പ്രളയത്തില്‍ കാണാതായവരുടെ 703 അസ്ഥികൂടങ്ങള്‍ കണ്ടെത്തി

Web Desk

ഡെറാഡൂണ്‍

Posted on September 21, 2020, 3:59 pm

2013ലുണ്ടായ പ്രളയത്തില്‍ കാണാതായെന്ന് സംശയിക്കുന്നവരുടെ അസ്ഥികൂടങ്ങള്‍ കേദാര്‍നാഥിന് സമീപത്തുനിന്ന് കണ്ടെത്തി. കേദാര്‍നാഥ് ക്ഷേത്രത്തിനുസമീപത്തു നിന്നാണ് നാല് അസ്ഥികൂടങ്ങള്‍ ലഭിച്ചതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. കേദാര്‍നാഥിന് സമീപമുള്ള ഗരുഡ് ചട്ടി, ഗൗ മുഖ്ദ പ്രദേശങ്ങളില്‍നിന്നാണ് അസ്ഥികൂടങ്ങള്‍ ലഭിച്ചതെന്ന് രുദ്രപ്രയാഗ് പൊലീസ് നവനീത് സിങ് ഭുള്ളാര്‍ അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സംയുക്ത സംഘം നടത്തിയ തെരച്ചിലിലാണ് ഇവ കണ്ടെടുത്തതെന്നും സംഘത്തിലുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചതായും പൊലീസ് അറിയിച്ചു. സംസ്കാര ചടങ്ങുകള്‍ രുദ്രപ്രയാഗില്‍വച്ച് നടത്തുമെന്ന് ജില്ലാ അധികൃതര്‍ പറഞ്ഞു.

കേദാര്‍നാഥ് ക്ഷേത്രത്തിന് സമീപത്തുനിന്നുമാത്രം 703 അസ്ഥികൂടങ്ങള്‍ തെരച്ചില്‍ സംഘം ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 545 എണ്ണവും 2013ല്‍ കണ്ടെടുത്തതാണ്. 2014ല്‍ 63, 2015ല്‍ മൂന്ന്, 2016ല്‍ 60, 2017ല്‍ ഏഴ്, 2018ല്‍ 21 എന്നിങ്ങനെയാണ് കണക്കുകള്‍.

പ്രളയത്തില്‍ പതിനായിരത്തിലധികം ആളുകള്‍ മരിക്കുകയും നാലായിരത്തിലധികം ആളുകളെ കാണാതാകുകയും ചെയ്തിരുന്നു. നിരവധി ആളുകളെ കാണാതായതിനുപിന്നാലെ ഇവര്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കണമെന്നാവശ്യപ്പെട്ട് ഉത്തരാഘണ്ഡ് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം പത്തുപേരടങ്ങുന്ന സംഘത്തെ തെരച്ചിലിനായി നിയോഗിക്കുകയും ചെയ്യുന്നു. പൊലീസുകാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്നതാണ് സംഘം.

Eng­lish sum­ma­ry: Skel­tons found from Ked­har­nath

You may also like this video: