Web Desk

മുംബൈ

April 01, 2020, 8:44 pm

ആറ് പൊതുമേഖലാ ബാങ്കുകള്‍ ഇനി ചരിത്രത്താളുകളിൽ

Janayugom Online

ഓരോ നാടിന്റെയും വികസന സ്വപ്നങ്ങൾക്ക് കരുത്തേകിയിരുന്ന ആറ് പൊതുമേഖലാ ബാങ്കുകൾ കൂടി ചരിത്രത്താളുകളിലേക്ക് മറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ബാങ്കിങ് ലയനമായിരുന്നു ഇന്നലെ നടന്നത്. പത്ത് പൊതുമേഖലാ ബാങ്കുകൾ ലയിച്ച് നാലായി മാറി. രാജ്യത്തെ ബാങ്കുകളുടെ എണ്ണം കുറച്ച്, വന്‍കിട ബാങ്കുകള്‍ സൃഷ്ടിക്കുകയാണ് ലയനത്തിന്റെ ലക്ഷ്യം.
ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിച്ചു. സിന്‍ഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കിന്റെയും അലഹബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിന്റെയും ഭാഗമായി. ആന്ധ്ര ബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ചു.
തെലുങ്ക് മേഖലയിൽ നൂറ്റാണ്ടുകളോളം നീളുന്ന സേവനപാരമ്പര്യവുമുള്ള ആന്ധ്രാബാങ്ക് അടക്കമുള്ളവയുടെ പ്രവർത്തനം നിലയ്ക്കുമ്പോൾ ഇടപാടുകാർ വൈകാരികമായാണ് വിടപറഞ്ഞത്. സ്വാതന്ത്ര്യസമര സേനാനിയും മഹാത്മാ ഗാന്ധിയുടെ അനുയായിയുമായിരുന്ന ഭോഗരാജു പട്ടാഭി സീതാരാമയ്യ 1923 ലാണ് ആന്ധ്രാബാങ്കിന് രൂപംനൽകിയത്. ഒരു ബ്രാഞ്ചിൽ നിന്നും ആരംഭിച്ച ആന്ധ്രാബാങ്കിന്റെ വളർച്ച തെലുങ്ക് മേഖലയുടെ ഒമ്പത് പതിറ്റാണ്ടുകളുടെ കൂടി ചരിത്രമായിരുന്നു. ഇതിനൊപ്പംതന്നെ സേവന പാരമ്പര്യമുള്ള അഞ്ച് ബാങ്കുകൾ കൂടിയാണ് ബാങ്കിങ് മേഖലയിൽ നിന്ന് അപ്രത്യക്ഷമാകുന്നത്.
കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ലയന നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ബാങ്ക് ഓഫീസേഴ്സ് യൂണിയനുകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് കേന്ദ്രസർക്കാർ തയ്യാറായില്ല. അതേസമയം ലയനത്തിലൂടെ രാജ്യത്തെ ബാങ്കിങ് രംഗത്ത് കൂടുതല്‍ മുന്നേറ്റം സാധ്യമാകുമെന്നാണ് ആർബിഐയുടെയും കേന്ദ്രസർക്കാരിന്റെയും വിലയിരുത്തല്‍.
12 പൊതുമേഖല ബാങ്കുകളാണ് രാജ്യത്ത് ഇനി അവശേഷിക്കുന്നത്. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനറ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂക്കോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് സിന്‍ഡ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണിവ. 2017 ൽ രാജ്യത്ത് 27 പൊതുമേഖലാ ബാങ്കുകളാണ് ഉണ്ടായിരുന്നത്. 2017 ഏപ്രില്‍ ഒന്നിന് എസ്ബിഐയില്‍ എസ്ബിടി അടക്കമുള്ള അഞ്ച് അനുബന്ധ ബാങ്കുകൾ ലയിപ്പിച്ചിരുന്നു.

പിഎൻബിയും കാനറയും ഇനി മുൻനിരയിൽ
മെഗാലയനം പൂർത്തിയായപ്പോൾ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായി പഞ്ചാബ് നാഷണൽ ബാങ്ക്. 1895 ൽ ലാഹോറിൽ പ്രവർത്തനം തുടങ്ങിയ പിഎൻബി രാജ്യത്തെ ഏറ്റവും പഴക്കമേറിയ ബാങ്കുകളിലൊന്നാണ്. ലയനത്തോടെ 11,000 ത്തിലധികം ബ്രാഞ്ചുകളും 13,000 എടിഎമ്മുകളും ബാങ്കിനുണ്ട്. ഒരു ലക്ഷത്തിലധികം ജീവനക്കാരും പിഎൻബിക്കുണ്ട്.
സിന്‍ഡിക്കേറ്റ് ബാങ്ക് ലയിച്ചതോടെ ഇന്ത്യയിലെ മറ്റൊരു മുന്‍നിര പൊതുമേഖലാ ബാങ്കായി കാനറ ബാങ്കും മാറി. ഇന്നലെ മുതല്‍ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എല്ലാ ശാഖകളും കാനറ ബാങ്ക് ശാഖകളായി മാറി. ഇതോടെ കാനറ ബാങ്ക് ശാഖകള്‍ 10,391 ആയും എടിഎമ്മുകള്‍ 12,829 ആയും വര്‍ധിച്ചു. ലയനത്തോടെ ബാങ്ക് ജീവനക്കാരുടെ എണ്ണം 91,685 ആയും ഉയർന്നു.