Janayugom Online
nilambur tribals dead

നിലമ്പൂർ വനത്തിൽ ഉരുൾ പൊട്ടി ആറംഗ ആദിവാസി കുടുംബം മരിച്ചു

Web Desk
Posted on August 09, 2018, 4:14 pm

സുരേഷ് എടപ്പാൾ 

മലപ്പുറം: നിലമ്പൂർ വനത്തിൽ പോത്തുകൽ എരുമമുണ്ടി ആഢ്യൻപാറക്ക് മുകളിൽ ചെട്ടിയാൻ പാറയിൽ ഉരുൾപൊട്ടി, രക്ഷപ്പെടാനുള്ള തത്രപ്പാടിൽ ആറു പേരടങ്ങിയ ആദിവാസി കുടുംബം ഒന്നടങ്കം മരിച്ചു. അഞ്ചു മൃതദേഹങ്ങൾ കണ്ടെടുത്തു. ഉരുൾ പൊട്ടി മലവെള്ളം പാഞ്ഞിറങ്ങിയപ്പോൾ ഒരു തടിയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ മരിച്ചത്.

ചെട്ടിയംപാറ കോളനിയിൽ പറമ്പാടൻ കുഞ്ഞി (56), മകൻ സുബ്രഹ്മണ്യൻ  (30), ഭാര്യ ഗീത (29), മക്കളായ നവനീത് (8), നിവേദ് (3), കുഞ്ഞിയുടെ സഹോദരി പുത്രൻ മിഥുൻ (16) എന്നിരാണ് മരിച്ചത്. സുബ്രഹ്മണ്യനു വേണ്ടി തെരച്ചിൽ തുടരുന്നു.

tribal death

പറമ്പാടൻ സുബ്രഹ്മണ്യൻ

നാട്ടുകാരും പോത്തുകൽ പൊലിസും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. മഴ തിരച്ചിലിന് തടസമാകുന്നുണ്ട്. മലയിടിഞ്ഞ് വലിയ പാറയും മണ്ണും വീടുകൾക്ക് മേൽ പതിക്കുകയായിരുന്നു. നാലു വീടുകൾ പൂർണമായും മണ്ണിനടിയിലായി. ബുധനാഴ്ച രാത്രി 10ഒാടെയാണ് അപകടമുണ്ടായത്. മൂന്നു വീടുകളിലുണ്ടായിരുന്നവർ പുറത്തേക്ക് ഒാടി രക്ഷപ്പെടുകയായിരുന്നു. ഒരു കി.മീറ്ററോളം ദൂരം മണ്ണ് വന്നടിഞ്ഞിരിക്കുകയാണ്.

മഴ ജില്ലയിലെ മലയോര മേഖലയിൽ കനത്ത നാശം വിതച്ചു. നിലമ്പൂർ, കാളികാവ്, കരുവാരകുണ്ട് എന്നിവിടങ്ങളിൽ ഉരുൾപൊട്ടി.