മഹാമാരി കവർന്ന ആറുമാസം

Web Desk
Posted on September 11, 2020, 5:49 am

നോവൽ കൊറോണ വൈറസ് മൂലമുണ്ടാകുന്ന കോവിഡ്- 19 (കൊറോണ വൈറസ് ഡിസീസ്- 2019) നെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് ആറുമാസം.

ചൈനയിലെ വുഹാൻ നഗരത്തിലെ മാർക്കറ്റിൽ നിന്ന് ഉത്ഭവിച്ച് നമ്മളോരോരുത്തരുടേയും അടുത്തുവരെ കോവിഡ് വൈറസ് എത്തിച്ചേർന്നു. കഴിഞ്ഞ വർഷം ഡിസംബർ മാസം ആദ്യത്തോടെയാണ് വുഹാൻ നഗരത്തിന് സമീപവും ഹുബെയ് പ്രവിശ്യയിലും അജ്ഞാതരോഗം പടരുന്നതായി ശ്രദ്ധയിൽ പെട്ടത്. രോഗബാധിതരായവർ മരണത്തിന് കീഴടങ്ങുന്നതോടെ ചൈന ലോകാരോഗ്യ സംഘടനയ്ക്ക് അജ്ഞാത രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി. ജനുവരി ആദ്യത്തോടെ ഇത് നോവൽ കൊറോണ വൈറസ് ആണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് അമേരിക്കയിലും മറ്റ് രാജ്യങ്ങളിലുമൊക്കെ രോഗബാധ റിപ്പോർട്ട് ചെയ്യുന്നു. പിന്നീട് സമ്പർക്കരോഗികളുടെ എണ്ണം വർധിക്കുന്നു.

ജനുവരി അവസാനത്തോടെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു. ചൈനയിൽ ലോക്ഡൗൺ നടപ്പാക്കുന്നു. ഇതോടെ ചൈന സന്ദർശിച്ചവർക്ക് മറ്റുരാജ്യങ്ങൾ വിലക്കേർപ്പെടുത്തുന്നു. ഫെബ്രുവരി ആയതോടെ ചൈനയ്ക്ക് വെളിയിൽ സമ്പർക്ക രോഗികളുടെ എണ്ണം വർധിക്കുന്നു. ചൈനയ്ക്ക് വെളിയിൽ ആദ്യ കോവിഡ് മരണം ഫിലിപ്പീൻസിൽ‍ റിപ്പോർട്ട് ചെയ്യുന്നു. കോവിഡ് 19 എന്ന് വൈറസ് രോഗബാധയ്ക്ക് പേര് നൽകുന്നു. മാർച്ച് 11ന് കോവിഡിനെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുന്നു.

ഇതിനിടയിൽ അമേരിക്കയും ചൈനയും തമ്മിൽ നിലനിന്നിരുന്ന വ്യാപാരതർക്കങ്ങൾ രൂക്ഷമാകുന്നു. കോവിഡ് വ്യാപനം ചൈനയുടെ സൃഷ്ടിയാണെന്നാരോപിച്ച് അമേരിക്കൻ ഭരണകൂടം ചൈനയ്ക്കുമേൽ നിയന്ത്രണങ്ങളേർപ്പെടുത്തി. അമേരിക്ക, ഇറാൻ, സ്പെയിൻ, ഇറ്റലി, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് ബാധ രൂക്ഷമാകുന്നു.

ഏപ്രിൽ ആയതോടെ കോവിഡ് രോഗികളുടെ എണ്ണം 10 ലക്ഷം കടന്നു. ഏപ്രിൽ 14ന് ലോകാരോഗ്യ സംഘടന ചൈനയുടെ കളിപ്പാവയാണെന്നാരോപിച്ച് അമേരിക്കയുടെ ധനസഹായം നിർത്തലാക്കുന്നു. വാക്സിൻ നിർമ്മാണ വാർത്തകൾ പുറത്തുവരുന്നു. മെയ് മാസമായതോടെ രാജ്യങ്ങൾ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി പിൻവലിച്ചു തുടങ്ങി.

മാർച്ച് 25നാണ് ഇന്ത്യയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത്. അൺലോക് 4 ലൂടെ കടന്നുപോകുന്നതിനിടെ ഈ വർഷത്തെ ആദ്യപാദ ജിഡിപിയിൽ ഇന്ത്യ 23.9 ശതമാനം ഇടിവ് രേഖപ്പെടുത്തി. ജപ്പാനിൽ 28.7 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോൾ ചൈന 4 ശതമാനം വർധനവ് രേഖപ്പെടുത്തി.

കോവിഡ് മഹാമാരി വിദൂരകാലത്തൊന്നും വിട്ടുപോകില്ലെന്ന മുന്നറിയിപ്പാണ് അന്താരാഷ്ട്ര ഏജൻസികളൊക്കെ നൽകുന്നത്. കോവിഡിനൊപ്പം ജാഗ്രതയോടെ ജീവിക്കാൻ പഠിക്കുമ്പോഴും ഉയർന്നു വരുന്ന കോവിഡ് വ്യാപനവും മരണനിരക്കും ആശങ്കാവഹമായി തുടരുകയാണ്.