അമേരിക്കയില്‍ ഗോള്‍ഫ് മത്സരത്തിനിടെ ആറ് പേര്‍ക്ക് മിന്നലേറ്റു

Web Desk
Posted on August 25, 2019, 10:48 am

അറ്റ്‌ലാന്റ: അമേരിക്കയില്‍ ഗോള്‍ഫ് മത്സരത്തിനിടെ ആറ് പേര്‍ക്ക് മിന്നലേറ്റു. മത്സരം കാണാൻ എത്തിയവരിൽ കൊടുങ്കാറ്റിനിടെ ഒരു മരത്തിന്റെ കീഴില്‍ അഭയം തേടിയ അഞ്ച് പുരുഷന്മാര്‍ക്കും ഒരു പെണ്‍കുട്ടിക്കുമാണ് മിന്നലേറ്റത്.  അറ്റ്‌ലാന്റയിലെ ഈസ്റ്റ് ലെയ്ക്ക് ഗോള്‍ ക്ലബില്‍ നടന്ന പിജിഎ ടൂര്‍ ചാമ്ബ്യന്‍ഷിപ്പിനിടെയാണ് അപകടം.

മരത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കൊടുങ്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് മത്സരം താത്കാലികമായി നിര്‍ത്തിവച്ചതിനുശേഷമായിരുന്നു ഇടിമിന്നലുണ്ടായത്. മിന്നലേറ്റ മരത്തിന്റെ കഷ്ണങ്ങള്‍ വീണാണ് പലര്‍ക്കും പരിക്കേറ്റത്. മോശം കാലാവസ്ഥയാണെന്നും കാണികള്‍ ഗോള്‍ കോഴ്‌സില്‍ നിന്ന് മാറി സുരക്ഷിതമായ സ്ഥലങ്ങളില്‍ അഭയം തേടണമെന്നും അനൗണ്‍സ്‌മെന്റ് ഉണ്ടായ ഉടനെയാണ് അപകടമുണ്ടായത്. മിന്നലേറ്റവരെ പ്രാഥമിക ചികിത്സ നല്‍കി ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

പിജിഎ ടൂര്‍ ചാമ്ബ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടാണ് ഈസ്റ്റ് ലെയ്ക്ക് ഗോള്‍ ക്ലബില്‍ നടന്നത്. അപകടത്തെ തുടര്‍ന്ന് മത്സരങ്ങള്‍ നിര്‍ത്തിവച്ചു.