ശിവകുമാറിന്റെ അറസ്റ്റ്: കര്‍ണാടകയില്‍ വ്യാപക പ്രതിഷേധം

Web Desk
Posted on September 04, 2019, 1:21 pm

ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ വ്യാപക പ്രതിഷേധം. പലയിടങ്ങളിലും പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ഏറ്റുമുട്ടലുണ്ടായി. കനക്പുരയില്‍ ബസിന് തീയിട്ടു.

രാമനഗര, ചെന്നപട്ടണം തുടങ്ങിയ സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. വഴിയില്‍ തടസങ്ങള്‍ സൃഷ്ടിച്ചും ടയറുകള്‍ കത്തിച്ചുമാണ് റോഡ് ഉപരോധിക്കുന്നത്. ശിവകുമാറിന്റെ മണ്ഡലം ഉള്‍പ്പെടുന്ന ജില്ലയാണ് രമാനഗര. ഇവിടെ ജില്ലാ ഭരണകൂടം സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. അക്രമികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ് മുന്നറിയിപ്പ് നല്‍കി.

ശിവകുമാറിനെ അറസ്റ്റ് ചെയ്ത ചൊവ്വാഴ്ച രാത്രിയിലും വലിയ പ്രതിഷേധമാണുണ്ടായത്. രാത്രി തെരുവിലിറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബംഗളൂരു, മൈസൂരു പാതയടക്കം മണിക്കൂറുകളോളം ഉപരോധിച്ചു. കര്‍ണാടക ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നാലു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ശിവകുമാര്‍ ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്നാരോപിച്ചായിരുന്നു അറസ്റ്റ്. 2017 ല്‍ ശിവകുമാറിന്റെ ഡല്‍ഹിയിലെ വസതിയില്‍നിന്നും എട്ടു കോടി രൂപ റെയ്ഡില്‍ ഇഡി പിടിച്ചെടുത്തിരുന്നു.

ശിവകുമാറിനെ ആറു മാസം മുമ്പ് തന്നെ വേട്ടയാടാന്‍ തുടങ്ങിയിട്ടുണ്ടെന്നും ഇതേവരെ ഒരു കൃത്രിമവും അദ്ദേഹം നടത്തിയിട്ടില്ലെന്നും മുന്‍ മുഖ്യമന്ത്രി എച്ച്.ഡി ദേവഗൗഡ അഭിപ്രായപ്പെട്ടു. ശിവകുമാറിന്റെ അറസ്റ്റ് സന്തോഷം നല്‍കുന്ന കാര്യമല്ലെന്നും അദ്ദേഹം ഇതില്‍നിന്ന് മോചിതനാകാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു എന്നുമായിരുന്നു മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പയുടെ പ്രസ്താവന.