ഇന്ത്യയിലെ യുവജനതയ്ക്ക് നൈപുണ്യവികസനം അപ്രാപ്യമോ?

Web Desk
Posted on July 16, 2019, 9:07 am
manaveeyam

ഗോളതലത്തില്‍ ഐക്യരാഷ്ട്രസംഘടന ജൂലൈ 15-ാം തീയതി ലോകയുവജന നൈപുണ്യദിനം ആഘോഷിക്കുന്നത് യുവജന നൈപുണ്യ വികസനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനു വേണ്ടിയാണ്. നൈപുണ്യവും അറിവും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും സാമൂഹിക പുരോഗതിക്കും പ്രേരകശക്തിയാണ്. ജനസംഖ്യയിലെ ഏറ്റവും ഉത്സാഹഭരിതവും ഊര്‍ജസ്വലവും ചലനാത്മകവുമായ ജനതയാണ് യുവാക്കള്‍. ഒരു രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയപരമായ വികസനം വളര്‍ത്തിയെടുക്കുന്നതില്‍ ഏറ്റവും മൂല്യവത്തായ മാനവവിഭവശേഷിയാണ് യുവജനസംഖ്യ. യുവാക്കളുടെ ഊര്‍ജം ശരിയായി വിനിയോഗിച്ചാല്‍ സമൂഹത്തില്‍ ഗുണപരമായ വലിയ മാറ്റത്തിനും രാജ്യപുരോഗതിക്കും കാരണമാകും. രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള പുരോഗതി കൈവരിക്കുന്നതിന് യുവജനങ്ങളെ പ്രചോദിപ്പിക്കുകയും കാര്യക്ഷമമായി ഉപയോഗിക്കുകയുമാണ് ചെയ്യേണ്ടത്. എന്നാല്‍ ഇന്ത്യയിലെ യുവജനതയ്ക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങളോ നൈപൂണ്യവികസനത്തിന് ആവശ്യമായ നടപടികളോ ഭരണാധികാരികള്‍ കൈക്കൊള്ളുന്നില്ല.
ലോക ജനസംഖ്യയുടെ ഗണ്യമായ പങ്ക് ഇന്ത്യയ്ക്കാണ്. 2019 ഓടുകൂടി ആഗോള ജനസംഖ്യയുടെ ഏകദേശം 18 ശതമാനം ഇന്ത്യാക്കാരായി മാറും. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞവരുടെ രാജ്യങ്ങളിലൊന്നായിട്ടാണ് ഇന്ത്യ ഇന്ന് അറിയപ്പെടുന്നത്. ശരാശരി ഇന്ത്യന്‍ ജനസംഖ്യയുടെ പ്രായം 29 വയസാണ്. ഈ ജനസംഖ്യാനേട്ടം പോലും പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ നമ്മുടെ ഭരണാധികാരികള്‍ തയാറാവുന്നില്ല. കൗമാരത്തില്‍ നിന്ന് യുവാക്കളിലേക്കുള്ള ജീവിതയാത്രയില്‍ യുവാക്കള്‍ തൊഴില്‍ തേടുന്നവരാണ്. ഒരു രാജ്യത്തിന്റെ ജനസംഖ്യയ്ക്ക് മതിയായതും ഉചിതവുമായ തൊഴില്‍ നല്‍കാനുള്ള ശേഷി അതിന്റെ സമ്പദ്‌വ്യവസ്ഥയുടെയും പരിസ്ഥിതി നയങ്ങളുടെയും ശക്തിയെയും സ്വഭാവത്തെയും ആശ്രയിച്ചിരിക്കുന്നു. എന്നാല്‍ ഇന്ത്യയിലെ ഇന്നത്തെ തൊഴില്‍ സാഹചര്യങ്ങള്‍ രാഷ്ട്രീയവും സാമൂഹ്യവുമായ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നവയാണ്.
