ഓഷ്‌വിറ്റ്സ് നാസി കോൺസന്ററേഷൻ ക്യാമ്പിന് ജർമനിയുടെ ആറുകോടി യൂറോ സമ്മാനം

Web Desk
Posted on December 06, 2019, 2:34 pm

വാഴ്സ: ഓഷ്‌വിറ്റ്സ് ബിർക്കനൗ സ്മാരക കേന്ദ്രം വെള്ളിയാഴ്ച ജർമൻ ചാന്‍സലർ ആഞ്ചേല മെർക്കൽ സന്ദര്‍ശിക്കും. ആദ്യമാണ് മെർക്കൽ ഇവിടെ സന്ദര്‍ശിക്കുന്നത്. ആറുകോടി യൂറോ സംഭാവന നൽകുമെന്നും അവർ അറിയിച്ചിട്ടുണ്ട്. നാസികളുടെ ഏറ്റവും വലിയ കൊലപാതക ക്യാമ്പായിരുന്നു ഇത്. മ്യൂസിയമാക്കി മാറ്റിയ ക്യാമ്പിന്റെ സംരക്ഷണത്തിനായാണ് ഇത്രയും തുക മെർക്കൽ സംഭാവന ചെയ്തത്.
രണ്ടാംലോകമഹായുദ്ധത്തിലെ പൈശാചികതയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ മെർക്കൽ യാതൊരു വിസമ്മതവും പ്രകടിപ്പിച്ചിട്ടില്ല.
സ്വന്തം ഭരണകാലാവധി അവസാനിക്കും മുമ്പ് കേന്ദ്രം സന്ദർശിക്കുന്ന മുൻഗാമിയുടെ കീഴ്‌വഴക്കം ഇവരും തുടരുകയാണ്.
ഓഷ്‌വിറ്റ്സ് ലോകത്തിലെ ഏറ്റവും വലിയ ശ്മശാന ഭൂമിയാണെന്ന് മ്യൂസിയം മേധാവി പയോട്ടർസിവിൻസ്കി പറഞ്ഞു. ഓഷ്‌വിറ്റ്സ് ബിര്‍ക്കനൗ ഫൗണ്ടേഷന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മെർക്കലിന്റെ സന്ദർശനം.
സ്മാരകത്തിനുള്ള സംഭാവനയിൽ പകുതി ഫെ‍ഡറൽ സർക്കാരും ബാക്കി പകുതി പ്രാദേശിക സർക്കാരുകളാണ് നൽകുക. ഓഷ്‌വിറ്റ്സ് ബിർക്കനൗ ഫൗണ്ടേഷന്റെ പത്താംവാർഷികാഘോഷങ്ങളോട് അനുബന്ധിച്ചാണ് സംഭാവന കൈമാറുക. ഇതോടെ ഫൗണ്ടേഷന് ഏറ്റവും വലിയ സംഭാവന നൽകുന്ന രാജ്യമായി ജർമനി മാറും. നാസി കോൺസന്ററേഷൻ ക്യാമ്പായിരുന്നപ്പോൾ ഇവിടെ പത്ത് ലക്ഷം പേരാണ് മരിച്ച് വീണത്. പോളണ്ടിലെ മുപ്പത്തിരണ്ട് ലക്ഷം വരുന്ന ജൂതൻമാരിൽ 30ലക്ഷത്തെയും നാസികൾ കൊന്നൊടുക്കി. പകുതിയോളം ജൂതൻമാരെയാണ് ഇവിടെ കൊന്നുതള്ളിയത്.
കെട്ടിടനിര്‍മാണത്തിനായാണ് ഈ പണം ചെലവിടുക. ദീർഘകാലമായി മിക്ക കെട്ടിടങ്ങളും അറ്റുകുറ്റപ്പണി നടത്തിയത്. രണ്ട് കോടി യൂറോയെങ്കിലും ഇവിടെ വർഷം തോറും അറ്റകുറ്റപ്പണികൾക്ക് വേണ്ടി വരുമെന്നാണ് റിപ്പോർട്ട്.