഒരു പരിവര്‍ത്തന ദശയില്‍ സമൂഹം പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുമ്പോള്‍, ആ ദുര്‍ഘടാവസ്ഥയില്‍ നിന്നുള്ള മോചനമാര്‍ഗം കാണിക്കുവാന്‍ മഹാന്മാര്‍ക്ക് ജന്മം നല്‍കാന്‍ കാലഘട്ടങ്ങള്‍ക്ക് കഴിയാറുണ്ട്. ബുദ്ധനും ക്രിസ്തുവും മുഹമ്മദ് നബിയും കാള്‍ മാര്‍ക്സും ലെനിനുമെല്ലാം ഇങ്ങനെ കാലഘട്ടങ്ങളുടെ സൃഷ്ടിയാണ്. ഗുരുവും കാലഘട്ടത്തിന്റെ അവതാരം തന്നെ.
വിശ്വമാനവികത വിളംബരം ചെയ്യുന്ന സന്ദേശങ്ങളാണ് ശിവഗിരി തീര്‍ത്ഥാടനവേളയില്‍ നമുക്ക് ലഭിക്കുന്നത്. സ്നേഹത്തിന്റെ കേദാരമായി ശിവഗിരി മാറുകയാണ്. ക്രിസ്മസ് ആഘോഷവും ശബരിമല തീര്‍ത്ഥാടനവും കഴിഞ്ഞയുടനെയാണ് ശിവഗിരി തീര്‍ത്ഥാടനമെന്നതും സവിശേഷതയാണ്.

 


ഇതുകൂടി വായിക്കൂ; ഗുരുദർശനം കേരളത്തിന്റെ ബൗദ്ധിക സ്വാതന്ത്ര്യം


ശ്രീനാരായണ ദര്‍ശനങ്ങള്‍ ഊതിക്കാച്ചിയ പൊന്നുപോലെ സമൂഹത്തില്‍ ഇന്നും ജ്വലിച്ചുനില്‍ക്കുകയാണ്. ‘ശക്തിയുള്ളോര്‍ എല്ലാമുള്ളോര്‍, ശക്തിഹീനര്‍ സര്‍വഹീനര്‍’‍ എന്ന അവസ്ഥയ്ക്ക് അറുതിവരുത്തുവാനായിരുന്നു ഗുരു ‘സംഘടിച്ച് ശക്തരാകുവിന്‍’ എന്ന് വിളിച്ചോതിയത്. മദ്യം സമൂഹത്തിന് ദൂരവ്യാപകമായ ദോഷം ചെയ്യുമെന്ന് ഒരു നൂറ്റാണ്ടിനു മുമ്പുതന്നെ താക്കീത് നല്‍കിയിരുന്നു. ജാതി-വര്‍ഗ ചിന്തകള്‍ക്കെതിരെ ആഞ്ഞടിച്ച ഗുരുദേവന്‍ മതത്തിന്റെ പേരിലുള്ള സ്പര്‍ധകളെ ശക്തമായി അപലപിക്കുകയും ചെയ്തു. ഗുരുവിന്റെ ആശയങ്ങള്‍ വര്‍ണ‑വര്‍ഗ വ്യത്യാസങ്ങളില്ലാതാക്കുന്നതിനുള്ള വര്‍ഗസമരവുമായി സമഞ്ജസപ്പെട്ടിരിക്കുന്നു. മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് ആശയങ്ങളുടെ അന്തഃസത്ത തന്നെയാണ് ഇതിലുള്‍ക്കൊണ്ടിരിക്കുന്നത്. ഗുരുവിന്റെ സമഭാവനയ്ക്ക് ജയപ്രകാശ് നാരായണന്റെ സോഷ്യലിസ്റ്റ് ആശയങ്ങളുമായും സാമ്യം കാണാം. ദെെവിക ബിംബങ്ങളെ പ്രകൃതിയുമായി ഇഴചേര്‍ന്നു നില്‍ക്കുംവിധമാണ് അദ്ദേഹം പ്രതിഷ്ഠിച്ചത്. ശിവലിംഗ പ്രതിഷ്ഠ, കണ്ണാടി പ്രതിഷ്ഠ എന്നിവ ഉദാഹരണം. ബുദ്ധമത ആശയങ്ങളെയും മഹാവീരന്റെ ഉപദേശങ്ങളെയും ആഴത്തില്‍ പഠിച്ച് അവയെ സാമൂഹ്യനന്മയ്ക്കുതകുംവിധം കേരളീയ സമക്ഷത്തിലെത്തിക്കുകയാണ് അദ്ദേഹം ചെയ്തത്. വ്യവസായംകൊണ്ട് ശക്തരാകുക എന്ന അദ്ദേഹത്തിന്റെ ആശയം സ്വയം സംരംഭകത്വത്തെ പ്രോത്സാഹിപ്പിച്ചു. മത ആത്മീയതക്കപ്പുറം മതാതീത ആത്മീയതയ്ക്ക് ഗുരു പ്രാധാന്യം കല്പിച്ചു. ‘സത്യമാണെന്റെ ദെെവം പ്രപഞ്ചം സ്വരാജ്യവും’ എന്ന സ്വാമി വിവേകാനന്ദന്റെ വചനങ്ങള്‍ ഗുരുസൂക്തങ്ങളുടെ ഉള്ളടക്കം തന്നെ. മനുഷ്യന്റെ ആധ്യാത്മികവും ഭൗതികവുമായ നവീകരണം എന്ന ഗുരുവിന്റെ ലക്ഷ്യം ശിവഗിരി തീര്‍ത്ഥാടനത്തിലൂടെ സാക്ഷാത്ക്കരിക്കപ്പെടുമെന്ന് പ്രത്യാശിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.