ഇന്ത്യ ഇന്ന് അഭുമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് തൊഴിലില്ലായ്മയും നൈപുണ്യവികസനശേഷി കുറവും. നല്ല പരിശീലനം ലഭിച്ച വിദഗ്ധ തൊഴിലാളികളുടെ അഭാവം തൊഴില്‍ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇന്ത്യയില്‍ ഔപചാരിക നൈപുണ്യ പരിശീലനത്തിന് വിധേയരായത് വെറും 4.69 ശതമാനം തൊഴിലാളികള്‍ മാത്രമാണ്. എന്നാല്‍ യു കെ 68 ശതമാനം, ജര്‍മനി 75 ശതമാനം, യുഎസ്എ 52 ശതമാനം, ജപ്പാന്‍ 80 ശതമാനം, ദക്ഷിണകൊറിയ 96 ശതമാനം എന്നിങ്ങനെയാണ് ഔപചാരികമായി നൈപുണ്യപരിശീലനം ലഭിച്ചവരുടെ കണക്കുകള്‍. ഇന്ത്യയിലെ തൊഴില്‍ നൈപുണിയുടെ കുറവുമൂലം വിദ്യാസമ്പന്നരായ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ലഭിക്കുന്നില്ല. ആഗോളതലത്തില്‍ നിലവില്‍ തൊഴില്‍രഹിതരായ 73 ദശലക്ഷം യുവാക്കളെയും എല്ലാ വര്‍ഷവും തൊഴില്‍ വിപണിയിലേക്ക് വരുന്ന 40 ദശലക്ഷം പുതിയ യുവജനതയെയും ഉള്‍ക്കൊള്ളുന്നതിനുവേണ്ടി അടുത്ത ദശകത്തില്‍ 475 ദശലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്.
2030 ല്‍ നേടിയെടുക്കേണ്ട സുസ്ഥിര വികസന ലക്ഷ്യങ്ങളും മുന്നോട്ടുവയ്ക്കുന്നത് സമഗ്രവും സുസ്ഥിരവുമായ സാമ്പത്തിക വളര്‍ച്ച സൃഷ്ടിക്കുക, എല്ലാ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പൂര്‍ണമായും ഉല്‍പാദനപരമായ തൊഴില്‍ നേടുക, ലിംഗസമത്വം ഉറപ്പുവരുത്തി സാമൂഹിക പുരോഗതി ഉറപ്പുവരുത്തുക എന്നിവയാണ്. ഇതിനൊപ്പം സമഗ്രവും തുല്യവുമായ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക, എല്ലാവര്‍ക്കും ആജീവനാന്ത പഠന അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവുമായി ബന്ധപ്പെട്ട് സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. നൈപുണ്യവികസനത്തിന് മുന്‍ഗണന നല്‍കുകയും സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലനത്തിന് വേണ്ടി മാന്യമായ ജോലി, സംരംഭകത്വം എന്നിവയ്ക്കായി സാങ്കേതികവും തൊഴില്‍പരവുമായ കഴിവുകള്‍ നേടിയെടുക്കണം. ഇന്ത്യയിലെ യുവാക്കളുടെ നൈപുണ്യ വികസനം വെല്ലുവിളിയാണ്. ഈ വെല്ലുവിളികള്‍ക്ക് കാരണം പലതാണ്. ഇന്ത്യയിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, അസമത്വം, പട്ടിണി, ദാരിദ്ര്യം, ഇതിനൊപ്പം ഉയര്‍ന്ന വേതനം ലഭിക്കുന്നതും ഉയര്‍ന്ന നൈപുണ്യമുള്ളതുമായ ജോലികള്‍ ഇന്ത്യയിലെ വലിയ നഗരങ്ങളിലും മെട്രോപൊളിറ്റന്‍ സിറ്റികളിലുമാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നതുമാണ്.
വിവിധ പഠന റിപ്പോര്‍ട്ടുകള്‍ ലോകത്തിലെ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യയെ വിലയിരുത്തുന്നു. എങ്കിലും മാനവവിഭവ സൂചിക പ്രകാരം 189 രാജ്യങ്ങള്‍ക്കിടയില്‍ 130-ാം സ്ഥാനത്താണ് ഇന്ത്യ. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ പ്രസിദ്ധീകരിച്ച വേള്‍ഡ് എംപ്ലോയ്‌മെന്റ് ആന്റ് സോഷ്യല്‍ ഔട്ട്‌ലുക്ക് 2018 റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ തൊഴിലില്ലായ്മാ നിരക്ക് 3.5 ശതമാനമാണ്. 2019 ല്‍ എത്തുമ്പോഴേക്കും 18.9 ദശലക്ഷം ആളുകള്‍ തൊഴിലില്ലാത്തവരായി മാറുമെന്നും പ്രവചിക്കുന്നു. 2017–18 വര്‍ഷത്തെ അഖിലേന്ത്യാ ഉന്നത വിദ്യാഭ്യാസ സര്‍വേ പ്രകാരം 3.6 കോടിയിലധികം വിദ്യാര്‍ഥികള്‍ ബിരുദ‑ബിരുദാനന്തര കോഴ്‌സുകളില്‍ ചേര്‍ന്നിട്ടുണ്ട്. ഇതില്‍ 10 ശതമാനത്തിന് പോലും ഇന്ത്യയിലെ ഉന്നത സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ കഴിയുമെന്ന് ചിന്തിച്ചാലും ബാക്കിവരുന്ന കോടിക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് തുല്യ അവസരങ്ങളിലേക്ക് പ്രവേശിക്കാന്‍ സാധിക്കാതെ പോകുന്നു. ഇത് വ്യക്തമാക്കുന്നത് ഭാവിയിലെ തൊഴിലില്ലായ്മയുടെ ഭീകരചിത്രമാണ്. ആഗോള സമ്പദ്‌വ്യവസ്ഥയുടെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഇന്ത്യയിലെ അക്കാദമിക് ഉള്ളടക്കം പരിഷ്‌കാരങ്ങള്‍ക്ക് വിധേയമാകാത്തതിലൂടെ തൊഴിലും നൈപുണിയും തമ്മിലുള്ള വിടവ് വര്‍ധിച്ചുവരുന്നതായി കാണാം.
നൈപുണ്യവികസനത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് 2009 ല്‍ കേന്ദ്ര സര്‍ക്കാര്‍ ദേശീയ നൈപൂണ്യവികസന നയം രൂപീകരിച്ചു. ദേശീയ‑അന്തര്‍ദേശീയ തലങ്ങളില്‍ വരുന്ന തൊഴില്‍ മാറ്റങ്ങള്‍ കൂടി പരിഗണിച്ചാണ് ഈ നയം രൂപീകരിച്ചത്. തുടര്‍ന്ന് 2015 ല്‍ നൈപുണ്യ വികസനത്തിനും സംരംഭകത്വത്തിനുമുള്ള ദേശീയനയം രൂപീകരിച്ചു. വേഗത, ഗുണനിലവാരം, സുസ്ഥിരത എന്നീ മൂന്ന് അടിസ്ഥാന സൂചകങ്ങള്‍ പരിഗണിച്ച് നൈപുണ്യ വികസന വെല്ലുവിളികളെ നേരിടുക എന്നതാണ് ഈ നയത്തിന്റെ പ്രാഥമിക ലക്ഷ്യം. 2019 ല്‍ പ്രസിദ്ധീകരിച്ച ഇന്ത്യാ സ്‌കില്‍ റിപ്പോര്‍ട്ട് പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ബിരുദം നേടുന്ന 45.6 ശതമാനം യുവാക്കള്‍ തൊഴില്‍ ചെയ്യുന്നു. രണ്ടിലൊരു ബിരുദവിദ്യാര്‍ഥിക്ക് വേണ്ടി ഇന്ത്യയിലെവിടെയാണ് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചത്. ഈ റിപ്പോര്‍ട്ടിലെ കണക്കുകളില്‍ ചില പൊരുത്തക്കേടുകള്‍ പ്രകടമായി വീക്ഷിക്കാന്‍ സാധിക്കുന്നു. ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷനും വേള്‍ഡ് ഇക്കണോമിക് ഫോറവും അടുത്തിടെ നടത്തിയ സര്‍വേയില്‍ ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങളുണ്ട്. ഇന്ത്യയിലെ 70 ശതമാനത്തോളം യുവാക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ സ്‌കില്‍ ഇന്ത്യ എന്ന പദ്ധതിയെക്കുറിച്ചും സര്‍ക്കാരിന്റെ നൈപുണ്യ വികസന പദ്ധതികളെക്കുറിച്ചും യാതൊരു അറിവുമില്ല. എന്നാല്‍ ഇന്ത്യയിലെ 76 ശതമാനത്തോളം വ്യക്തികള്‍ക്ക് നൈപുണ്യവികസന പരിശീലനം നേടാന്‍ താല്‍പര്യമുണ്ട്. 2022 ഓടുകൂടി ഇന്ത്യയിലെ 40 കോടിയിലധികം ജനങ്ങളെ വിവിധ വൈദഗ്ധ്യം പരിശീലിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ സ്‌കില്‍ ഇന്ത്യ എന്ന സംരംഭം ആരംഭിച്ചത്. തുടര്‍ന്ന് പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജനപോലുള്ള വിവിധ പദ്ധതികളും ആരംഭിച്ചു. 2022 ലേക്ക് എത്തിച്ചേരാന്‍ വെറും രണ്ടരവര്‍ഷം ബാക്കി നില്‍ക്കുന്ന സമയത്താണ് രാജ്യത്തെ 70 ശതമാനത്തോളം യുവജനങ്ങള്‍ ഈ പദ്ധതികളെക്കുറിച്ച് അറിവില്ലാത്തവരായിട്ടുള്ളത്. ഇതില്‍ നിന്നുതന്നെ വ്യക്തമാകുന്നത് ഇന്ത്യയിലെ നൈപുണികവികസന പദ്ധതികള്‍ വിപരീത ദിശയിലാണ് സഞ്ചരിക്കുന്നതെന്നാണ്.
