മുസഫര്‍പൂര്‍ അഭയകേന്ദ്രത്തില്‍ അസ്ഥികൂടം കണ്ടെത്തി

Web Desk
Posted on October 04, 2018, 10:45 pm

പട്‌ന: അന്തേവാസികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയിരുന്ന ബിഹാര്‍ മുസഫര്‍പൂര്‍ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ അസ്ഥികൂടം കണ്ടെത്തി. അന്തേവാസിയായ പെണ്‍കുട്ടിയുടേതാകാം ഇതെന്നാണു പ്രാഥമിക നിഗമനം. കേസിലെ പ്രധാനപ്രതി ബ്രിജേഷ് താക്കൂറിന്റെ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
നാല്‍പതോളം പെണ്‍കുട്ടികളാണ് അഭയകേന്ദ്രത്തില്‍ ചൂഷണത്തിന് ഇരയായത്. ഏഴിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള, സംസാരശേഷിയില്ലാത്ത പെണ്‍കുട്ടികള്‍ പോലും അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു. ഒരു പെണ്‍കുട്ടിയെ കൊലപ്പെടുത്തി ആരും അറിയാതെ മറവു ചെയ്തു. ഈ പെണ്‍കുട്ടിയുടെ അസ്ഥികൂടമാണു കണ്ടെത്തിയതെന്നാണു നിഗമനം.
ബ്രജേഷിന്റെ നേതൃത്വത്തില്‍ സങ്കല്‍പ് ഇവാന്‍ വികാസ് സമിതി എന്ന സന്നദ്ധസംഘടനയാണ് അഭയകേന്ദ്രം നടത്തിയിരുന്നത്. 5 വര്‍ഷത്തിനിടെ 470 അന്തേവാസികള്‍ ഈ അഭയകേന്ദ്രത്തില്‍ എത്തിയിട്ടുണ്ടെന്നാണു കണക്ക്. സംരക്ഷകര്‍ തന്നെ വേട്ടക്കാരായി മാറിയ ഞെട്ടിക്കുന്ന കഥ അഭയകേന്ദ്രത്തില്‍ നിന്ന് രക്ഷപെട്ട പെണ്‍കുട്ടികള്‍ പ്രത്യേക പോക്‌സോ കോടതിക്ക് മുന്നിലാണു വെളിപ്പെടുത്തിയത്. മയക്കുമരുന്നു കലര്‍ത്തിയ ഭക്ഷണമാണു ദിവസവും നല്‍കിയിരുന്നത്. ഭക്ഷണശേഷം മയക്കം അനുഭവപ്പെടുന്ന തങ്ങളെ പൂര്‍ണ നഗ്‌നരാക്കിയാണു കിടത്തിയിരുന്നതെന്നും പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയിരുന്നു.
ഊഴമനുസരിച്ച് ഓരോരുത്തരെയും ഓരോ മുറിയിലേക്കു പറഞ്ഞയക്കുന്ന പതിവുമുണ്ടായിരുന്നു. പീഡനത്തെ എതിര്‍ക്കുന്നവരെ അഭയകേന്ദ്രം നടത്തിപ്പുകാര്‍ അതിക്രൂരമായി പീഡിപ്പിച്ചു. പീഡനം സഹിക്കവയ്യാതെ, പൊട്ടിയ കുപ്പിച്ചില്ലുകള്‍കൊണ്ടു ദേഹത്തു മുറിവുണ്ടാക്കിയ കാര്യവും ഇവര്‍ കോടതിയില്‍ വെളിപ്പെടുത്തി. ഒരു സന്നദ്ധസംഘടന നടത്തിയ കൗണ്‍സിലിങ്ങിലാണു രാജ്യത്തെ ഞെട്ടിച്ച ക്രൂരത പുറംലോകം അറിഞ്ഞത്.