ബേബി ആലുവ

കൊച്ചി

January 18, 2021, 9:39 pm

ആറ് വിമാനത്താവളങ്ങൾ കൂടി വില്പനയ്ക്ക്

Janayugom Online

നിലവിൽ സ്വകാര്യവത്കരണത്തിനു തീരുമാനിച്ച തിരുവനന്തപുരം അടക്കമുള്ള ആറ് വിമാനത്താവളങ്ങൾക്കു പുറമെ, പുതുതായി ആറെണ്ണം കൂടി വിൽക്കാനുള്ള നീക്കം വേഗത്തിലായി. ഒട്ടും വൈകാതെ ഇതിന് കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടാനാവുമെന്നാണ് എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ (എഎഐ) യുടെ കണക്കുകൂട്ടൽ.

വാരാണസി, അമൃത്‌സരി‍ ഭുവനേശ്വർ, രാജ്പുർ, ഇൻഡോർ, തിരുച്ചിറപ്പള്ളി എന്നീ വിമാനത്താവളങ്ങളാണ് പുതിയ വില്പനയുടെ പട്ടികയിലുള്ളത്.തിരുവനന്തപുരം ഉൾപ്പെടെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അഡാനി ഗ്രൂപ്പിനു നൽകാൻ നേരത്തേ തീരുമാനമെടുക്കുകയും മംഗളൂരു, ലഖ്നൗ, അഹമ്മദാബാദ് എന്നിവ കൈമാറുകയും ചെയ്തിരുന്നു. ശേഷിക്കുന്ന തിരുവനന്തപുരം, ഗുവാഹട്ടി, ജയ്പൂർ വിമാനത്താവളങ്ങളുടെ കരാർ ഈ മാസം തന്നെ ഒപ്പുവയ്ക്കുമെന്നും ഇതിനുള്ള എല്ലാ സുരക്ഷാ അനുമതിയും ലഭിച്ചതായുമാണ് എഎഐ വ്യക്തമാക്കുന്നത്. 50 വർഷത്തേക്കാണ് കൈമാറ്റം.

വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ നിയമ നടപടി സ്വീകരിച്ച ഏക സംസ്ഥാനം കേരളം മാത്രമാണ്. കേരള ഹൈക്കോടതിയിൽ നിന്നു സ്വകാര്യവത്കരണത്തിനു സാധൂകരണം ലഭിച്ചത് കൂടുതൽ വിമാനത്താവളങ്ങൾ കോർപ്പറേറ്റ് കമ്പനികൾക്കു വിൽക്കാൻ കേന്ദ്ര സർക്കാരിനു പ്രോത്സാഹനമായി.

അതേ സമയം, നേരത്തേ കൈവശം വന്ന മൂന്നു വിമാനത്താവളങ്ങളുടെ സർവാധികാരികൾ തങ്ങളാണെന്നു പ്രഖ്യാപിക്കും വിധം അവിടങ്ങളിൽ അഡാനി ഗ്രൂപ്പ് നടത്തിയ പരിഷ്കാരങ്ങൾ എഎഐ‑യും കമ്പനിയും തമ്മിൽ കൊമ്പുകോർക്കലിന് ഇടയാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിലെ ഡിസ്പ്‌ളേ ബോർഡുകളിലും മറ്റും അഡാനി എയർപോർട്ട് എന്നു രേഖപ്പെടുത്തിയതാണ് വിവാദത്തിനു കാരണമായത്. വിമാനത്താവളങ്ങളിലെ പൊതു ഇടങ്ങളിലൊന്നും ഓഹരിയുടകളുടെയോ നടത്തിപ്പു കമ്പനിയുടെയോ പേര് തിരിച്ചറിയും വിധം ബ്രാൻഡിങ് പാടില്ലെന്നും അഥവാ കമ്പനിയുടെ ബ്രാൻഡ് പേര് ഉപയോഗിക്കേണ്ടതായി വന്നാൽ തുല്യ സ്ഥാനം എഎഐ‑യ്ക്കും നൽകണമെന്നുമുള്ള കർശനമായ കരാർ വ്യവസ്ഥ മംഗളൂരു, അഹമ്മദാബാദ്, ലഖ്നൗവിമാനത്താവളങ്ങളിൽ അഡാനി ഗ്രൂപ്പ് ലംഘിച്ചെന്നുമാണ് എഎഐ‑യുടെ ആരോപണം. എന്നാൽ ആരോപണങ്ങളിൽ കഴമ്പില്ലെന്നും ചില കാര്യങ്ങളിൽ വ്യക്തത വരുത്താൻ ശ്രമിച്ചതേയുള്ളുവെന്നുമാണ് അഡാനി ഗ്രൂപ്പിന്റെ പക്ഷം. ഏതായാലും ഇരു കക്ഷികളും തമ്മിലുള്ള ബന്ധത്തിൽ പുത്തരിയിൽത്തന്നെ കല്ലുകടിച്ച അനുഭവമായി.

വ്യോമയാന മേഖലയുടെ സമഗ്രവികസനത്തിനെന്ന പേരിൽ സ്വകാര്യ സംരംഭകരുടെ വലിയ പങ്കാളിത്തം ഉന്നമിട്ട് നേരത്തേ തന്നെ കേന്ദ്ര സർക്കാർ നീക്കം തുടങ്ങിയിരുന്നു. 2019 ‑20ലെ കേന്ദ്രബജറ്റിൽ വ്യോമയാന മേഖലയിലേക്കുള്ള വിഹിതം പകുതിയിലും താഴെയായി കുറച്ച് സർക്കാർ ഇതിനുള്ള നീക്കം ശക്തിപ്പെടുത്തി. 2018–19ൽ മേഖലയ്ക്കായി 9700 കോടി രൂപ വകയിരുത്തിയ സ്ഥാനത്ത് 2019–20 ൽ അത് 4500 കോടിയായി. 2020–21 ൽ വിഹിതം പിന്നെയും കുറഞ്ഞ് 3197 കോടി രൂപയായി. സ്വകാര്യ നിക്ഷേപകരെ പ്രോത്സാഹിപ്പിച്ച് വിമാനങ്ങൾ വാങ്ങിപ്പിച്ച് വിമാനക്കമ്പനികൾക്കു പാട്ടത്തിനു കൊടുക്കുന്ന വ്യവസായമാണ് സ്വകാര്യവത്കരണത്തിന്റെ ആദ്യചുവടായി നിതി ആയോഗ് വിഭാവന ചെയ്തത്. സെന്റർ ഫോർ ഏഷ്യാ പസഫിക് ഏവിയേഷന്റെ കഴിഞ്ഞ വർഷത്തെ കണക്കു പ്രകാരം ഇന്ത്യയിൽ വാണിജ്യ സർവീസ് നടത്തുന്ന 685 വിമാനങ്ങളിൽ 531 എണ്ണവും പാട്ടത്തിനെടുത്തിട്ടുള്ളവയാണ്. ഏതാണ്ട് 78 ശതമാനത്തോളം. ഇക്കാര്യത്തിലെ ശതമാനക്കണക്കിൽ ഇന്ത്യ ആഗോളതലത്തിലെക്കാൾ ഉയർന്നു നിൽക്കുകയാണ്.

eng­lish sum­ma­ry :Six more air­ports for sale
you may also like this video