ഇന്ത്യയിലെ ജനസംഖ്യയുടെ 60 ശതമാനത്തിലധികം പേര്‍ തൊഴില്‍ ചെയ്യാന്‍ പ്രായത്തിലുള്ളവരാണ്. അത് നമ്മുടെ മുന്നിലുള്ള മികച്ച അവസരമാണ്. നൈപുണ്യനിലവാരവും വിദ്യാഭ്യാസവും തമ്മില്‍ ഉയര്‍ന്ന ബന്ധമാണുള്ളത്. ഉയര്‍ന്ന വിദ്യാഭ്യാസം ലഭിച്ച വ്യക്തിക്ക് നൈപുണ്യ നിലവാരം ഉയര്‍ന്നതാണെന്ന് വാദിക്കാം. സാങ്കേതികവിദ്യയുടെ യുഗത്തിലാണ് നാം ജീവിക്കുന്നത്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആഗോളവത്കരിക്കപ്പെട്ട ഇന്ത്യയിലെ തൊഴില്‍ശക്തിയുടെ ഭാവിയില്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, ഡാറ്റ വിശകലനം തുടങ്ങിയ കഴിവുകളുടെ പ്രാധാന്യത്തെ അവഗണിക്കാന്‍ കഴിയില്ല. ഈ പുതു സാങ്കേതിക വിദ്യകളിലേക്ക് ഭാവിതലമുറക്കാരായ കുട്ടികളെ പരിചയപ്പെടുത്താന്‍ മാതാപിതാക്കള്‍ ശരിയായ മാര്‍ഗം തിരഞ്ഞെടുക്കണം. പഠനം ഒരു ആജീവനാന്ത പ്രക്രിയയാണ്. മാതാപിതാക്കളും അധ്യാപകരും പരസ്പരം മനസിലാക്കുകയും കുട്ടികള്‍ക്ക് പഠനത്തിന് നൂതനരീതികള്‍ പിന്തുടര്‍ന്ന് നിരന്തരമായ പഠനത്തിനായുള്ള മനോഭാവം അവരില്‍ സ്വയം വളര്‍ത്തിയെടുക്കുകയും ചെയ്യണം.
ഇന്നത്തെ യുവതലമുറ ആഗോളതലത്തിലുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയാറാണ്. യുവജനതയുടെ ഊര്‍ജവും ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയിക്കാനുള്ള കഴിവുമാണ് നൈപുണികവികസനത്തിലും ഊന്നല്‍ നല്‍കേണ്ടത്. സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി നൈപുണികവികസനം ഉള്‍പ്പെടുത്തി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാകുമ്പോള്‍ അവരുടെ അഭിരുചിക്കനുസരിച്ച് പുതിയ തൊഴില്‍ മേഖലകള്‍ തിരഞ്ഞെടുക്കാന്‍ അവസരം നല്‍കണം. ഇന്ത്യയില്‍ മെഡിക്കല്‍, എന്‍ജീനീയറിംഗ് മാനേജ്‌മെന്റ് മേഖലകളില്‍ വിദഗ്ധരായ തൊഴിലാളികളുടെ കുറവുണ്ടെങ്കിലും ആയിരക്കണക്കിന് ബിരുദധാരികള്‍ തൊഴിലില്ലാത്തവരാണ്. കാലാനുസൃതമായി കോളജുകളും സര്‍വകലാശാലകളും അവരുടെ പാഠ്യപദ്ധതി പരിഷ്‌കരിക്കുകയും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ കൂടുതല്‍ ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ ഒരു പരിധിവരെ നൈപുണ്യവികസനം നേടാന്‍ സാധിക്കും. ഇതിനൊപ്പം സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍, മാതാപിതാക്കള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ ഇന്ത്യയിലെ യുവാക്കള്‍ ഇന്നനുഭവിക്കുന്ന രൂക്ഷമായ തൊഴിലില്ലായ്മയും നൈപുണ്യശേഷിക്കുറവും പരിഹരിക്കാന്‍ നൈപുണ്യപരിശീലനത്തിനും നൈപുണ്യ വികസനത്തിനും പ്രാധാന്യം നല്‍കുകയും അതിനൊപ്പം സര്‍ക്കാര്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്താല്‍ ഭാവി ഇന്ത്യ യുവജനങ്ങളുടെ യഥാര്‍ഥശക്തി തിരിച്ചറിയുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട.

(ലേഖകന്‍ കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവണ്‍മെന്റ് വനിതാ കോളജിലെ സാമ്പത്തിക ശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്)