24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 24, 2025
April 24, 2025
April 23, 2025
April 23, 2025
April 23, 2025
April 23, 2025
April 22, 2025
April 22, 2025
April 22, 2025

മഹാകുംഭമേളയില്‍ പങ്കെടുത്തവരില്‍ ത്വക്ക്, ശ്വാസകോശ രോഗങ്ങള്‍ വര്‍ധിക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
March 3, 2025 10:15 pm

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുത്തവരില്‍ ത്വക്ക്, ശ്വാസകോശ രോഗങ്ങള്‍ വര്‍ധിക്കുന്നതായി ഡോക്ടര്‍മാര്‍. കുംഭമേളയില്‍ നിന്നും തിരിച്ചെത്തിയവരില്‍ ഫംഗസ് അണുബാധ, ചര്‍മ്മ രോഗങ്ങള്‍, വയറിളക്കം, ന്യൂമോണിയ, ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഞ്ച് ഡോക്ടര്‍മാരാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 

ചികിത്സയ്ക്ക് വിധേയരാകുന്നവരില്‍ നേരിയ ചര്‍മ്മരോഗം മുതല്‍ കഠിനമായ ശ്വാസകോശ പ്രശ്നങ്ങള്‍ ഉള്ളവര്‍ വരെയുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. പലര്‍ക്കും രോഗം ഭേദമാകാന്‍ നീണ്ട കാലയളവ് വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. മഹാകുഭമേളയില്‍ പങ്കെടുത്ത നിരവധിപേര്‍ കാലിലും അരക്കെട്ടിലും ഫംഗസ് ബാധയുമായി തന്റെ പക്കല്‍ ചികിത്സ തേടിയതായി ഗ്രേറ്റര്‍ നോയിഡയിലെ ത്വക്ക് രോഗ വിദഗ്ധന്‍ ഡോ. സഞ്ജീവ് ഗുലാത്തി പറഞ്ഞു. ചില രോഗികളില്‍ ചര്‍മ്മത്തില്‍ ചുവന്ന തിണര്‍പ്പുകളുണ്ടായിരുന്നതായും ഫെബ്രുവരി മുതല്‍ ചികിത്സയ്ക്കെത്തിയവരില്‍ സൂര്യാഘാതം മൂലം പൊള്ളലേറ്റവര്‍ ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. ഇത്തരം രോഗങ്ങളുമായെത്തിയ 20ഓളം പേര്‍ക്കാണ് സഞ്ജീവ് ഗുലാത്തി ചികിത്സ നല്‍കിയത്. അതില്‍ ഒരു രോഗിക്ക് കടുത്ത ഫംഗസ് ബാധയും അരയ്ക്കും വയറിനും വട്ടച്ചൊറിയും ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. 

നേരത്തെ മഹാകുംഭമേള നടക്കുന്ന ഗംഗാനദിയില്‍ മനുഷ്യ വിസര്‍ജ്യത്തില്‍ കാണുന്ന കോളിഫോം ബാക്ടീരിയയുടെ അളവ് വന്‍ തോതില്‍ വര്‍ധിച്ചതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയിരുന്നു. 100 മില്ലി ലിറ്റര്‍ ജലത്തില്‍ 2500 യൂണിറ്റ് മാത്രമാണ് കോളിഫോം ബാക്ടീരിയയുടെ അനുവദനീയമായ അളവ്. എന്നാല്‍ ഇതിന്റെ പതിന്മടങ്ങാണ് ഗംഗാ ജലത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. അതേസമയം ഗംഗാജലം സുരക്ഷിതമായിരുന്നെന്നായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വാദം. കുംഭമേളയോടനുബന്ധിച്ച് ഏകദേശം 55 കോടി തീര്‍ത്ഥാടകര്‍ ഗംഗാനദിയില്‍ സ്നാനം ചെയ്തുവെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതില്‍ ഭൂരിഭാഗം പേരും നിലവില്‍ രോഗികളാണ്. 

മഹാകുംഭമേളയില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് ചികിത്സ നല്‍കിയതായി ഹൈദരാബാദ് ജിവികെ ഹെല്‍ത്ത് സെന്ററിലെ ഡോ. ശിവപ്രസാദ് സുറിനേനി പറഞ്ഞു. വയറിളക്കം, ചര്‍ദ്ദി തുടങ്ങിയ പ്രശ്നങ്ങളുമായാണ് ഭൂരിഭാഗം പേരും ചികിത്സയ്ക്കെത്തിയത്. രോഗികളില്‍ ഒരാള്‍ക്ക് കടുത്ത ന്യുമോണിയ കണ്ടെത്തിയതായും അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണെന്നും സുറിനേനി പറഞ്ഞു. മുഖം, കഴുത്ത്, പുറം തുടങ്ങിയ ശരീര ഭാഗങ്ങളില്‍ ചൊറിച്ചിലുമായി നിരവധി രോഗികളാണ് നോയിഡയിലെ ഡോക്ടറായാ അതിഥി മാധ്‌വയെ സമീപിച്ചത്. ഇതില്‍ പലര്‍ക്കും സൂര്യതാപം മൂലമുള്ള അലര്‍ജികളുണ്ടായിരുന്നു. ഇത്തരം രോഗികള്‍ക്ക് ആറ് മുതല്‍ എട്ട് ആഴ്ചവരെ ചികിത്സ ആവശ്യമാണ്. ഗംഗാനദിയില്‍ രാവിലെ സ്നാനം ചെയ്തവരാണ് ന്യുമോണിയ പിടിപ്പെട്ടവരില്‍ ഭൂരിഭാഗവും. പ്രസാദം കഴിച്ചവരില്‍ ദഹനസംബന്ധമായ പ്രശ്നങ്ങളും കണ്ടെത്തിയിട്ടുണ്ടെന്ന് ഗോരഖ്പൂരില്‍ നിന്നുള്ള ഡോ. ശ്രയ് ശ്രീവാസ്തവ് പറഞ്ഞു. 

കുംഭമേളയുടെ അവസാന ദിവസങ്ങളില്‍ ഗംഗാജലം അങ്ങേയറ്റം മലിനമായിരുന്നതായും അതില്‍ കുളിച്ച അഞ്ചോളം പേര്‍ തന്റെ അടുക്കല്‍ ചികിത്സ തേടിയതായും കാണ്‍പൂരില്‍ നിന്നുള്ള ഡോ. പ്രസൂണ്‍ സച്ചെന്‍ പറഞ്ഞു. കാര്യമായ സുരക്ഷാനടപടികളൊന്നും സ്വീകരിക്കാതെയാണ് ആദിത്യനാഥ് സര്‍ക്കാര്‍ കുംഭമേള നടത്തിയതെന്ന ആരോപണത്തിന് ആക്കം കൂട്ടുന്നതാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.