കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാവാത്ത സാഹചര്യത്തില്‍ ലോക്ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി ആറ് സംസ്ഥാനങ്ങള്‍. മഹാരാഷ്ട്ര, ഡല്‍ഹി, പഞ്ചാബ്, ഒഡിഷ, പശ്ചിമബംഗാള്‍, മധ്യപ്രദേശ്, എന്നീ സംസ്ഥാനങ്ങളാണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരണമെന്ന ആവശ്യം മുന്നോട്ടുവച്ചിരിക്കുന്നത്. ഏപ്രില്‍ 14 ന് നീട്ടിയ ലോക്ഡൗൺ കാലാവധി മേയ് 3ന് അവസാനിക്കാനിരിക്കെ ഇന്ന് പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനങ്ങള്‍ ഇക്കാര്യം ആവശ്യപ്പെടും.
തെലങ്കാന നേരത്തേ തന്നെ ലോക്ഡൗണ്‍ നീട്ടിയിരുന്നു. മേയ് 7 വരെ നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് സംസ്ഥാനം വ്യക്തമാക്കിയത്. പ്രതിസന്ധി ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയിൽ കോവിഡ് ഹോട്ട്സ്പോട്ടുകളായ മുംബൈ, താനെ എന്നിവിടങ്ങളില്‍ ലോക്ഡൗണ്‍ നീട്ടുന്നതായി ഇന്നലെ പ്രഖ്യാപനമെത്തി. മെയ് പകുതി വരെ വിലക്ക് നീട്ടണമെന്നാണ് ഡല്‍ഹിയുടെ ആവശ്യം. തമിഴ്നാട്ടിലെ അഞ്ച് നഗരങ്ങളിൽ കർശനമായ ലോക്ഡൗണാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, രോഗവ്യാപനം താരതമ്യേന കുറഞ്ഞ സംസ്ഥാനങ്ങള്‍ വിലക്കുകള്‍ ലഘൂകരിച്ചുതുടങ്ങിയിട്ടുണ്ട്. അന്തര്‍സംസ്ഥാന ഗതാഗതങ്ങള്‍ പൂര്‍ണമായി നിരോധിച്ച് അതാത് കേന്ദ്രങ്ങളില്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് തീരുമാനം എടുക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കുകയാവും ഇനി കേന്ദ്രം ചെയ്യുകയെന്നാണ് സൂചന.
രാജ്യത്തെ ഗ്രാമീണ മേഖല നേരിടുന്ന പ്രതിസന്ധി ഒരു പരിധിവരെ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ മേഖലയിലെ കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയത്. കൊറോണ വ്യാപനത്തെ തുടർന്ന് വിവിധ പ്രദേശങ്ങൾ അടച്ചിട്ടിരിക്കുന്നതിനാൽ കേന്ദ്ര സർക്കാർ ഉത്തരവ് നടപ്പാക്കാൻ കഴിയില്ലെന്ന് ചണ്ഡിഗഡ് കേന്ദ്രത്തെ ഇന്നലെ അറിയിച്ചിരുന്നു.
കേന്ദ്ര സർക്കാരുമായി രൂക്ഷമായ ഭിന്നത തുടരുന്ന പശ്ചിമ ബംഗാൾ കേന്ദ്ര സർക്കാരിന്റെ ഇളവുകൾ നടപ്പാക്കിയില്ല. നാഗാലാൻഡ്, കേരളം, ഒഡിഷ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കടകൾ നിയന്ത്രിതമായി ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചു. ഇപ്പോഴത്തെ ഇളവുകൾ നടപ്പാക്കാൻ കഴിയില്ലെന്നാണ് പഞ്ചാബ് സർക്കാരിന്റെ നിലപാട്. സംസ്ഥാനങ്ങള്‍ നല്കുന്ന റിപ്പോര്‍ട്ടുകള്‍ക്കു പുറമെ കേന്ദ്രം സ്ഥിതിഗതികള്‍ നേരിട്ടു വിലയിരുത്താന്‍ മന്ത്രിതല സമിതിയെയും നിയോഗിച്ചിട്ടുണ്ട്. അഹമ്മദാബാദ്, സൂറത്ത്, ഹൈദ്രാബാദ്, ചെന്നൈ, താനെ എന്നിവിടങ്ങളിലെ സ്ഥിതി രൂക്ഷമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. കോവിഡ് പരിശോധന കൂടുതല്‍ വ്യാപകമാക്കാനാണ് കേന്ദ്ര നീക്കം. ഇന്നത്തെ യോഗത്തില്‍ സംസ്ഥാനങ്ങള്‍ കേന്ദ്ര സഹായവും മറ്റ് ഇളവുകളും ആവശ്യപ്പെടുമെന്നാണ് വിലയിരുത്തല്‍.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.