Monday
18 Feb 2019

വിദേശ സഹായത്തോടെ തൊഴില്‍ വൈദഗ്ധ്യ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങും- മന്ത്രി

By: Web Desk | Saturday 10 February 2018 8:40 PM IST

കോഴിക്കോട്: സ്വകാര്യമേഖലയിലെ തൊഴില്‍ദാതാക്കള്‍ക്കാവശ്യമായ രീതിയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിന് സര്‍ക്കാര്‍ സംവിധാനമൊരുക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ഉദ്യോഗാര്‍ഥികളുടെ നൈപുണ്യവികസനത്തിനാവശ്യമായ ക്രമീകരണങ്ങള്‍ ഐ.ടി.ഐകളില്‍ ഒരുക്കും. ഭാഷാ നൈപുണ്യം വികസിപ്പിക്കാന്‍ പദ്ധതി നടപ്പാക്കും. വിദേശ സഹായത്തോടെ തൊഴില്‍വൈദഗ്ധ്യപരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള അലോചനകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ നിയുക്തി 2018 കോഴിക്കോട് മേഖലാ മെഗാ ജോബ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലില്ലായ്മ സംസ്ഥാനം നേരിടുന്ന മുഖ്യവെല്ലുവിളികളിലൊന്നാണ്. രാജ്യത്ത് പുതിയ തൊഴില്‍മേഖലകള്‍ വളര്‍ന്നുവരികയോ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയോ ചെയ്യുന്നില്ല. നിലവിലുള്ള തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടേക്ക് വലിക്കുന്ന പ്രവണതയാണിത്. യുവാക്കളുടെ തൊഴില്‍ശേഷി പ്രോത്സാഹിപ്പിക്കാന്‍ കര്‍മ്മ പരിപാടികള്‍ ആവിഷ്‌ക്കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. നൈപുണ്യശേഷി വര്‍ധിപ്പിച്ച് ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പല നിയമനിര്‍മ്മാണങ്ങളും തൊഴില്‍ സാധ്യതകള്‍ നിഷേധിക്കുന്നു. 2012 വരെ കേരളത്തില്‍ 44.99 ലക്ഷം പേര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരെ ജോലി ഉള്ളവരേയും ഇല്ലാത്തവരേയും വേര്‍തിരിച്ച് കണക്കെടുക്കാനും നടപടികള്‍ ആരംഭിക്കും. സംസ്ഥാനത്തെ ഐ.ടി.ഐ മേഖല അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും. ഐ.ടി.ഐ മേഖലയില്‍ ജോബ് ഫെസ്റ്റ് നടത്താനുള്ള നടപടികള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ലാര്‍സന്‍ ആന്റ് ടുബ്രോ, ടി.വി.എസ്, എച്ച്.ജി.എസ്. ബംഗലൂരു ,ലിമന്‍സി ടെക്‌നോളജീസ്, സ്പാക്ക് സോഫ്റ്റ്‌വെയര്‍, ഷ്വോണ്‍ ടെക്‌നോളജീസ്, പന്തലൂണ്‍, ആസ്റ്റര്‍ മിംസ്, ബേബി മെമ്മോറിയല്‍ തുടങ്ങിയ 90 കമ്പനികള്‍ മേളയില്‍ പങ്കെടുത്തു. സോഫ്റ്റ്‌വെയര്‍, ഹോട്ടല്‍ മാനേജ്‌മെന്റ് , ലോജിസ്റ്റിക് മാനേജ്‌മെന്റ് , സെയില്‍സ് മാര്‍ക്കറ്റിംഗ് മേഖലകളിലാണ് ഉദ്യോഗാര്‍ഥികള്‍ക്ക് മേളയില്‍ തൊഴില്‍ ലഭ്യമായത്. എം.ബി.ബി.എസ്, ബിഎസ്‌സി നഴ്‌സിംഗ്, ബിഎസ്‌സി എം.എല്‍.ടി, ബി.ഡി.എസ്, അര്‍ക്കിടെക്ടച്ചര്‍ യോഗ്യതയുള്ളവര്‍ക്കും എസ്.എസ്.എല്‍.സി, പ്ലസ് ടു യോഗ്യതയുള്ളവരും മേളയുടെ ഭാഗമായി. 10000 ഓളം ഉദ്യോഗാര്‍ഥികള്‍ ജോബ് ഫെസ്റ്റില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. തോമസ് മാത്യു, എംപ്ലോയ്‌മെന്റ് മേഖലാ് ഡെപ്യൂട്ടി ഡയറക്ടര്‍ മോഹന്‍ ലൂക്കോസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി.ശേഖര്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ സി.ജി. സാബു, മലബാര്‍ ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.ഡി.പി. ഗോഡ്‌വിന്‍ സാംരാജ് എന്നിവര്‍ സംസാരിച്ചു.